Article

വയനാടൊരു വലിയ പാഠം

Published by

മുണ്ടക്കൈയിലും ചൂരല്‍ മലയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍ മലയാളി സ്വാതന്ത്ര്യാനന്തര ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ തീരാവേദനയാണ്. എല്ലാം നഷ്ടപ്പെട്ടു മൃതപ്രായരായവരുടെ മനസ്സുകളില്‍ ഇരുട്ടുമാത്രമാണുള്ളത്. അനാഥരാക്കപ്പെട്ടവരുടേയും അംഗഭംഗം വന്ന് പകുതി ജീവനോടെ വിങ്ങിപ്പൊട്ടുന്നവരുടേയും ദുര്‍ഗ്ഗതി കണ്ട് പ്രകൃതി ഇനിവേണ്ട പ്രതികാരം എന്ന് ആത്മഗതം ചെയ്യുമ്പോഴും, എനിക്ക് മതിയായില്ല എന്ന് പ്രകൃതി കയര്‍ത്ത് തുള്ളുകയാണെന്ന് തോന്നിപ്പോകുന്നു.

അത്രമാത്രം നാം അവളെ ദേഹോപദ്രവം ഏല്പിച്ചു! പ്രകൃതിയോടു ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ ചൂഷണ പരമ്പരകള്‍ എത്ര അടി തിരിച്ചുകിട്ടിയാലും മസ്സിലാക്കാനും അവസാനിപ്പിക്കാനുമുള്ള വിവേകം നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു! പശ്ചിമഘട്ടത്തിന്റെ നാശം നമ്മുടെ നാശമാണെന്നും അതിലോല പ്രദേശമാണതെന്നും അവിടെ ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും പാടില്ലായെന്നും നാം മറന്നു!

ഒമ്പതു കോടി വര്‍ഷങ്ങള്‍ പഴക്കമുണ്ട് പശ്ചിമഘട്ടത്തിന്. മൂവ്വായിരം വര്‍ഷങ്ങളേ ആയുള്ളു മനുഷ്യന്റെ പാദങ്ങള്‍ അവിടെ സ്പര്‍ശിച്ചിട്ട്. 300 വര്‍ഷങ്ങളായി ആക്രമണം തുടങ്ങിയിട്ട്. മുപ്പതു വര്‍ഷങ്ങളായി മുച്ചൂടും മുടിച്ചു തുടങ്ങിയിട്ട്. നമുക്ക് ശുദ്ധവായുവും ശുദ്ധജലവും തരുന്നത് പശ്ചിമഘട്ടമാണ്. എല്ലാ നദികളും അവിടെനിന്ന് ഉത്ഭവിക്കുന്നു. ലോകത്തെങ്ങും കാണാത്ത ഔഷധസസ്യങ്ങള്‍ മുതല്‍ ജന്തുജീവി വര്‍ഗ്ഗങ്ങള്‍ വരെ അവിടെയുണ്ട്. ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ജൈവ വൈവിധ്യ മേഖലയാണത്. പക്ഷെ ഇതൊന്നും നമുക്കൊരു പ്രശ്‌നമല്ല. നമുക്കതു പൊന്‍മുട്ടയിടുന്ന താറാവാണ്! കൊല്ലുക തന്നെ, എന്നിട്ട് സ്വയം ചാവുകതന്നെ!

പരിശുദ്ധിയോടെ ഭൂമിയെ തൊട്ടുതൊഴുതിട്ടുവേണം ഈ അതിപരിസ്ഥിതിലോല മേഖലയില്‍ പ്രവേശിക്കാന്‍! അവിടെയാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുന്നിടിക്കുന്നതും വെടിമരുന്നിട്ട് പാറ പൊട്ടിക്കുന്നതും. മനുഷ്യാ, നീ ബുദ്ധിമാനാണെന്നു കരുതിയെങ്കില്‍ തെറ്റി, നീ മണ്ടനാണ്!ഇരിക്കുന്ന കൊമ്പു മുറിക്കുന്ന ഭൂലോക മണ്ടന്‍!

76 പേരുടെ മരണത്തിനിടയാക്കിയ പുത്തുമലയും കവളപ്പാറയും ഇന്നും നടുക്കുന്ന ഓര്‍മകളില്‍ നിന്ന് പെയ്‌തൊഴിഞ്ഞിട്ടില്ല. 2019 ഓഗസ്റ്റ് 8 ന് വൈകിട്ട് പെയ്ത മഴ വയനാട് പുത്തുമലയില്‍ 17 ജീവനുകള്‍ എടുത്തപ്പോള്‍ അതേ ദിവസം തന്നെ മലപ്പുറത്തെ കവളപ്പാറയില്‍ നഷ്ടമായത് 59 പേരുടെ ജീവനുകള്‍. ഈ ദുരന്തത്തിന് അഞ്ച് വര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് പുത്തുമലയോട് ചേര്‍ന്നുള്ള പ്രദേശമായ ചൂരല്‍മലയില്‍ ഇപ്പോള്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്!
എല്ലാം പരിസ്ഥിതി ലോലപ്രദേശങ്ങളാണ്. തടിവിലയിട്ട് വൃക്ഷത്തിന്റെ മൂല്യം കണക്കാക്കുന്ന കഴുകന്‍ കണ്ണുകള്‍ക്ക് എന്തു പ്രകൃതി!എന്തു പരിസ്ഥിതി!എന്തു പരിസ്ഥിതിലോലം!

പുത്തുമലയില്‍ 2019 ആഗസ്റ്റ് എട്ടിനുണ്ടായത് ഉരുള്‍പൊട്ടലല്ല. ഭൂമി തെന്നിമാറിയതാണ് എന്നു പറയപ്പെടുന്നു.! 30 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന മരംമുറിക്ക് ശേഷം ഭൂമിക്കടിയിലേക്ക് നീണ്ടുകിടന്നിരുന്ന വേരുകള്‍ ചിതല്‍പിടിച്ചു ദ്രവിച്ച് ടണല്‍പോലെ കിടന്നിരുന്നു. അതിലേക്ക് ശക്തമായ മഴപെയ്ത് വെള്ളം നിറഞ്ഞു വലിയ സമ്മര്‍ദ്ദത്താല്‍ ഭൂമി തകര്‍ന്നുടഞ്ഞ് തെന്നിമാറുകയാണുണ്ടായത്!
മേപ്പാടി മേഖലയിലെ ഉരുള്‍പൊട്ടല്‍ സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് മാധവ് ഗാഡ്ഗില്‍ പറയുന്നു.

ഇപ്പോളുണ്ടായത് മനുഷ്യ നിര്‍മിത ദുരന്തമാണെന്ന് അദ്ദേഹം ഉറപ്പിക്കുന്നു. തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കിടയിലും ഇത്തരം ദുരന്തങ്ങള്‍ തടയാന്‍ രൂപകല്‍പ്പന ചെയ്ത സമിതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് സംസ്ഥാന സര്‍ക്കാരിനെ ഗാഡ്ഗില്‍ വിമര്‍ശിച്ചു. പാനല്‍ റിപ്പോര്‍ട്ടില്‍ പാരിസ്ഥിതിക സംവേദനക്ഷമതയുടെ അടിസ്ഥാനത്തില്‍ മൂന്ന് തലങ്ങളായി ഈ പ്രദേശത്തെ തരംതിരിച്ചിട്ടുണ്ട്. ഇപ്പോള്‍ ദുരന്തം ബാധിച്ച പ്രദേശങ്ങള്‍ അതീവ ലോല മേഖലയായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി. അതീവലോല മേഖലയായ ഈ പ്രദേശങ്ങളില്‍ ഒരു വികസനപ്രവര്‍ത്തനങ്ങളും നടക്കാന്‍ പാടില്ലായിരുന്നു.

എത്ര കറന്നാലും അകിടു വറ്റാത്തൊരു കാമധേനുവാണീ ഭൂമിയെന്ന് കാളിദാസന്‍ പറഞ്ഞിട്ടുണ്ട്.സമയവും സാഹചര്യവും നോക്കാതെ പരമാവധി ശക്തിയില്‍ കറന്നുകറന്ന് ഇപ്പോള്‍ അകിടില്‍ നിന്നു ചോരയാണു വരുന്നത്! ഇത്രയേറെ ഒരു വിവേചനവുമില്ലാതെ ഒരു മനസ്സാക്ഷിയുമില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന, നിരോധിത മേഖലകളില്‍ നിര്‍മിതികള്‍ നടക്കുന്ന, അതിന് സ്വധീനവലയങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഭരണസംവിധാനങ്ങള്‍ അനുമതി നല്കുന്ന ഒരു കാലഘട്ടവും ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.ലോകത്താകെ 2016 വരെയുണ്ടായിട്ടുള്ള 3382 പ്രകൃതിദുരന്തങ്ങളില്‍ 2239 ഉം നടന്നിട്ടുള്ളതു കേരളത്തിലാണ് എന്നു പറയുമ്പോള്‍ അത് മേല്‍പറഞ്ഞ സത്യത്തിന് അടിവരയിട്ട് സാധൂകരണം നല്കുന്നു.
അതിവിദൂരമായ അനന്ത ഭൂതകാലത്ത് (മഹാ വിസ്‌ഫോടനമെന്ന വിവക്ഷക്കു ശേഷമോ മറ്റോ ആകട്ടെ) ഭൂമിയുടെ ഭിന്നഭിന്നങ്ങളായ ഭൗതികസാഹചര്യങ്ങളെല്ലാം ഘന ദ്രവ രൂപത്തിലും അല്ലാതേയും രൂപമാറ്റങ്ങള്‍ സംഭവിച്ച് ഒന്നിച്ചു ചേര്‍ന്ന് ഒരു അലൈന്‍മെന്റില്‍ എത്തിയിരുന്നു. ആ സാഹചര്യങ്ങള്‍ക്കിണങ്ങിയും മത്സരിച്ചും കോടിക്കണക്കിന് ആവാസവ്യവസ്ഥകളും രൂപപ്പെട്ട് ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തി പോന്നിരുന്നു. പിന്നീടു ആ സന്തുലിതാവസ്ഥയോട് നീതിപുലര്‍ത്താതെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്കിത്തുടങ്ങിയ വൈചിത്ര്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി! അതേതുടര്‍ന്ന് കാലങ്ങളെടുത്ത് ഇന്നത്തെ നീതീകരിക്കാനാകാത്ത നിലയിലേക്ക് ഏത്തിച്ചേര്‍ന്നു.

കാടുകളും മേടുകളും തോടുകളും കുഴികളും കുന്നുകളും കുളങ്ങളും പര്‍വ്വതങ്ങളും പാറകളും പാടങ്ങളും എല്ലാം ഭൂമിയുടെ അലൈമെന്റില്‍ അണിചേര്‍ന്നു സ്ഥിരത നിലനിര്‍ത്തുന്ന സന്തുലിതാവസ്ഥ സംജാതമാക്കി. പതുക്കെ പതുക്കെ വികസനമെന്ന ഓമനപ്പേരിട്ട് വനങ്ങളും കുന്നുകളും സ്വന്തക്കാര്‍ക്കും ബന്ധുക്കാര്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കും വീതിച്ചു കൊടുത്ത് എന്തനീതിയും ചെയ്യാനുള്ള ലൈസന്‍സുകളും നല്കി കാലാകാലം വന്ന ഭരണസംവിധാനങ്ങള്‍. ക്രമേണ പ്രകൃതിയെ, പരിസ്ഥിതിയെ, ജൈവവൈവിധ്യങ്ങളെ ചൂഷണം ചെയ്യാനുള്ള തീര്‍ത്തും സ്വാര്‍ത്ഥപൂരിതമായ പുതിയ നിര്‍വ്വചനങ്ങള്‍ ചമക്കപ്പെട്ടു. ക്രമേണയുള്ള നാശവും ഭൂമിയുടെ ഇന്നത്തെ നിരാശാജനകമായ ഭയപ്പെടുത്തുന്ന അവസ്ഥയും രുപപ്പെട്ടു.

പ്രകൃതി അമ്മയാണ്, ഗുരുവാണ്, ഈശ്വരനാണ് എന്ന് പഠിച്ചിട്ടുള്ളവരാണ് നമ്മള്‍. ആരാധനയോടെ മാത്രം കാണേണ്ടവയാണ് പുഴയും മലയും കാടും കായലും സമുദ്രവും പര്‍വ്വതവും മരങ്ങളും സര്‍വ്വ ചരാചരങ്ങളും.
നമ്മുടെ പൂര്‍വികര്‍ കല്ലിനെ പൂജിച്ചു
അവര്‍ മലയെ തൊഴുതു
അവര്‍ മരത്തിന് ചുറ്റും
കൈകൂപ്പി വലം വെച്ചു
അവര്‍ നദിയെ ദേവിയായി
ആരാധിച്ചു
അവര്‍ കാവ് സംരക്ഷിച്ചു
അവര്‍ ഭൂമിയെ എല്ലാവരുടേയും
മാതാവായി കണ്ടു പൂജിച്ചു
അവര്‍ പ്രകൃതിയെ
ആരാധിച്ചു ബഹുമാനിച്ചു
അവര്‍ പാമ്പിനെ പൂജിക്കുന്നവര്‍ എന്ന് പരിഹസിക്കപ്പെട്ടു
അവര്‍ മൃഗങ്ങളെ ആരാധിക്കുന്നവര്‍ എന്ന് അപഹസിക്കപ്പെട്ടു അവര്‍ പ്രാകൃതരായി…

എന്തുകൊണ്ടാണ് പൂര്‍വികര്‍ പ്രകൃതിയോട് ചേര്‍ന്ന് നിന്നത് എന്ന് നിനക്ക് മനസിലായോ മനുഷ്യാ?
നമ്മുടെ സംസ്‌കാരവും വിശ്വാസവും പ്രകൃതിയോട് ചേര്‍ത്തുവച്ചത് നമ്മുടെ നിലനില്‍പിന് വേണ്ടിയായിരുന്നു.
ആര്‍ത്തിയോടെ നീ പുഴ കയ്യേറി, കുന്നിടിച്ച് നിരത്തി, വനം വെട്ടി നശിപ്പിച്ചു, വയല്‍ നികത്തി, കായല്‍ കൈയേറി.
പശ്ചിമഘട്ടം എന്ന നമ്മുടെ സംരക്ഷണ വലയം ഭേദിച്ചു നശിപ്പിച്ചു. ഇതിനെല്ലാം കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വം വോട്ട് ബാങ്ക് രാഷ്‌ട്രീയത്തെ ഭയന്ന് കുട പിടിച്ചു. അന്ന് മാധവ് ഗാഡ്ഗിലിനെ കല്ലെറിയാന്‍ കല്ല് തിരഞ്ഞവര്‍ ഇന്ന് കണ്‍ട്രോള്‍ റൂമിലെ നമ്പറുകള്‍ തിരയുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകഭൗമ ഉച്ചകോടിയില്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞതുപോലെ, ”ഇരുപത്തി ഒന്നാം നൂറ്റാണ്ടാകുമ്പോള്‍ ഒന്നുകില്‍ ദുര പൂണ്ട മനുഷ്യര്‍ പ്രകൃതിയെ കൊല്ലും, ഇല്ലെങ്കില്‍ പ്രകൃതി മനുഷ്യരെ കൊല്ലും”.

ഇപ്പോഴുണ്ടായ ഈ പ്രകൃതി ദുരന്തങ്ങളെല്ലാം പതിനായിരമോ ലക്ഷമോ ഇരട്ടി ഭയാനകമായ വലിപ്പത്തിലുള്ള, സംഭവിക്കാനേറെ സാധ്യതയുള്ള ഒരു മഹാദുരന്തത്തപ്പറ്റി മുന്നറിയിപ്പു നല്‍കുകകൂടിചെയ്യുകയാണ്. മുല്ലപ്പെരിയാറിനെ കുറിച്ച്. 1895 ല്‍ മുല്ലപ്പെരിയാര്‍ നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനീയര്‍ പെന്നികുക്ക് അണക്കെട്ടിന് 50 വര്‍ഷമാണ് ആയുസ് നിശ്ചയിച്ചത്. 1945 ല്‍ 50 വര്‍ഷം പൂര്‍ത്തിയായി. പണിത എന്‍ജിനീയര്‍ നിശ്ചയിച്ച കാലാവധി അവസാനിച്ചിട്ട് 80 വര്‍ഷം കഴിഞ്ഞിട്ടും ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. വെറും സുര്‍ക്കിയും കരിങ്കല്ലും കൊണ്ട് പണിതുയര്‍ത്തിയ ഒരു അണക്കെട്ടാണിത്. ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതും. റിക്ച്ചര്‍ സ്‌കെയിലില്‍ 4 രേഖപ്പെടുത്തുന്ന ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ ഈ അണക്കെട്ടിന് കഴിയില്ലത്രേ. ലോകത്തിലെ ഏറ്റവും വിദഗ്ധരായ ഡാം എന്‍ജിനീയര്‍മാരെക്കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധിപ്പിച്ചാല്‍ ഈ ഡാം പൊളിച്ചുകളയാതെ അവരവിടെ നിന്ന് പോകില്ലത്രേ! എന്തേ നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണ സംവിധാനങ്ങള്‍ മൗനം നടിക്കുന്നു!

130 വര്‍ഷം പഴക്കമുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലുള്ള കാലാവധി തീര്‍ന്നിട്ട് എട്ടു ദശകങ്ങള്‍ കഴിഞ്ഞ ഒരു നിര്‍മിതിയെക്കുറിച്ച് ഭരണാധികാരികള്‍ എന്തേ മൗനം ഭജിക്കുന്നു

ഇപ്പോഴുണ്ടായ മഹാദുരന്തത്തില്‍ എത്ര ജീവന്‍ നഷ്ടപ്പെട്ടു. എത്ര വീടുകള്‍ അപ്രത്യക്ഷമായി. എത്ര പേരെ കാണാതായി. എത്ര പേര്‍ പകുതി ജീവനോടെ അംഗഭംഗം വന്ന് പ്രാണ വേദനയില്‍ നിലവിളിക്കുന്നു. എത്ര മിണ്ടാപ്രാണികള്‍ ചെളിയില്‍ പുതഞ്ഞ് അര്‍ദ്ധപ്രാണനോടെ ആഞ്ഞു ശ്വാസം വലിച്ചു പിടയുന്നു. സകല ജീവജാലങ്ങള്‍ക്കും നിലനില്പിന് ഏകാശ്രയമായ ഈ പ്രകൃതിയെ ആക്രമിക്കുന്നതു പ്രതിരോധിക്കാന്‍ നമുക്കും നമ്മുടെ ഭരണ സംവിധാനങ്ങള്‍ക്കും കഴിയണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by