ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ദല്‍ഹി സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് സുപ്രീംകോടതി. ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ തെരഞ്ഞെടുക്കപ്പെട്ട 250 അംഗങ്ങളും നാമനിര്‍ദേശം ചെയ്യപ്പെടുന്ന 10 അംഗങ്ങളുമാണുള്ളത്. ഇതിലേക്ക് പത്തുപേരെ ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന നാമനിര്‍ദേശം ചെയ്തിരുന്നു. ഇതിനെതിരെ സംസ്ഥാനം ഭരിക്കുന്ന ആപ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് കോടതി ലഫ്. ഗവര്‍ണര്‍ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്. ആപ് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി.
ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി ശരിവച്ച സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ സഹായമോ ഉപദേശമോ ഇല്ലാതെതന്നെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് അംഗങ്ങളെ നിയമിക്കാമെന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് ആക്ട് നിയമപരമായ അധികാരമാണ്. ഒരു എക്സിക്യൂട്ടീവ് അധികാരമല്ല. അതിനാല്‍ ലഫ്. ഗവര്‍ണര്‍ ദല്‍ഹി സര്‍ക്കാരിന്റെ സഹായവും ഉപദേശവും അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: