ന്യൂദല്‍ഹി: ഓള്‍ഡ് രാജേന്ദ്ര നഗറിലെ സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിലെ ലൈബ്രറിയില്‍ മലിനജലം കയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ കേന്ദ്രത്തിനും ദല്‍ഹി സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസയച്ചു. കോച്ചിങ് സെന്ററുകള്‍ക്ക് എന്തെല്ലാം നിയമങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.
കോച്ചിങ് സെന്ററുകളെ നിയന്ത്രിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശിച്ചു. കോച്ചിങ് സെന്ററുകളെ മരണ അറകള്‍ എന്ന് വിശേഷിപ്പിച്ച കോടതി, ഇത്തരം സ്ഥാപനങ്ങള്‍ കുട്ടികളുടെ ജീവന് വച്ച് കളിക്കുകയാണ്. നൂറോളം കോച്ചിങ് സെന്ററുകളാണ് ദല്‍ഹിയില്‍ മാത്രമുള്ളത്. ഐഎഎസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിന് വിദ്യാര്‍ത്ഥികളില്‍നിന്ന് അമിത ഫീസ് ഈടാക്കുന്ന ഇവര്‍ മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.
അതിനിടെ, ദുരന്തത്തിന് പിന്നാലെ അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള ദല്‍ഹി സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍, കോച്ചിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഫെഡറഷന് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി.
ദുരന്തത്തെ തുടര്‍ന്ന് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ഓള്‍ഡ് രാജേന്ദ്രനഗറിലെ 13 പരീക്ഷാപരിശീലന കേന്ദ്രങ്ങള്‍ പൂട്ടി. വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിയേയും രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: