വയനാട് : ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്തവരുടെ സംസ്‌കാരം പുത്തുമലയില്‍ പുരോഗമിക്കുന്നു.200 കുഴിമാടങ്ങളാണ് തയാറാക്കിയത്. 27 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളുമാണ് ഇന്ന് സംസ്‌കരിക്കുന്നത്
വിവിധ ഘട്ടങ്ങളിലായി ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ പുത്തുമലയിലേക്ക് എത്തിച്ചാണ് സംസ്‌കാരം നടത്തുന്നത്. സര്‍വമത പ്രാര്‍ത്ഥനയോടെയാണ് സംസ്‌കാര ചടങ്ങുകള്‍.ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാര്‍ത്ഥനകളും അന്ത്യോപചാരവും നല്‍കിയാണ് ഓരോന്നും അടക്കം ചെയ്യുന്നത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ സന്നദ്ധപ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളില്‍ 8 എണ്ണം ഇന്നലെ സംസ്‌കരിച്ചു. ശേഷിച്ച മൃതദേഹങ്ങളുടെ സംസ്‌കാരമാണ് ഇന്ന് നടന്നത്.
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ച് 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമടക്കം കണ്ടെടുത്തവയില്‍ 180 എണ്ണം ശരീരഭാഗങ്ങളാണ്.
അതേസമയം, തിങ്കളാഴ്ചത്തെ തെരച്ചലില്‍ ചൂരല്‍മല വില്ലേജ് റോഡില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇന്നലെ ചാലിയാര്‍ പുഴയില്‍ തെരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹം ഹെലികോപ്ടറില്‍ മേപ്പാടിയിലെത്തിച്ചു.
ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്ന് സൈന്യം അറിയിച്ചു.ഉരുള്‍ പൊട്ടലില്‍ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: