കണ്ണൂര്‍: കണ്ണൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ കോടതി സമുച്ഛയനിര്മ്മാണം ഇടത് സര്‍ക്കാരിന്റെ പദ്ധതിയാക്കാന്‍ ഫ്ലക്സ് പ്രചാരണം.
24.55 കോടി രൂപ ചെലവിട്ടാണ് കണ്ണൂരില്‍ പുതിയ കോടതിസമുച്ഛയ നിര്‍മ്മാണം നടക്കുന്നത്. ഇതില്‍ 60 ശതമാനവും കേന്ദ്രസര്‍ക്കാരാണ് ചെലവഴിക്കുന്നത്. ഇത് പൂര്‍ണ്ണമായും മറച്ചുവെച്ചാണ് പദ്ധതിയുടെ പിതൃത്വം അവകാശപ്പെട്ട് മുഖ്യമന്ത്രിയുടെയും കെ.വി. സുമേഷ് എംഎല്‍എയുടെയും മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെയും ഫോട്ടോ വെച്ച് തുക അനുവദിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യങ്ങളര്‍പ്പിച്ച് ബോര്‍ഡുയര്‍ത്തിയത്.
പദ്ധതി വിഹിതത്തിന്റെ 60 ശതമാനവും കേന്ദ്രഫണ്ടാണെന്ന് പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ നല്കിയ വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. കണ്ണൂരിലെ മുതിര്‍ന്ന് അഭിഭാഷകനും അഭിഭാഷക പരിഷത്ത് കണ്ണൂര്‍ യൂനിറ്റ് സെക്രട്ടറിയുമായ എം.ആര്. ഹരീഷ് സമൂഹമാധ്യമത്തിലൂടെ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടതോടെയാണ് വിഷയം പൊതു സമൂഹത്തിന് മുന്നിലെത്തിയത്. അഡ്വക്കറ്റ് കെ. ജോജുവാണ് വിവരാവകാശനിയമപ്രകാരം വിശദാംശങ്ങള്‍ പുറത്ത് കൊണ്ടുവന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ തങ്ങളുടെ പേര് വെച്ച് ഫ്ലക്സ് പ്രദര്‍ശിപ്പിച്ച് കയ്യടിനേടാനുള്ള ഇടത് അനുകൂലികളുടെ ശ്രമമാണ് ഇതോടെ പൊളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: