Kerala

അര്‍ജുനായുള്ള തെരച്ചില്‍ തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി

ദൗത്യം അവസാനിപ്പിച്ച് ആറു ദിവസത്തിന് ശേഷവും ദൗത്യം പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല

Published by

ബംഗളുരു : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ തുടരാന്‍ ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി.ദൗത്യം നിര്‍ത്തി വയ്‌ക്കാനാകില്ലെന്നും തുടരണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.ചുവപ്പ് ജാഗ്രത മൂലം ദൗത്യം 5 ദിവസം നിര്‍ത്തി വച്ചതാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

ഹര്‍ജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നേരത്തെ ഷിരൂര്‍ സംഭവം വളരെ ഗൗരവമുളളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ദൗത്യം ഗൗരവതരമായി കാണണമെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.

കര്‍ണാടക സര്‍ക്കാരിനോട് ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ നിലവിലെ തല്‍സ്ഥിതി ഉള്‍പ്പെടെ വിശദീകരിച്ച് കര്‍ണാടക സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

അര്‍ജുനായുള്ള തിരച്ചില്‍ 14-ാം ദിവസം താത്കാലികമായി അവസാനിപ്പിക്കുകയുണ്ടായി.കാലാവസ്ഥ അനുകൂലമായാല്‍ ദൗത്യം പുനഃരാരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. ദൗത്യം അവസാനിപ്പിച്ച് ആറു ദിവസത്തിന് ശേഷവും ദൗത്യം പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. ഇതിനിടെയാണ് കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by