ചൂരല്‍മല: ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശമായ ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്ര ടൂറിസം വകുപ്പു സഹമന്ത്രി സുരേഷ്ഗോപി സന്ദര്‍ശിച്ചു. സംഭവത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കവേ, നിയമസാധ്യതകള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ 9 മണിയോടെ വയനാട്ടില്‍ എത്തിയ സുരേഷ്ഗോപി മന്ത്രി റിയാസുമായി കൂടിക്കാഴ്ച്ച നടത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. പിന്നീട് ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും ദുരന്തബാധിത മേഖല സന്ദര്‍ശിച്ചു. മനുഷ്യ മനസിനെ തകര്‍ക്കുന്ന കാഴ്ച്ചയാണ് ചൂരല്‍മലയിലേതെന്നും ദുരന്തം നേരിട്ടറിഞ്ഞ ഇരകളുടെ മാനസിക പുനരധിവാസമാണ് ആദ്യത്തെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും ഇനിയും നല്‍കും. ഇതുവരെ ദുരന്തബാധിതരുടെ കണക്കുകള്‍ വ്യക്തമായിട്ടില്ല. ഐഎസ്ആര്‍ഒ ചെയര്‍മാനോട് സംസാരിച്ച് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ പഠിക്കാന്‍ ആവശ്യപ്പെടും. ദുരിതബാധിതര്‍ക്ക് നമ്മള് കരുതലും സ്നേഹവുമാണ് ഇപ്പോള്‍ നല്‍കേണ്ടത്. രാഷ്ട്രീയം സംസാരിക്കണ്ട സമയമല്ലിത്. മുന്നറിയിപ്പ് നല്‍കിയില്ല എന്നതിനെ സംബന്ധിച്ചുയരുന്ന വിവാദങ്ങള്‍ക്ക് അമിത് ഷാ പാര്‍ലമെന്റില്‍ മറുപടി പറഞ്ഞു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സ്വന്തം കാര്യസാധ്യത്തിനായി സംസാരിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനിക ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് അടുത്ത നടപടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും സൈന്യത്തേയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്ന് വിംസ് ആശുപത്രിയിലെ ജനറല്‍ വാര്‍ഡും അസ്ഥിരോഗ വാര്‍ഡും സന്ദര്‍ശിച്ച മന്ത്രി പരിക്കേറ്റ് ചികിത്സയിലുള്ളവരെ ആശ്വസിപ്പിക്കുകയും അവരുടെ ആരോഗ്യസ്ഥിതി ഡോക്ടര്‍മാരോട് ചോദിച്ചറിയുകയും ചെയ്തു.
മന്ത്രിയെ കണ്ട് കണ്ണീരോടെ തങ്ങളുടെ അവസ്ഥ അറിയിച്ച എല്ലാവരോടും കൂടെയുണ്ടെന്നും എന്നും ചേര്‍ത്ത് പിടിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി. മേപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന സേവാഭാരതി ചിതാഗ്നി സന്ദര്‍ശിച്ച അദ്ദേഹം മൃതദേഹ സംസ്കാരം എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തുക എന്നത് വലിയ കാര്യമാണെന്നും മാത്യകാപരമായ പ്രവര്‍ത്തനമാണെന്നും പറഞ്ഞു.
മേപ്പാടിയിലെ തന്നെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ചുമതലക്കാരെയും താമസക്കാരെയും നേരിട്ട് കാണുകയും ചെയ്തു. രണ്ട് മണിയോടെ കല്‍പ്പറ്റ കളക്ടറേറ്റലെത്തിയ മന്ത്രി കളക്ടര്‍ ഡി.ആര്. മേഖശ്രീയും മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച്ച നടത്തുകയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും വരുംദിവസങ്ങളില്‍ ചെയ്യേണ്ട തുടര്‍പ്രവര്‍ത്തനങ്ങളെ കുറിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: