താല്‍ക്കാലിക പാലം നിര്‍മിച്ചും കയറില്‍ തൂങ്ങിയും വയനാട് ദുരന്ത ഭൂമിയിലേക്ക് പ്രവേശിക്കാന്‍ രക്ഷാ പ്രവര്‍ത്തകര്‍ മാര്‍ഗ്ഗം തേടുന്നു. എത്രപേര്‍ മരിച്ചെന്നോ എത്ര വീട് തകര്‍ന്നെന്നോ എത്രമാത്രം നഷ്ടമുണ്ടെന്നോ ഒരു തിട്ടവുമില്ല. രക്ഷാപ്രവര്‍ത്തനം ഏതുവിധം നടത്തണമെന്നതില്‍ പോലും കൃത്യത വന്നില്ല. എന്നാല്‍ തിരുവനന്തപുരത്ത് ഇരുന്ന മുഖ്യമന്ത്രിക്ക് ഒരു കാര്യത്തില്‍ കൃത്യതയുണ്ടായിരുന്നു.അപകടം നടന്ന് 24 മണിക്കൂറിനകം അത് പ്രഖ്യാപിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും പിരിവു നല്‍കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ചരിത്രം അറിയാവുന്ന മലയാളികള്‍ നെറ്റിചുളിച്ചു. ദുരിതാശ്വാസ നിധി സ്വകാര്യ സംരംഭം പോലെ പിണറായി വിജയന് കൈകാര്യം ചെയ്തതും കോടതിയില്‍ കേസായതും ഓര്‍ത്തു.
എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷവും പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന് നായരുടെ മകന്റെ ഭാര്യയുടെ സ്വര്‍ണ പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പ അടയ്ക്കുന്നതിനുമായി എട്ടര ലക്ഷവും പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിപെട്ട് മരിച്ച പോലീസ് ഓഫീസറുടെ ഭാര്യക്ക് 20 ലക്ഷവും നല്‍കിയത്, പ്രളയ ദുരിതാശ്വാസത്തിനായി സമ്പാദ്യ കുടുക്ക പൊട്ടിച്ചും ആടിനെ വിറ്റും ബീഡി തെറുത്തും നല്കിയ പണമായിരുന്നു എന്നറിഞ്ഞ് പുരികം ചുളിച്ചവര്‍ അക്കാര്യം അയവിറക്കി. എറണാകുളത്ത് ജനപ്രതിനിധിയായ സിപിഎം നേതാവും ഭാര്യയും കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ തട്ടിപ്പ് നടത്തിയത് കയ്യോടെ പിടികൂടിയെങ്കിലും രക്ഷപെടുത്താന്‍ സംവിധാനം ഒന്നാകെ നിന്നതും മനസ്സില്‍ തളിഞ്ഞു.
ഓര്‍മ്മകള്‍ ഉള്ള ചിലര്‍ അതെല്ലാം പറഞ്ഞു. ദുരന്ത സമയത്ത് ദുരിതാശ്വാസ നിധിയുടെ പേരിലുള്ള തട്ടിപ്പിനെക്കുറിച്ച് പറഞ്ഞുകൂട പോലും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയ കുറ്റം ചുമത്തി നാടു നീളെ കേസെടുക്കുകയാണ്. ദുരന്തനിവാരണ നിയമത്തിന്റെ ഏതോ കള്ളിയില്‍ പെടുത്തിയാണ് ഈ പേപ്പടി.വയനാട് ദുരന്തമുണ്ടായ നിമിഷം മുതല്‍ എല്ലാവിധ സഹായവും കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നുണ്ട്. മരുന്നും ചികിത്സയും നല്കാന് ആശുപത്രികള്‍ മുന്നില്‍ നില്ക്കുന്നു. സന്നദ്ധ സംഘടനകളും വ്യക്തികളും ഭക്ഷണവും വെളളവുമായി പിന്തുണ നല്കുന്നു.
പുനരധിവാസ പാക്കേജുകളുമായി കമ്പനികളും സന്നദ്ധസംഘടനകളും മുന്നോട്ടു വരുന്നു. മുഴുവന്‍ പേര്‍ക്കും സൗജന്യമായി വീടുവെച്ചു നല്‍കാമെന്ന വാഗ്ദാനം സന്നദ്ധസംഘടന നടത്തുന്നു.
പക്ഷേ പിണറായി സര്‍ക്കാരിന് സഹായങ്ങള്‍ വേണ്ട. അവര്‍ക്ക് പണം മതി. പണം മാത്രം മതി. പണം ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളാണ് അഞ്ച് പൈസപോലും മുടക്കില്ലാതെ കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നത്. ദുരിത്വാശ്വാസമാണ് ലക്ഷ്യമെങ്കില്‍ ഇതിനെ സ്വാഗതം ചെയ്യുകയും നന്ദി പറയുകയുമാണ് വേണ്ടത്. ഇതിനുപകരം ദുരിതത്തെ പിരിവിനുള്ള പഴുതാക്കുകയാണ് മുഖ്യമന്ത്രിയും മറ്റും ചെയ്യുന്നത്.2018 ലെ പ്രളയ ദുരിതം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിച്ച കണക്കുമാത്രം മതി ഇത് തെളിയിക്കാന്‍.
കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് അന്ന് പ്രധാനമന്ത്രിയെ അറിയിച്ചത്. പേമാരിയില്‍ 357 പേര് ഇതുവരെ മരണപ്പെട്ടു. 40,000 ഹെക്ടറിലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകള്‍ പൂര്‍ണ്ണമായും 26,000 ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3,026 ക്യാമ്പുകളിലായി ഇപ്പോള്‍ 3,53,000 പേരുണ്ട്. 46,000 ത്തിലധികം കന്നുകാലികളും രണ്ടു ലക്ഷത്തിലധികം കോഴികളും താറാവുകളും ചത്തു. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി. മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നു. റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്. എന്നിങ്ങനെ ഇനം തിരിച്ച് കണക്കും നിരത്തി. ദുരിതം ഉണ്ടായി രണ്ടാം നാളായിരുന്നു ഈ കണക്ക് നിരത്തല്‍.
ഇതിലും വലിയ ദുരിതങ്ങളെ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഗുജറാത്തില്‍ നേരിട്ടിട്ടുള്ള നരേന്ദ്ര മോദിക്ക് കണക്കിലെ തട്ടിപ്പ് ഒറ്റ നോട്ടത്തില്‍ മനസ്സിലായി. റോഡിനും പാലത്തിനുമായി 13,800 കോടി എന്നത് പൊട്ടക്കണക്കാണെന്ന് മനസ്സിലാക്കിയ പ്രധാനമന്ത്രി റോഡും പാലവും ദേശീയപാത അതോററ്റിയെകൊണ്ട് നന്നാക്കാമെന്നു പറഞ്ഞതോടെ പണം പിടുങ്ങാമെന്ന മോഹം പൊലിഞ്ഞു. കൃഷി , വീട് , വൈദ്യുതി തുടങ്ങിയവയുടെ നഷ്ടം പറഞ്ഞ് ആവശ്യപ്പെട്ടത് 5000 കോടിയാണ്. വൈദ്യുതിയുടെ കാര്യത്തില്‍ കേന്ദ്ര സ്ഥാപനമായ എന്‍ടിപിസി സഹായിക്കാം. കൃഷിക്കായി നിലവിലുള്ള വിവിധ കേന്ദ്ര പദ്ധതിയില്‍ പെടുത്തി കര്‍ഷകര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാം.. പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി തകര്‍ന്ന വീടുകളെല്ലാം പുനര്‍ നിര്‍മ്മിക്കാം. എന്ന് നരേന്ദ്ര മോദി അറിയിച്ചതോടെ ദുരന്തപ്രതിരോധത്തിനായി അടിയന്തരമായി 2000 കോടി വേണമെന്ന ആവശ്യം ഉന്നയിച്ചു.
ദുരന്തപ്രതിരോധ നിധിയില്‍ എത്ര രൂപ ചെലവഴിക്കാതെ കിടപ്പുണ്ടെന്നു തിരക്കിയപ്പോള്‍ 562.45 കോടി. 100 കോടി ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 500 കോടി കൂടി ഉടന്‍ അനുവദിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ എം പിമാരും ഒരോ കോടി വീതം കേരളത്തിന് നല്‍കാനും നിര്‍ദ്ദേശം നല്കി. കേരളത്തെ സഹായിക്കാന്‍ മറ്റ് സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു.യഥാര്‍ത്ഥത്തില്‍ കേരളം പ്രതീക്ഷിച്ചതിലും കൂടുതല്‍ കിട്ടി. പുനരധിവാസത്തിന് കൂടുതല്‍ കേന്ദ്രസഹായത്തിന് ചട്ടം പാലിച്ച് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് അന്നത്തെ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വാര്‍ത്താ സമ്മേളനം നടത്തി ആവശ്യപ്പെട്ടു. വിശദമായ ചര്‍ച്ചകള്‍ക്ക് ധനസഹമന്ത്രി പൊന്‍ രാധാകൃഷ്ണനെ കേരളത്തിലേക്ക് അയച്ചു. ബാങ്കുകള്‍ക്ക് ഉദാരമായി വായ്പ നല്കാന് നിര്‍ദ്ദേശം നല്കി. നാഷണല്‍ ഹൗസിംഗ് ബാങ്ക് പലിശ ഇളവ് പ്രഖ്യാപിച്ചു .ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നടപടികള്‍ ലഘൂകരിച്ചു.
കേരളം വിശദമായ റിപ്പോര്‍ട്ടുകള്‍ നല്കുന്നതിനു പകരം നഷ്ടത്തിന്റെ കണക്കുകള്‍ പെരുപ്പിച്ചു കാട്ടിക്കൊണ്ടിരുന്നു. 45,000 കോടിയുടെ നഷ്ടമെന്ന് ആദ്യം പറഞ്ഞ ധനമന്ത്രി തോമസ് ഐസക്ക് പിന്നീട് അത് 75,000 കോടി എന്നാക്കി. വിവിധ വകുപ്പുകള്‍ നഷ്ടം തിട്ടപ്പെടുത്തിയപ്പോള്‍ പ്രധാന മന്ത്രിയോട് പറഞ്ഞതിന്റെ ഏഴയലത്തു വന്നില്ല. പ്രധാനമന്ത്രി പോയ ശേഷമാണ് തെക്കന്‍ കേരളത്തില്‍ വന്‍ നാശം ഉണ്ടായത്.എന്നിട്ടും അവസാനം കണക്കെടുത്തപ്പോള്‍ റോഡിനും പാലങ്ങള്‍ക്കുമായി 3500 കോടിയുടെ നഷ്ടമാണ് പൊതുമരാമത്ത് അവകാശപ്പെട്ടത്.(പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് 13,800).ജീവനോപാധി പാക്കേജ് 4700 കോടി രൂപ വേണമെന്നും കണ്ടെത്തി.ലോക ബാങ്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നാശ നഷ്ടവും പുനരധിവാസവും എല്ലാം ചേര്‍ന്ന് ആവശ്യമായത് 30, 739 കോടി. ഇത്രയും പണം വേണമെന്നായി പിന്നീട് അവശ്യം. പദ്ധതികള്‍ നല്‍കാതെ പണം മാത്രം ചോദിച്ചു കൊണ്ടിരുന്നു.
2018 ലെ പ്രളയത്തെത്തുടര്‍ന്ന് സമാനതകളില്ലാത്ത സംഭാവനയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്.2019 ലെ പ്രളയത്തെത്തുടര്‍ന്നും അത് തുടര്‍ന്നു. പ്രളയഫണ്ടായി എത്തിയത് 4912 കോടി രൂപ.ഇതില്‍ ആദ്യ പ്രളയക്കാലത്ത് മാത്രം 4342 കോടി ലഭിച്ചു.ആ സമയത്ത് പ്രളയദുരിതാശ്വാസ തുക ഫിക്സഡ് ഡെപ്പോസിറ്റ് ആയി നിക്ഷേപിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ദുരിതാശ്വാസ തുക ഫിക്സഡ് ഡെപ്പോസിറ്റ് നടത്തുന്നത്. പ്രളയത്തില്‍ അര്‍ഹരായ ആയിരങ്ങള്‍ക്ക് ഇനിയും ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കുമ്പോഴും ദുരിതാശ്വാസ നിധിയുടെ ഒരു ഭാഗം ഫിക്സഡ് ഡെപ്പോസിറ്റ് ആയി കിടന്നു. പ്രളയാനന്തര പുനര്‍നിര്‍മാണം സംബന്ധിച്ച് പിന്നെ ഒരക്ഷരമില്ല. സുതാര്യമായ രീതിയില്‍ പ്രളയഫണ്ട് നല്‍കിയവര്‍ക്കെല്ലാം രശീതി നല്‍കും എന്നത് പാഴ് വാക്കായി.
പിരിവു നല്‍കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ പ്രളയകാലത്തെ ദിവസേനയുള്ള പത്രസമ്മേളനത്തില്‍ പണം നല്‍കിയവരുടെ പട്ടിക വായന മുഖ്യമന്ത്രിയുടെ പതിവ് പരിപാടിയായിരുന്നു. വയനാട് സംഭവത്തെത്തുടര്‍ന്നും അത് ആവര്‍ത്തിക്കപ്പെടുന്നു. കിട്ടുന്ന പണം എന്തിനുവേണ്ടിയാണ് ഉപയോഗിക്കാന്‍ പോകുന്നത് എന്നു പറയാനുളള മര്യാദ എങ്കിലും മുഖ്യമന്ത്രി കാണിക്കണം. ആവശ്യം അറിഞ്ഞശേഷം അതുനുവേണ്ടി പിരിവു നടത്തുക എന്നതല്ലേ നാട്ടു നടപ്പ്. വയനാട്ടിലെ ജനങ്ങളെ ദുരിതത്തില്‍നിന്ന് മോചിപ്പിക്കാന്‍ എത്രകോടി വേണ്ടിവന്നാലും അത് ചെലവഴിക്കപ്പെടണം. ജനങ്ങളുടെ ജീവനെക്കാള്‍ വലുതല്ല പണം. പക്ഷേ സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും അജണ്ട ദുരിതാശ്വാസമല്ല, മറ്റ് ചിലതാണ്. പണത്തിന്റെ കാര്യം വരുമ്പോള്‍ സിപിഎമ്മിനെ വിശ്വസിക്കാന്‍ ആ പാര്‍ട്ടിയുടെ ചരിത്രമറിയാവുന്ന ആര്‍ക്കുമാവില്ല. ഒറ്റയിടപാടില്‍ 300 കോടിയിലേറെ രൂപയുടെ അഴിമതി നടത്തിയെന്ന് കേസുള്ളയാളാണ് ഭരണത്തിന് നേതൃത്വം നല്‍കുന്നത്.
അഴിമതി ഉത്സവമാക്കിയ ജനകീയാസൂത്രണത്തിന്റെ ചരിത്രവും, ഓഖി ഫണ്ട് ദുരുപയോഗിച്ചതുമെല്ലാം ജനങ്ങള്‍ക്കു മുന്നിലുണ്ട്. സിപിഎമ്മും പിണറായി സര്‍ക്കാരും മുന്നില്‍ക്കാണുന്നത് ദുരിതാശ്വാസമല്ല. ദുരിതാശ്വാസത്തിനായി ഒഴുകിയെത്തുന്ന പണം മാത്രമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: