വിവിധ വര്‍ണ്ണങ്ങളില്‍ നിറഞ്ഞാടി പാരിസ് ഒളിംപിക്സിന് തിരിതെളിച്ചു കൊണ്ട് തങ്ങളുടെ ദേശീയപതാകകളേന്തി വിവിധ രാജ്യങ്ങള്‍ സെന്‍ നദിയിലൂടെ കടന്നുപോയ ഒളിംപിക് പരേഡിനിടെ വ്യത്യസ്തരായ കുറച്ച് താരങ്ങളും കടന്നുപോയിരുന്നു.
തൂവെള്ള വസ്ത്രങ്ങളും പതാകയുമേന്തി സഞ്ചരിച്ച അവരെ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ? അവരാണ് അഭയാര്‍ത്ഥികളുടെ ഒളിംപിക് ടീം!
രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ആഭ്യന്തരയുദ്ധങ്ങളുടെയും ഇടയില്‍ ജനിച്ച് സമ്പാദ്യമത്രയും പിറന്ന നാട്ടില്‍ ഇട്ടെറിഞ്ഞ് ജീവനും കയ്യില്‍ പിടിച്ച് ഓടിരക്ഷപ്പെടേണ്ടി വന്നവര്‍. തീര്‍ത്തും അന്യമായ മറ്റൊരു നാട്ടില്‍, മറ്റൊരു സംസ്കാരത്തില്‍, അറിയാത്ത ഭാഷ സംസാരിക്കുന്നവരുടെയിടയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ജനത.
ജനിച്ച നാടിനെയോ ജീവിക്കുന്ന നാടിനെയോ പ്രതിനിധികരിക്കാന്‍ കഴിയാത്ത ഒരു കൂട്ടം കായികതാരങ്ങള്‍. അവരാണ് ഒളിംപിക്സിലെ ‘അഭയാര്‍ത്ഥി ടീം’.
സിറിയ, അഫ്ഘാനിസ്ഥാന്, ഇറാന്, കാമറൂണ്‍ തുടങ്ങി കോംഗോയും, എത്യോപ്യയും ദക്ഷിണ സുഡാനും ഉള്‍പ്പടെയുള്ള 11 രാജ്യങ്ങളില്‍ നിന്നുള്ള 37 അഭയാര്‍ത്ഥി താരങ്ങളാണ് ഇത്തവണ പാരീസില്‍ മാറ്റുരയ്ക്കുന്നത്. അന്താരാഷ്ട്ര ഒളിംപിക്സ് അസോസിയേഷന്റെ അഭയാര്‍ത്ഥി താരങ്ങള്‍ക്കായുള്ള സ്കോളര്‍ഷിപ്പ് പൂളില്‍ നിന്നാണ് മത്സരത്തിനുള്ള താരങ്ങളെ കണ്ടെത്തുന്നത്.
തീവ്ര മതചിന്ത പുലര്‍ത്തുന്ന സിറിയ, അഫ്ഘാനിസ്ഥാന്, ഇറാന് തുടങ്ങിയ രാജ്യങ്ങള്‍ ചില മത്സരയിനങ്ങളില്‍ നിന്ന് വനിതകളെ വിലക്കുമ്പോള്‍, സദാചാരവാദികളും മതപണ്ഡിതരും അവരെ വ്യക്തിഹത്യ ചെയ്ത് ‘രാജ്യത്തിന്റെ യശസ്സിനെ’ ഉയര്‍ത്തിപ്പിടിക്കുന്നു.
ഇറാനില്‍ നിന്നുള്ള വനിതാ കയാക്കിങ് താരം സമന് സോള്ടനി മുന്‍ നീന്തല്‍താരം കൂടിയാണ്. ഹിജാബ് ധരിച്ച് നീന്തല്‍ക്കുളത്തില്‍ ഇറങ്ങാത്തതിന്റെ പേരില്‍ സദാചാര ആക്രമണം നേരിട്ട താരം കൂടിയാണ് ഈ 28കാരി. ഇനിയൊരിക്കലും ഇറാനിലേക്ക് തിരിച്ചു പോകാന്‍ കഴിയില്ലെന്ന് മനസ്സിനെ പറഞ്ഞുറപ്പിച്ചവള്‍.
അല്ലെങ്കിലും മതഭ്രാന്തന്മാര്ക്ക് ഏത് കായികതാരം, എന്ത് ഒളിംപിക്സ്?
അഫ്ഘാനില്‍ നിന്നുള്ള അഭയാര്‍ത്ഥി മനീസ തലഷിന്റെ കഥയും മറ്റൊന്നല്ല. ഇത്തവണത്തെ ഒളിംപിക് ഇനമായ ബ്രേക്ക്ഡാന്‍സ് പരിശീലിച്ചതിന് താലിബാന്റെ വധഭീഷണി നേരിടുന്ന താരമാണ് ആ പെണ്‍കുട്ടി. പുരുഷധിപത്യത്തില് സ്ത്രീകളുടെ നൃത്തം ഹറാമാണല്ലോ
മറ്റ് രാജ്യങ്ങള്‍ കോടികള്‍ പരിശീലനത്തിനു മുടക്കി ടീമിനെ ഇറക്കുമ്പോള്‍ അവരോട് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഒളിംപിക്സിന് രണ്ടാഴ്ച മുന്‍പ് തട്ടിക്കൂട്ടിയ ഈ ടീം മതിയാകുമോ എന്നതൊരു ചോദ്യചിഹ്നമാണ്.
ഒളിംപിക്സ് തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും മെഡല്‍പട്ടികയിലേക്ക് പേരുചേര്‍ക്കാന്‍ കഴിയാത്തതില്‍ അഭയാര്‍ത്ഥി ടീം നിരാശരല്ല. കുറഞ്ഞ സമയത്തില്‍ കിട്ടിയ പരിശീലനം വച്ചുനോക്കിയാല്‍ അവര്‍ ശരാശരിക്കും മുകളിലാണ്. അവരെ സംബന്ധിച്ചിടത്തോളം ഒളിംപിക് മെഡലുകളെക്കാള്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഇവിടെ ജീവിക്കുന്നു എന്ന് ലോകത്തിനെ അറിയിക്കാന്‍ ഉള്ള ഒരു അവസരമാണീ വേദി. കടന്നുവന്ന വഴിയിലെ കല്ലും മുള്ളും തങ്ങള്‍ക്കുള്ളിലെ കായികതാരങ്ങളെ തളര്‍ത്തിയിട്ടില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കാനുള്ളയിടം. തീയില്‍ കുരുത്തത് വെയിലത്തു വാടില്ലല്ലോ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: