പാരീസ്: ക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡ് വന്‍ മതിലാണെങ്കില്‍ ഹോക്കിയില്‍ മലയാളിയായ ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷാണ് ഭാരതത്തിന്റെ വന്മതില്. ആ വന്മതില് കോട്ടകെട്ടി ഗോള്‍പോസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ചതോടെ ബ്രിട്ടീഷ് മുന്നേറ്റങ്ങള്‍ വിഫലമായി. ഷൂട്ടൗട്ടില്‍ ബ്രിട്ടന്റെ ഫില്‍ റോപ്പുടെ ഷോട്ട് തടുത്തിട്ടതും കൂടി ആയപ്പോള്‍ ശ്രീജേഷ് നിര്‍ണായക വിജയത്തിന്റെ വീരനായകനായി.
നിശ്ചിത സമയ കളിയില്‍ 22-ാം മിനിറ്റില്‍ നായകന് ഹര്‍മന്‍പ്രീത് സിങ്ങ് പെനാല്‍റ്റി കോര്‍ണറിലൂടെ ഭാരതത്തിന് ലീഡ് സമ്മാനിച്ചപ്പോള്‍ 27-ാം മിനിറ്റില്‍ മോര്‍ട്ടന്‍ ലീയുടെ ഫീല്‍ഡ് ഗോളിലൂടെ ബ്രിട്ടന് സമനില പിടിച്ചു.
കളിയുടെ തുടക്കം മുതല്‍ ബ്രിട്ടനായിരുന്നു കളിയില്‍ നേരിയ മുന്‍തൂക്കം. ആദ്യം മുതല്‍ അവര്‍ ഭാരതത്തെ പരീക്ഷിച്ചു തുടങ്ങി. ബ്രിട്ടന്റെ മുന്നേറ്റങ്ങളെ തടഞ്ഞുനിര്‍ത്തുക എന്നതായിരുന്നു തുടക്കത്തില്‍ ഭാരത പ്രതിരോധത്തിനും ശ്രീജേഷിനുമുള്ള വെല്ലുവിളി. നാലാം മിനിറ്റില്‍ ബ്രിട്ടന് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തൊട്ടുപിന്നാലെ മറ്റൊരു പെനാല്‍റ്റി കോര്‍ണര്‍ കൂടി ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. ആറാം മിനിറ്റല്‍ ബ്രിട്ടന്റെ ഗാരെത്ത് ഫര്‍ലോങ്ങിന്റെ ശ്രമം ശ്രീജേഷ് രക്ഷപ്പെടുത്തി. 13-ാം മിനിറ്റിലാണ് ഭാരതത്തിന് ആദ്യ പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചത്. എന്നാല്‍ മുതലാക്കാനായില്ല. അതിനുശേഷം ബ്രിട്ടന് മൂന്ന് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ശ്രീജേഷിനെ കീഴ്പ്പെടുത്തി ഗോള്‍ നേടാന്‍ അവര്‍ക്കായില്ല. ഇതോടെ ആദ്യ ക്വാര്‍ട്ടര്‍ സമനിലയില്‍ പിരിഞ്ഞു.
രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി രണ്ട് മിനിറ്റായപ്പോഴാണ് ഭാരതത്തിന്റെ രോഹിത്ദാസ് ചുവപ്പുകാര്‍ഡ് പുറത്തുപോയത്. ഒരാളുടെ കുറവുണ്ടായിട്ടും ബ്രിട്ടനെതിരെ സര്‍വശക്തിയുമെടുത്ത് പൊരുതിയ ഭാരതം 22-ാം മിനിറ്റില്‍ ലീഡ് നേടി. പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. പെനല്‍റ്റി കോര്‍ണറില്‍നിന്ന് ലഭിച്ച പന്ത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഗോള്‍കീപ്പറിനും പോസ്റ്റിന് അരികെ കാവല്‍നിന്ന താരത്തിനും ഇടയിലൂടെ ഗോളിലേക്ക് തിരിച്ചുവിട്ടു. അധികം കഴിയും മുന്നേ ശ്രീജേഷിന്റെ മറ്റൊരു ഉജ്ജ്വല രക്ഷപ്പെടുത്തല്‍. ഇതിന് പിന്നാലെയായിരുന്നു ബ്രിട്ടന്റെ സമനില ഗോള്‍. ബ്രിട്ടിഷ് താരത്തിന്റെ ആദ്യ ഷോട്ട് ശ്രീജേഷ് തടുത്തതാണ്. റീബൗണ്ടില്‍നിന്ന് പന്തു ലഭിച്ച ലീ മോര്‍ട്ടന്‍ അത് ഗോളിലേക്കു തൊടുത്തെങ്കിലും ശ്രീജേഷ് വീണ്ടും തടഞ്ഞു. ഇത്തവണ തട്ടിത്തെറിച്ച പന്ത് പോസ്റ്റിലേക്ക് നീങ്ങി. സ്കോര്‍ 1-1.
തുടര്‍ന്ന് മൂന്നും നാലും ക്വാര്‍ട്ടറുകളില്‍ ഭാരതം ശ്രീജേഷിന്റെ നായകത്വത്തില്‍ പ്രതിരോധക്കോട്ട കെട്ടിയതോടെ ബ്രിട്ടീഷ് മുന്നേറ്റങ്ങളെല്ലാം വിഫലമായി. തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: