തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖത്ത് കപ്പല്‍ അടുപ്പിക്കാനും ചരക്കിറക്കാനുമുള്ള നിരക്ക് കൊളമ്പോയേക്കാള് പകുതിയില്‍ താഴെ മാത്രം. ഇതോടെ രാജ്യത്തെ ചരക്ക് നീക്കത്തിന്റെ ഭൂരിഭാഗവും വിഴിഞ്ഞത്തേക്ക് എത്തുമെന്ന് പ്രതീക്ഷ.
പോര്‍ട്ടിന്റെ ഫീസ്, കപ്പല്‍ തുറമുഖത്തേക്ക് കൊണ്ടുവരാനും കൊണ്ടുപോകാനുമുള്ള പൈലറ്റേജ് നിരക്ക്, ബര്‍ത്തില്‍ കപ്പല്‍ കിടക്കുന്നതിന്റെ നിരക്ക് എന്നിവ കണക്കുകൂട്ടിയാണ് തുക നിശ്ചയിക്കുന്നത്. കപ്പലിന്റെ ഭാരവും ഇതിനൊപ്പം ചേരും. വലിയ കപ്പലുകള്‍ക്ക് ഒരുദിവസം കൊളംബോയില്‍ ട്രാന്‍സ്ഷിപ്മെന്റിന് 20,000 മുതല്‍ 25,000 ഡോളര്‍ വരെ ചെലവുവരും. വിഴിഞ്ഞത്ത് 10,000ത്തില്‍ താഴെ മാത്രമാണ് ചെലവ്. വിഴിഞ്ഞം പോര്‍ട്ടിന് 30,000 ടണ്ണുള്ള കപ്പല്‍ വിഴിഞ്ഞത്ത് 24 മണിക്കൂര്‍ തങ്ങുന്നതിന് 7266 ഡോളര്‍ (6,17,610 രൂപ) നല്‍കണം. കൊളംബോയിലാണെങ്കില്‍ 20,993 ഡോളര്‍ (17,58,561 രൂപ) നല്‍കണം. മാത്രമല്ല കൊളംബോ തുറമുഖത്ത് നിലവിലെ സാഹചര്യത്തില്‍ കപ്പലുകള്‍ക്ക് അടുക്കാന്‍ മൂന്നു ദിവസംവരെ കാത്തിരിക്കണം. ട്രാന്‍സ്ഷിപ്മെന്റിന് 20 ദിവസം വരെയെടുക്കും. എന്നാല്‍ വിഴിഞ്ഞത്ത് ദിവസങ്ങളോളമുള്ള കാത്തിരിപ്പ് ഉണ്ടാകില്ല. മാത്രമല്ല ചരക്ക് നീക്കവും അതിവേഗത്തില്‍ നടക്കും.
രാജ്യത്തെ 80 ശതമാനത്തോളം ചരക്ക് നീക്കം നടക്കുന്നത് കൊളംമ്പോ വഴിയാണ്. അവിടെ ഇറക്കുന്ന ചരക്ക് ചെറുകപ്പലിലൂടെ രാജ്യത്തേക്ക് എത്തിക്കുകയാണ് രീതി. വിഴിഞ്ഞത്ത് നിരക്ക് കുറച്ചതോടെ വലിയ കപ്പലുകള്‍ നേരിട്ട് രാജ്യത്തേക്ക് എത്തും. അതിനാല്‍തന്നെ അന്താരാഷ്ട്ര കപ്പലുകള്‍ വിഴിഞ്ഞത്തേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: