ന്യൂദല്‍ഹി: വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് പുതിയ വഖഫ് ബില്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. നാല്‍പ്പതോളം ഭേദഗതികള്‍ വഖഫ് നിയമങ്ങളില്‍ നടപ്പാക്കും.
ഭേദഗതികള്‍ക്ക് കഴിഞ്ഞദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കി. ബില്‍ ഈയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഏതു ഭൂമിയും വഖഫ് ഭൂമിയാണെന്ന് അവകാശവാദം ഉന്നയിച്ച് കണ്ടുകെട്ടാനുള്ള അധികാരങ്ങള്‍ പുതിയ ബില്ലില്‍ നഷ്ടമാകും. വഖഫ് ബോര്‍ഡ് ഏതെങ്കിലും ഭൂമിയില്‍ അധികാരം ഉന്നയിച്ചാല്‍ അതനുവദിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും പരിശോധനകളുണ്ടാകും. 2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വഖഫ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി വഖഫ് ബോര്‍ഡിന് കൊണ്ടുവന്ന അധിക അവകാശങ്ങള്‍ പുതിയ ഭേദഗതികളോടെ ഇല്ലാതാവും. കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന ബോര്‍ഡുകളിലും സ്ത്രീ പ്രാതിനിധ്യം നിര്‍ബന്ധമാക്കുന്ന വ്യവസ്ഥകളും പുതിയ ബില്ലിലുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും വഖഫ് വസ്തുക്കളുടെ മേല്‍ നിരീക്ഷണ അധികാരം.
1954ല്‍ പാര്‍ലമെന്റ് പാസാക്കിയ വഖഫ് നിയമം 1995ല്‍ പുതുക്കിയിരുന്നു. ഇതിന്മേല് യുപിഎ കാലത്ത് വീണ്ടും ഭേദഗതികള്‍ നടപ്പാക്കി. ഏതു ഭൂമിയും വഖഫ് ഭൂമിയായി അവകാശമുന്നയിക്കാമെന്ന വ്യവസ്ഥകള്‍ വന്നതോടെ രാജ്യമെങ്ങും ആയിരക്കണക്കിന് സിവില്‍ കേസുകളും നടക്കുന്നുണ്ട്. മുസ്ലിം സമൂഹത്തില്‍ നിന്നു തന്നെ ഉയര്‍ന്ന ആവശ്യങ്ങളെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഭേദഗതികള്‍ നടപ്പാക്കുന്നത്. സൗദി അറേബ്യയും ഒമാനും അടക്കം ഇസ്ലാമിക രാജ്യങ്ങളില്‍ ഒന്നും തന്നെ ഇത്തരത്തില്‍ ഭൂമിയിന്മേല് ഒരു ബോര്‍ഡിന് പരമാധികാരം വ്യവസ്ഥ ചെയ്തിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 8.70 ലക്ഷം സ്ഥലങ്ങളില്‍ 9.40 ലക്ഷം ഏക്കര്‍ ഭൂമിയാണ് വഖഫ് ബോര്‍ഡിന് സ്വന്തമായുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: