എല്‍.കെ. അദ്വാനി ഭാരതത്തിന്റെ ഉപപ്രധാനമന്ത്രിയായിരുന്നപ്പോള് വാര്‍ത്താസമ്മേളനത്തില്‍ ഒരു ചോദ്യം ഉയര്‍ന്നു. ബിജെപി ഭരിക്കുന്ന ഭാരതത്തോടുള്ള അമേരിക്കന്‍ നിലപാടെന്തായിരിക്കും? ”ഭാരതം ഭരിക്കുന്നത് ബിജെപിയാണോ കോണ്ഗ്രസ്സാണോ എന്നതല്ല മറിച്ച് ഭാരതം എത്രമാത്രം ശക്തമാണെന്നതിനനുസരിച്ചായിരിക്കും അമേരിക്കയുടെ സമീപനം.” ഇതായിരുന്നു അദ്വാനിയുടെ മറുപടി. അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഒരു രാജ്യത്തിനും സ്ഥിരമായ സുഹൃത്തുക്കളില്ല. സ്ഥിരമായ താല്പ്പര്യങ്ങളേയുള്ളൂവെന്നത് അമേരിക്കയിലൂടേതെന്നല്ല, എല്ലാ രാജ്യങ്ങളുടേയും വിദേശനയത്തിന്റെ ഭാഗമാണ്. ചോ രാമസ്വാമി തന്നോട് ഒരു യൂറോപ്യന്‍ നയതന്ത്രജ്ഞന് ഐക്യരാഷ്ട്രസഭയിലെ ഭാരതത്തിന്റെ അവസ്ഥയെപ്പറ്റിപ്പറഞ്ഞത് അയവിറക്കുകയുണ്ടായി. ”നിങ്ങള്‍ ഭാരതീയര്‍ ഐക്യരാഷ്ട്രസഭയില്‍ പെരുമാറുന്നത് വനത്തില്‍ വഴിതെറ്റിയുഴലുന്ന കുട്ടിയെപ്പോലെയാണ്. ഇവിടെയാര്‍ക്കും ആരോടും പ്രത്യേകിച്ചു മമതയൊന്നുമില്ല. എല്ലാര്ക്കും തന്‍കാര്യം മാത്രം. സൂക്ഷിച്ചിടപെടുക.”
പക്ഷേ സ്വന്തം രാഷ്ട്രത്തിനേക്കാള് സ്വയം സ്നേഹിക്കുന്നവര്‍ രാജ്യം ഭരിച്ചാലുള്ള അവസ്ഥയായിരുന്നു സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റേത്. രാജ്യത്തിനുള്ളില്‍ പ്രമുഖരാവുക എന്നതും, അതിനുശേഷം അന്താരാഷ്ട്രതലത്തില്‍ ഖ്യാതി നേടുകയെന്നതും ജീവിതാഭിലാഷമാക്കിയവര് ഭാരതത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കാന്‍ തുടങ്ങിയതോടെ നാടിന്റെ ശക്തിയും പുരോഗതിയും അവഗണിക്കപ്പെടാന്‍ തുടങ്ങി. രണ്ടുപേര്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിപദം ആഗ്രഹിച്ചാല്‍ അതിന്റെ സാധൂകരണത്തിന് മാര്‍ഗ്ഗമൊന്നേയുള്ളൂ. രാജ്യത്തെ രണ്ടാക്കുക. അതുമാത്രം മതിയോ? ലോകത്തിലും കേമനാവണ്ടേ? വന്ശക്തികളെക്കൊണ്ടു നിറഞ്ഞ മുതലാളിത്തചേരിയിലോ തത്തുല്യമായ സോഷ്യലിസ്റ്റുചേരിയിലോ ചേര്‍ന്നാല്‍ വടുവിന്റെ സ്ഥാനം അപ്രസക്തമാവും. ചേരികളില്‍ നേതാവാകാന്‍ കഴിയുന്നില്ലെന്നുണ്ടെങ്കില് ചേരിയില്ലാത്തവരുടെ നേതാവാകാനുള്ള തന്ത്രമായിരുന്നു അടുത്തത്. അങ്ങനെ മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവായി! അങ്ങനെ അധപ്പതിച്ച മാനസികാവസ്ഥയുടെ ആവിഷ്കാരമായിരുന്നു പര്‍വ്വതീകരിക്കപ്പെട്ട ‘ചേരിചേരായ്മ.’ ദരിദ്ര്യരാജ്യങ്ങളുടെ സംഘാതം.
അശക്തന്റെ ക്ഷമാശക്തിയോളം പരിഹാസ്യമായ മറ്റൊരു കാര്യം ലോകത്തില്ലെങ്കിലും സ്വതന്ത്രഭാരതത്തിന്റെ ആദ്യപ്രധാനമന്ത്രിക്ക് അതുണ്ടായിരുന്നു. രാഷ്ട്രത്തിനെപ്പോഴും വേണ്ടത് അന്താരാഷ്ട്ര തലത്തില്‍ അതിനെ സഹായിക്കുന്ന ‘മിത്ര’ത്തെയാണെന്ന് ഭാരതത്തിന്റെ രാഷ്ട്രമീമാംസകനായ കൗടില്ല്യന്‍ പറയുന്നു. സ്വന്തം നിലനില്‍പ്പിനുതകുന്ന ഏതൊരു ബാഹ്യശക്തിയെയും കരുവാക്കാനും നിര്‍ദ്ദേശിക്കുന്നു. പക്ഷേ രാഷ്ട്രത്തിന്റെ നിലനില്പ്പിനാവശ്യമായ നയതന്ത്രസംബന്ധമായ കുശാഗ്രബുദ്ധി സ്വതന്ത്രഭാരതത്തിന്റെ ആദ്യകാല നേതാക്കല്‍ക്കില്ലാതെ പോയി. ഭാരതത്തിന്റെ ചൈനയുമായുള്ള ബന്ധത്തില്‍ ഇത് വ്യക്തമായിരുന്നു. ‘നെഹ്റുവിന്റെ ഇന്ത്യയെ’തുടക്കത്തില്‍ത്തന്നെ മാവോസേതൂങ് വെറുത്തിരുന്നെങ്കിലും നോക്കാത്ത രാജാവിനെ തൊഴുന്ന നയമായിരുന്നു നെഹ്റു കാട്ടിയത്. എന്തിന്, യുഎന്‍ രക്ഷാസമിതിയുടെ അംഗത്വത്തിന്റെ അവസരം ഭാരതത്തിനു വന്നപ്പോള്‍ പോലും നെഹ്റു അതിനെ സ്വാഗതം ചെയ്തില്ല. അതു ചൈനക്കായിക്കൊള്ളട്ടെ എന്നായിരുന്നു നെഹ്റുവിന്റെ നിലപാട്. ഈ നട്ടെല്ലില്ലാത്ത നയം ചെന്നെത്തിയതോ 1962 ലെ ചൈനീസാക്രമണത്തിലും.
തന്റെ ഇങ്കിതങ്ങള്ക്കുതകുന്നവരെ മാത്രമേ നെഹ്റു രാജ്യസുരക്ഷ ഏല്‍പ്പിച്ചുള്ളൂ. അങ്ങനെ അമേരിക്കന്‍ വിരുദ്ധനായ വി.കെ.കൃഷ്ണമേനോന് ഭാരതത്തിന്റെ പ്രതിരോധമന്ത്രിയായി. അടിക്കടി ഉയര്‍ന്നുകൊണ്ടിരുന്ന ചൈന-പാകിസ്ഥാന് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ‘303 എന്‍ഫീല്‍ഡ്’ തോക്കുകള്‍ മാറ്റി ബെല്‍ജിയത്തിന്റെ എഫ്.എന്‍ ഓട്ടോമാറ്റിക് തോക്കുകള്‍ വാങ്ങി ഭാരതസൈന്യത്തെ ശക്തമാക്കണമെന്ന് അന്നത്തെ പ്രഗല്ഭനായ സൈനികമേധാവി കെ.എസ്. തിമ്മയ്യ നിര്‍ദ്ദേശിച്ചു. ഇതില്‍ ക്ഷുഭിതനായ മേനോന് പറഞ്ഞത് ”എന്തുതന്നെ വന്നാലും ഒരു നാറ്റോ രാജ്യത്തിന്റെ ആയുധങ്ങള്‍ വാങ്ങുകയില്ല” എന്നായിരുന്നു. ആരോടോ ഉള്ള വൈരത്തെക്കാള്‍ വലുത് രാജ്യസുരക്ഷയാണെന്ന സത്യം ഭാരതത്തിന്റെ പ്രതിരോധമന്ത്രിക്കുദിച്ചില്ല. പരസ്പരം പരാജയപ്പെടുത്താന്‍ മത്സരിച്ചു ചൂതുകളിച്ച നവാബുമാരില്നിന്നും അയോധ്യയെ വസൂലാക്കിയ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ കഥപോലെയാണിതെന്ന് ‘ഭാരതത്തിന്റെ വഴി’ (The India Way: Strategies for an Uncertain World, 2020) എന്ന തന്റെ ഗ്രന്ഥത്തില്‍ ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നത് രസാവഹമാണ്.
ചൈനയുമായുള്ള ബന്ധത്തില്‍ ഇതുപോലെയുള്ള അനവധി ഭാരതവിരുദ്ധമായ നടപടികളായിരുന്നു പിന്തുടര്ന്നത്. പാകിസ്ഥാനുമായുള്ള ബന്ധത്തില്‍ ഇതില്‍ക്കൂടുതല്‍ പിടിപ്പില്ലായ്മയായിരുന്നു കാട്ടിയത്. 1947 ലെ പാകിസ്ഥാന്റെ കശ്മീരാക്രമണ സമയത്തുതന്നെ അത് കണ്ടുതുടങ്ങിയതാണ്. പാകിസ്ഥാനോടുള്ള ഭാരതത്തിന്റെ സമീപനത്തിലെ അപക്വമതിത്വം. ലഷ്കര്‍ പടയെ ഉപയോഗിച്ചുള്ള പാകിസ്ഥാന്റെ കശ്മീര്‍ ആക്രമണത്തെപ്പറ്റി അന്നത്തെ കശ്മീര്‍ മുസ്ലിം കോണ്‍ഫറന്‍സ് നേതാവായ ചൗധരി ഗുലാം അബ്ബാസിന്റെ വലംകയ്യായി പ്രവര്‍ത്തിച്ച പ്രൊഫ. മുഹമ്മദ് ഇഷാക് ഖുറേഷി ലാഹോറില്‍നിന്നും പ്രസിദ്ധീകരിച്ച ‘നവാ-ഇ-വാക്’ല്‍ എഴുതിയ ലേഖനം ശ്രദ്ധേയമാണ്. 1947 ഒക്ടോബര്‍ 22 ല്‍ ലഷ്കര്‍ സൈന്യം മുസഫറാബാദ് കയ്യടക്കി മൂന്നുദിവസംകൊണ്ട് ദോഗ്ര സൈനികരെ ബാരാമുള്ളയില്‍നിന്നും ശ്രീനഗര്‍ വിമാനത്താവളത്തിലേക്കൊതുക്കിയതായി ഖുറേഷി പറയുന്നു. അല്‍പ്പസമയത്തിനുള്ളില്‍ സിയാല്‍ക്കോട്ട് വഴി കശ്മീര്‍ മുഴുവനും പിടിച്ചെടുക്കുമെന്നും ഈ കയ്യടക്കലിന്റെ സമ്മാനം പ്രതീകാത്മകമായി ലിയാക്കത്-ആലി-ഖാന് ഒരു വെള്ളിത്തളികയില്‍ ജിന്നയ്ക്ക് നല്‍കുമെന്നുമായിരുന്നു പദ്ധതി.
പക്ഷേ ഇന്ത്യന്‍ പട്ടാളത്തിന്റെ മുന്നേറ്റം അപ്രതിരോധ്യമായിരുന്നു. ‘നവാ-ഇ-വാക്’ല്‍ എഴുതിയ ലേഖനത്തില്‍ (8.2.1988) പാകിസ്ഥാനി ബ്രിഗേഡിയര്‍ ഷംസുള്‍ ഹക്ക് കാസി വെളിപ്പെടുത്തുന്നതിപ്രകാരമാണ്. യുദ്ധത്തിന്റെ അവസാനത്തില്‍ ”മുജാഹിദ്ദീനുകളും പാക് പട്ടാളവും എല്ലാ പോര്മുഖങ്ങളിലും പരാജയം നേരിടുകയായിരുന്നു. മെന്ധാര് താഴ്വര പിടിച്ചെടുത്ത ഇന്ത്യന്‍ പട്ടാളം പൂഞ്ചിനെയും സ്വതന്ത്രമാക്കി. അതിന്റെ അടുത്ത ലക്ഷ്യം മിര്പ്പൂരും മംഗളയും ആയിരുന്നു. നമ്മള്ക്കാകെയുണ്ടായിരുന്നത് ഒരു ബ്രിഗേഡു മാത്രമായിരുന്നു. തികച്ചും അപകടകരമായ അവസ്ഥ. പക്ഷേ ശത്രുവിന്റെ കണ്ണില്‍ പൊടിയിട്ടുകൊണ്ട് തന്റെ രാജ്യത്തിന്റെ മാനം രക്ഷിക്കാനായി ലിയക്കത്ത് ആലി ഇന്ത്യയുടെ പക്കല്‍നിന്നും വെടിനിര്‍ത്തല്‍ ഒപ്പിച്ചെടുത്തു.” മുതിര്‍ന്ന സൈനിക അധികാരികളെല്ലാം എതിര്‍ത്ത ഒരു നീക്കമായിരുന്നു ഈ വെടിനിര്‍ത്തല്‍. കുറച്ചുമാത്രം ദിവസങ്ങള്‍കൊണ്ടു കശ്മീര്‍ മുഴുവനും സ്വതന്ത്രമാക്കാന്‍ ഇന്ത്യന്‍ പട്ടാളത്തിനു കഴിയുമെന്നായിരുന്നു അവരുടെ ഉറപ്പ്. പക്ഷേ ലിയാക്കത് ആലിയുടെ സ്നേഹപ്രകടനങ്ങളില്‍ വീണുപോയ ഇന്ത്യന്‍ നേതൃത്വം പട്ടാളത്തെ പിന്‍വലിക്കുകയായിരുന്നു ചെയ്തത്. മറിച്ചായിരുന്നെങ്കില്‍ പാകിസ്ഥാന് അധിനിവേശ കശ്മീരുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഭാരതത്തിന്റെ കൈവശം ഇരിക്കുമായിരുന്നുവെന്ന് അന്ന് ഉറിയിലുണ്ടായിരുന്ന ഇന്ത്യന്‍ ലേഖകനായ ജംനദാസ് അക്തര്‍ രേഖപ്പെടുത്തുന്നു. ഭാരതസൈന്യം വീരോചിതമായി നേടിയ വിജയം മൂഢരായ ഇന്ത്യന്‍ നേതാക്കള്‍ ശത്രുവിന്റെ മുന്പില് അടിയറവുവയ്ക്കുന്ന സംഭവമായിരുന്നു ഇത്. പിന്നീടുള്ള എല്ലാ സൈനിക വിജയങ്ങളും ഇതുപോലെതന്നെ ഫലമില്ലാവിജയങ്ങളായിരുന്നു.
എന്നാല്‍ 2014 ല്‍ അധികാരത്തില്‍ വന്ന ഹൈന്ദവഭാരതത്തിന്റെ പുതിയ ഭരണകൂടം നട്ടെല്ലും നന്മയും ഒന്നിച്ചുകൂടിയാലുണ്ടാവുന്ന നിര്ഭീകതയുടെ പ്രതിരൂപമായിരുന്നു. ഏതാണ്ടൊരു ദശാബ്ദം കൊണ്ട് ചെയ്തുകൂട്ടിയ അബദ്ധജഡിലങ്ങളായ വിദേശനയങ്ങളെ എങ്ങനെ ഒരു ദശാബ്ദംകൊണ്ടു മാറ്റിക്കുറിക്കാം എന്നതിനു തെളിവായിരുന്നു ഇക്കഴിഞ്ഞ പത്തുവര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിദേശനയങ്ങള്‍. ശത്രുരാജ്യങ്ങളായ ചൈനയെയും പാകിസ്ഥാനെയും നിലയ്ക്കുനിര്‍ത്തുന്നതിന് അഭൂതപൂര്‍വ്വമായ കര്‍മ്മപദ്ധതിയാണ് നരേന്ദ്രഭാരതം കാഴ്ചവച്ചത്. ഭാരതം സ്വയം പര്യാപ്തമാണെങ്കില്‍, അതിന്റെ സൈനികര്‍ ആത്മാഭിമാനവും നിശ്ചയദാര്‍ഢ്യവുമുള്ളവരാണെങ്കില്‍ ഈ കര്‍മ്മഭൂമിയുടെ മേധ്യാശ്വത്തിനു കടിഞ്ഞാണിടാന്‍ പാരിലൊരു ശക്തിക്കുമാവില്ലെന്ന ധര്‍മ്മബോധം നവഭാരതത്തിന് ദിശാബോധം പകര്‍ന്നു. ഈ ധൈര്യമായിരുന്നു ഡോക്ലാമിലും മറ്റും ചൈനയുടെ മനോവീര്യം കെടുത്തിയതും.
ഭാരതത്തിനെന്നും പ്രശ്നകാരിയായ പാകിസ്ഥാനോടും ആവശ്യത്തില്‍ക്കവിഞ്ഞ വിനയം നന്നല്ല. ചത്തുപോയ മുഗള്‍സാമ്രാജ്യത്തിന്റെ ദുര്‍ഭൂതം ചേക്കേറിയ കബന്ധമായിരുന്നു പാകിസ്ഥാന്. ഒരു രാജ്യത്തെയളക്കാനുള്ള ഏതു മാനദണ്ഡംവച്ചുനോക്കിയാലും പാക്കിസ്ഥാനൊരസാധാരണ സൃഷ്ടിയായിരുന്നുവെന്ന കീത്ത് കലാര്ഡിന്റെ നിരീക്ഷണം അന്വര്‍ത്ഥമാണ്. (Keith Callard, Pakistan, A Political Study, London, 1951.p.11)അതിന്റെ ജനനത്തിന്റെയും നിലനില്‍പ്പിന്റെയും അടിസ്ഥാനമോ മതഭീകരതയിലധിഷ്ഠിതമായ ഭാരതവിരുദ്ധതയും. ഇസ്ലാം അതിന്റെ തുടക്കം മുതല്‍തന്നെ ഭാരതത്തില്‍ ഹിന്ദുത്വത്തോടുള്ള രക്തരൂക്ഷിതമായ പോരു തുടങ്ങിയതാണ്. അലവുദ്ദീന്‍ ഖില്‍ജി ചിറ്റൂരില്‍ കാട്ടിയ കാമഭ്രാന്തും ഭക്തിയാര്‍ ഖില്‍ജിയുടെ നളന്ദയിലെ ധ്വംസനവും ബാബറിന്റെയും അറംഗസീബിന്റെയും ഹിന്ദുവിരുദ്ധനയങ്ങളും ക്ഷേത്ര ധ്വംസനങ്ങളും ഇതില്‍ ചിലതുമാത്രമാണ്.
തികച്ചും സ്വാഗതാര്‍ഹമായ സമീപനമായിരുന്നു മോദി ഭരണത്തില്‍ ഭാരതം മറ്റു രാജ്യങ്ങളുമായും പുലര്‍ത്തിയത്. അന്താരാഷ്ട്ര ബന്ധത്തില്‍ ഒരുപക്ഷേ ഭാരതം ഏറ്റവും പ്രാമുഖ്യം കൊടുക്കേണ്ട നാടാണ് ജപ്പാന്. രണ്ടിനും ചില പൊതുവായ സാംസ്കാരിക പശ്ചാത്തലവുമുണ്ട്. 1905 ല്‍ റഷ്യക്കെതിരെ സൈനികവിജയം നേടിയ ഈ ഏഷ്യന്‍ രാജ്യം പിന്നീടങ്ങോട്ട് അന്താരാഷ്ട്രസംഘര്ഷങ്ങളില്പ്പെട്ടുഴലുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം ലോകയുദ്ധത്തില്‍ സഖ്യകക്ഷികള്‍ക്കെതിരെ അണിനിരന്ന മറ്റു രാജ്യങ്ങളുണ്ടായിരുന്നിട്ടും അമേരിക്ക ആറ്റംബോംബിടാന് തെരഞ്ഞെടുത്തത് ഈ അക്രൈസ്തവരാജ്യത്തെ മാത്രമായിരുന്നു. ഫിനിക്സിനെപ്പോലെ വീണ്ടുമുയര്ന്നുവന്ന ജപ്പാന് പല രാജ്യങ്ങള്‍ക്കും കണ്ണിലെ കരടായിരുന്നു. സമാധാനകാംക്ഷിയായ ജപ്പാന് ഇന്നു പരിവര്‍ത്തനത്തിന്റെ പാതയിലാണ്. പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ 2023 ലെ സൈനിക ശക്തി വര്‍ദ്ധിപ്പിക്കല്‍ പദ്ധതി വച്ചുനോക്കിയാല്‍ മൂന്നാമത്തെ സൈനികശക്തിയായി ജപ്പാന് ഉയരുമെന്നത് ചില ഏഷ്യന്ശക്തികളെ ഭയപ്പെടുത്തുന്ന കാര്യമാണ്, പ്രത്യേകിച്ചും ചൈനയെ.
ഭാരതവും ജപ്പാനും ഒരുപോലെ കരുതേണ്ടിയിരിക്കേണ്ട രാജ്യവുമാണ് ചൈന. ഇവിടെയാണ് ജപ്പാനുമായുള്ള ഭാരതത്തിന്റെ ഉഭയകക്ഷിബന്ധത്തിന്റെ പ്രസക്തിയേറുന്നതും. ഈ ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു 2023 ലെ രണ്ടുരാജ്യങ്ങളും ഒന്നിച്ചുള്ള സൈനികപരിശീലനങ്ങള്‍. ഇന്ത്യാ-പസഫിക് മേഖലയിലെ ജപ്പാന്റെ ‘ഒഴിവാക്കാനാവാത്ത പങ്കാളി’യായി 2023 മാര്‍ച്ചിലെ ഭാരതസന്ദര്‍ശന സമയത്തു കിഷിദ ഭാരതത്തെ വിശേഷിപ്പിച്ചതും സ്മരണീയമാണ്. ജപ്പാന് ഉദ്ദേശശുദ്ധിയോടും നിശ്ചയദാര്‍ഢ്യത്തോടെയും തീരുമാനിക്കുന്ന കാലയളവില്‍ തങ്ങളുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുന്ന രാജ്യമാണ്. സര്‍വ്വോപരി ഉഭയകക്ഷിബന്ധത്തിന്റെ മൂല്യത്തേ നന്നായി മനസ്സിലാക്കുന്ന നേതൃത്വം ഇരുരാജ്യങ്ങള്ക്കുമുണ്ടെന്നുള്ളത് ഏറ്റവും പ്രാധാന്യമുള്ള വസ്തുതയുമാണ്.
മറ്റു രാജ്യങ്ങളുമായുള്ള മാന്യമായ ബന്ധത്തെയൊഴിച്ചുനിര്ത്തിയാല് അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഭാരതം ഇടപെടാറില്ലായിരുന്നു. റഷ്യ-ഉക്രൈന് യുദ്ധം വര്‍ത്തമാനകാല ഉദാഹരണമാണ്. പരമ്പരാഗത മിത്രമായ റഷ്യയോടുള്ള ശക്തമായ സൗഹൃദം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഉക്രൈനോടും സൗഹൃദത്തില്പ്പോകുവാന് ഭാരതത്തിനു കഴിയുന്നു. എങ്കിലും റഷ്യയോടുള്ള സൗഹൃദവും സ്വാതന്ത്ര്യവും വച്ചുകൊണ്ടുതന്നെ യുദ്ധം മൂലമുണ്ടാകുന്ന നരഹത്യയൊഴിവാക്കണമെന്നു നരേന്ദ്ര മോദി പുടിനെ ഇടക്കിടെ ഓര്മിപ്പിക്കാറുമുണ്ടായിരുന്നത് യുദ്ധം സംസ്കൃതിയുടെ ഘാതകനാണെന്നുള്ള ഭാരതത്തിന്റെ ആകാംക്ഷയെയാണ് വെളിപ്പെടുത്തുന്നത്. റഷ്യക്കെതിരായി ഭാരതത്തെ തിരിച്ച് ഉക്രൈനു വേണ്ടിയുള്ള പൗരസ്ത്യചേരിയില് ചേര്‍ക്കാനുള്ള യൂറോപ്യന്‍ ശക്തികളുടെ തന്ത്രത്തിനും ഭാരതം വഴിപ്പെട്ടില്ല. കാരണം ചേരിചേരലോ ചേരിതിരിക്കലോ അല്ല, അതിന്റെ ലക്ഷ്യം. ഒരുപക്ഷേ വെറും ചേരിചേരായ്മയുമല്ല. മറിച്ച് ലോകരാഷ്ട്രങ്ങളെ ഒരുമിച്ചുനിര്‍ത്തി മാനുഷ്യകത്തിന്റെ മന്ത്രം പ്രാവര്ത്തികമാക്കുകയെന്നുള്ളതാണ്. ലോകസംഗ്രഹവും വസുധൈവ കുടുംബകവും ചരിത്രപഥങ്ങളിലൂടെ തന്റെ ദൗത്യമായേറ്റെടുത്ത ധര്മ്മരാഷ്ട്രത്തിന്റെ ലക്ഷ്യം ആഭിചാരമോ വ്യഭിചാരമോ അല്ല. മറിച്ച് സഞ്ചാരമാണ്-വിശ്വത്തെ സമഞ്ജസം സഞ്ചരിപ്പിക്കുകയെന്നതാണ്. പക്ഷേ ലോകത്തില്‍ ഭാരതത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നത് അതിന്റെ തന്നെ ശക്തിയാണ്. സ്വയം പര്യാപ്തഭാരതം-ആത്മനിര്‍ഭരത്- അതിനെ ലോകരാഷ്ട്രങ്ങളുടെയിടയില്‍ ഭാരതത്തിന് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുക്കാനാവൂ. മോദി ഭരണം കഴിഞ്ഞ ദശാബ്ദംകൊണ്ടു നേടിയ സ്വയം പര്യാപ്തത തന്നെയായിരുന്നു ലോകരാഷ്ട്രങ്ങളുടെയിടയില്‍ ഭാരതത്തിനു ശ്രദ്ധേയമായ സ്ഥാനം ലബ്ധമാക്കിയത്. തന്നെപ്പൊക്കി ദാനം ചെയ്യലല്ല മറിച്ച് സ്വയം ശക്തിയായി നിന്നുകൊണ്ട് മറ്റുള്ളവരെയും ശാക്തീകരിക്കുകയെന്നുള്ളതാണ് ധര്മ്മരാഷ്ട്രമായ ഭാരതത്തിന്റെ വിശ്വദൗത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: