കോഴിക്കോട്: വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ട് ഏകരായ മുണ്ടക്കൈ പുഞ്ചിരിമറ്റം വീട്ടില്‍ അഭിജിത്തിനെയും പിതൃസഹോദര പുത്രന് പ്രണവിനെയും തൊടുപുഴയിലെ ശ്രീകലാ തീര്‍ത്ഥപാദാശ്രമം ഏറ്റെടുത്ത് പഠിപ്പിക്കാനും ജോലി നല്‍കാനും സന്നദ്ധത പ്രകടിപ്പിച്ചു. പ്രണവിന്റെയും അഭിജിത്തിന്റെയും കുടുംബത്തില്‍ ഇവര്‍ മാത്രമാണ് അവശേഷിക്കുന്നത്.
മാധ്യമവാര്‍ത്ത ശ്രദ്ധയില്‍പെട്ട കോഴിക്കോട് കിഴക്കോത്ത് സ്വദേശി ഷൈജിഷ് വിശ്വപ്രഭ, തൊടുപുഴ ആശ്രമത്തിലെ സ്വാമി വിവേകാനന്ദതീര്ത്ഥയുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ ഏറ്റെടുക്കാനും ഹോസ്റ്റലില്‍ താമസിപ്പിച്ച് തുടര്‍ പഠനത്തിനും പഠനശേഷം ജോലി സമ്പാദിച്ചു നല്‍കാനും സന്നദ്ധത അറിയിച്ചു. ബന്ധു ബാബുരാജുമായി സ്വാമി ബന്ധപ്പെട്ട് കുട്ടികളെ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചു. കുട്ടികളുമായി സംസാരിച്ച് തീരുമാനം അറിയിക്കാമെന്ന് ബാബുരാജ് സ്വാമിക്ക് മറുപടി നല്കി. പഠിക്കാന്‍ ആഗ്രഹിക്കുന്ന അത്രയും പഠിപ്പിക്കാന്‍ ആശ്രമം തയ്യാറാണ്. ഇവരുടെ അഭിരുചിക്കൊത്ത ജോലി തെരഞ്ഞെടുത്ത് നല്‍കാനും ആശ്രമം തയ്യാറാകുമെന്ന് സ്വാമി വിവേകാനന്ദ തീര്‍ത്ഥപാദര്‍ അറിയിച്ചു. നിലവില്‍ നിര്‍ധനരായ 500 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രമം തുണയാകുന്നുണ്ട്.
പ്ലസ്ടു കഴിഞ്ഞ് തിരുവനന്തുപുരത്ത് പഠിക്കുകയാണ് അഭിജിത്ത്. മാതാപിതാക്കളെ പിരിഞ്ഞിരിക്കാനുള്ള മടിയില്‍ നാട്ടിലെത്തിയതായിരുന്നു. പ്രണവിന്റെ അമ്മാവനായ ബാബുരാജ് പ്രണവിന്റെയും അഭിജിത്തിന്റെയും കുടുംബത്തെ കല്‍പ്പറ്റ പിണങ്ങോടുള്ള സഹോദരി സുമതിയുടെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഉരുള്‍പൊട്ടിയതിന്റെ തലേന്ന് ബാബുരാജിന്റെ വീടിന്റെ ഒരുഭാഗം മഴയില്‍ തകര്‍ന്നപ്പോള്‍ ബാബുരാജും കുടുംബവും കല്‍പ്പറ്റയിലേക്ക് മാറിത്താമസിക്കുകയായിരുന്നു.
ബാബുരാജ്, ഭാര്യ ദീപ, മക്കളായ ലിയ, ദില്‍ന, ദക്ഷ, അമ്മ രാധ, സഹോദരന് സുരേഷ് കുമാര്‍, ഭാര്യ ശ്രീജ മക്കളായ ദീപക്, ദിപിന്, ദിയ എന്നിവരാണ് കല്‍പ്പറ്റയിലേക്ക് താമസം മാറ്റിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
പ്രണവിന്റെ അമ്മ ശാന്തയും അഭിജിത്തിന്റെ അമ്മ ബബിതയും അര്ദ്ധസഹോദരിമാരാണ്. ശാന്തയുടെ സഹോദരി സുമതിയുടെ കല്‍പ്പറ്റയിലെ വീട്ടിലാണ് ക്യാമ്പില്‍ നിന്നു കൂട്ടിക്കൊണ്ടുവന്ന അഭിജിത്തും പ്രണവും താമസിക്കുന്നത്. ഇരുവരും നിലവിലെ മാനസികാവസ്ഥയില്‍ നിന്നും മോചിതരാവുമ്പോള്‍ ഏറ്റെടുക്കാനുള്ള ആശ്രമത്തിന്റെ സന്നദ്ധത അറിയിക്കുമെന്ന് അമ്മാവന് ബാബുരാജ് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: