മേപ്പാടി: സേവാഭാരതിയുടെ പ്രവര്‍ത്തനം മതിപ്പുളവാക്കുന്നതാണെന്ന് മേപ്പാടി സിഎസ്ഐ പള്ളിയിലെ ഫാ. പി.വി. ചെറിയാന് പറഞ്ഞു.
ഞങ്ങളെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന സഹായമാണ് ഞങ്ങള്‍ ചെയ്തത്. സേവാഭാരതി പ്രവര്‍ത്തകര്‍ അച്ചടക്കത്തോടെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അവര്‍ക്ക് വിശ്രമിക്കാനും അന്തിയുറങ്ങാനും പള്ളി വക സൗകര്യങ്ങള്‍ വിട്ടുനല്‍കിയതില്‍ സന്തോഷമേയുള്ളു. ദുരന്തങ്ങളെ നേരിടുമ്പോള്‍ യഥാര്‍ത്ഥ മനുഷ്യത്വത്തെ തിരിച്ചറിയുന്നു. എല്ലാ അതിര്‍വരമ്പുകളും ഇല്ലാതാകുന്നു. സേവാഭാരതിയെ അടുത്തറിയാന്‍ എനിക്ക് കഴിഞ്ഞു. അതിശയിപ്പിക്കുന്നതാണ് അവരുടെ പ്രവര്‍ത്തനം, അദ്ദേഹം പറഞ്ഞു.
ചൂരല്‍മല ദുരന്തത്തില്‍ മരിച്ചവരുടെ അന്ത്യകര്‍മങ്ങളും സംസ്കാര ക്രിയകളും നടന്നത് മേപ്പാടി മാരിയമ്മന്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശ്മശാനത്തിലാണ്. സേവാഭാരതിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നത്. ഈ മേഖലയിലെ സേവാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലസൗകര്യമില്ലാതെ വലഞ്ഞപ്പോള്‍ സമീപത്തെ സിഎസ്ഐ പള്ളി സര്‍വ്വാത്മനാ സേവാഭാരതിക്ക് സ്ഥലസൗകര്യം നല്കി. പള്ളി വക ഹാള്‍ പൂര്‍ണമായി വിട്ടുകൊടുത്തു. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് പള്ളിയുടെ പ്രധാന ഹാള്‍ തന്നെ നല്കി.
ഭക്ഷണ വിതരണം, സാധന സാമഗ്രികളുടെ സൂക്ഷിപ്പ്, എല്ലാം പള്ളിയില്ത്തന്നെയായി. 54 മൃതദേഹങ്ങളാണ് ഇന്നലെ വരെ മാരിയമ്മന്‍ ശ്മശാനത്തില്‍ സംസ്കരിച്ചത്. 22 സ്ത്രീകളെയും 32 പുരുഷന്മാരെയുമാണ് ഇത് വരെ സംസ്കരിച്ചത്. ഇതില്‍ 8 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. അന്ത്യകര്‍മങ്ങള്‍ സൗജന്യമായാണ് സേവാഭാരതി നിര്‍വഹിക്കുന്നത്. സംസ്കാരത്തിന് ശേഷം ചിതാഭസ്മം ബന്ധുക്കള്‍ക്ക് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: