മെലിഞ്ഞുനീണ്ട അരോഗദൃഢമായ ശരീരം. ഒതുക്കിച്ചീകിവച്ച ഇടതിങ്ങിയ വെളുത്ത മുടിയിഴകള്‍. കണ്ണടക്കിടയിലൂടെ തിളങ്ങുന്ന മിഴികള്‍. നെറ്റിയില്‍ ചന്ദനക്കുറി. നീണ്ടുയര്‍ന്ന മൂക്ക്, വെളുത്ത കട്ടിമീശ, ചുണ്ടുകളില്‍ നിറപുഞ്ചിരി. ഇസ്തിരിവടിവുള്ള അല്‍പ്പമയഞ്ഞ മുറിക്കയ്യന്‍ ഷര്‍ട്ടും പാന്റും. കുലീനഭാവത്തോടെ കൈയില്‍ ചെറിയൊരു ഹാന്‍ഡ്ബാഗുമായി പന്നിയങ്കരയിലെ വീട്ടില്‍നിന്ന് കല്ലായിറോഡിന്റെ ഓരം പറ്റി നഗരത്തിലെ സാസ്‌കാരികപരിസരങ്ങളിലേക്ക് നിത്യവും വേഗമായ ചുവടുകളോടെ കൈവീശി നടന്നുവന്നിരുന്ന ആ വൃദ്ധതരുണനാരായിരുന്നു!
അടുത്തെത്തുമ്പോഴും അടുക്കുമ്പോഴുമറിയാം തികഞ്ഞ പാണ്ഡിത്യം. എല്ലാരോടും പരിഭവമേതു മില്ലാത്ത നിറഞ്ഞ സ്‌നേഹം. പ്രസന്നഭാവം. വിനയത്തോടെയുള്ള തലയെടുപ്പ്. ദിനചര്യപോലെ സാംസ്‌കാരികപ്രവര്‍ത്തനം. സമയനിഷ്ഠ പാലിക്കുന്നതിലുള്ള കണിശത. സ്ഫുടവും വ്യക്തതയുമുള്ള ശബ്ദത്തില്‍ മധുരമായ സംസാരം. ഏതു ചോദ്യത്തിനും പ്രസാദാത്മകമായ മറുപടി. ചെയ്യുന്ന കാര്യങ്ങളിലെ കൃത്യതയും ആത്മാര്‍ഥതയും. ദേശീയതയോടും ഭാരതീയ സംസ്‌കാരത്തോടുമുള്ള അടിയുറച്ച വിശ്വാസവും അടങ്ങാത്ത പ്രതിബദ്ധതയും. ആരായിരുന്നു ഈ കര്‍മ്മനിഷ്ഠന്‍!
ഒരേയൊരു പി. ചന്ദ്രശേഖരന്‍. ആകാശവാണി മുന്‍ ന്യൂസ് എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകനും. ബഹുമാനത്തോടെ ചിലര്‍ ചന്ദ്രശേഖരന്‍സാറെന്ന് വിളിക്കും. സ്‌നേഹാദരങ്ങളോടെ ചിലര്‍ ചന്ദ്രേട്ടനെന്നു വിളിക്കും. വിഖ്യാത വേദപണ്ഡിതനായ വി.കെ. നാരായണഭട്ടതിരിയുടെ മകന്‍. സാഹിത്യതത്പരന്‍. സാംസ്‌കാരികപ്രവര്‍ത്തകന്‍. സംസ്‌കൃതം, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഒരുപോലെ പ്രാവീണ്യമുണ്ടായിരുന്ന ബഹുഭാഷാ വിദഗ്ധന്‍. 1955 ല്‍ രൂപമെടുത്ത കോഴിക്കോട് മലബാര്‍ വര്‍ക്കിങ് ജേണലിസ്റ്റ് അസോസിയേഷന്‍ എന്ന പത്രപ്രവര്‍ത്തക യൂണിയന്റെ സ്ഥാപക സെക്രട്ടറി. കേരളത്തിലെ ആദ്യ പത്രപ്രവര്‍ത്തക യൂണിയന്‍ സംഘാടകരുടെ അവസാന കണ്ണി.
വിഖ്യാത പത്രാധിന്മാരായിരുന്ന വി.എം.കൊറാത്ത്, വി.എം.ബാലചന്ദ്രന്‍ (വിംസി), സുകുമാരന്‍ പൊറ്റക്കാട്, ടി.പി.സി. കിടാവ്, മാധവനാര്‍, സി.എച്ച്. കുഞ്ഞപ്പ, ടി.വേണുഗോപാലന്‍ തുടങ്ങിയ പ്രഗത്ഭര്‍ക്കൊപ്പം മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്ത ശേഷമാണ് ആകാശവാണിയില്‍ പ്രവേശിക്കുന്നത്. അവിടെ ദീര്‍ഘകാലം ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചു. വിരമിച്ച ശേഷവും നിത്യവും കോഴിക്കോട് നിലയിത്തില്‍നിന്ന് കാലത്തുള്ള പ്രാദേശികവാര്‍ത്തകര്‍ തയാറാക്കാന്‍ ജോലിയിലുള്ള വൈദഗ്ദ്യം കണക്കിലെടുത്ത് എല്ലാ ദിവസവും അദ്ദേഹത്തെ വീട്ടിലേക്ക് കാറയച്ചു വരുത്തുമായിരുന്നു ആകാശവാണി അധികൃതര്‍.
ഔദ്യോഗികജീവിതത്തിനു ശേഷം പലവിധ സാംസ്‌കാരികപ്രവര്‍ത്തനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ‘വിശ്രമജീവിതം’. ഭക്ഷണവും ശ്വാസോച്ഛ്വാസവും പോലെയായിരുന്നു അദ്ദേഹത്തിന് അക്ഷരശ്ലോകം. കോഴിക്കോട് അക്ഷരശ്ലോകസമിതിയില്‍ എല്ലാ ആഴ്ചയും മുടങ്ങാതെ പങ്കെടുത്തുകൊണ്ട് അതില്‍ ജീവിതാവസാനംവരെ നേതൃത്വപരമായ പങ്കുവഹിച്ചു. പുതുതലമുറയെ സംസ്‌കൃതപഠനത്തിലേക്ക് ആകര്‍ഷിക്കാനായി കേസരി വാരികയിലടക്കം വിവിധ പത്രപംക്തികള്‍ എഴുതുന്നതും ക്ലാസുകള്‍ സംഘടിപ്പിക്കുന്നതും ജന്മദൗത്യം പോലെ ഏറ്റെടുത്ത് നടത്തി. സ്വന്തം പിതാവായ വി.കെ.നാരായണഭട്ടതിരിയുടെ രചനകള്‍ മുഴുവന്‍ ഓരോന്നായി കണ്ടെടുത്ത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനായി പുത്രനിയോഗമെന്നപോലെ പരിശ്രമിച്ചുകൊണ്ടിരുന്നു. ഭാരതീയ സംസ്‌കാരത്തിലധിഷ്ഠിതമായ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നഗരത്തില്‍ നടക്കുന്ന ഏതൊരു പരിപാടിയിലും സദസ്സിന്റെ മുന്‍നിരയില്‍ എന്നും പ്രസന്നമായ ആ സാന്നിധ്യമുണ്ടാവുമായിരുന്നു.
മഹാകവി അക്കിത്തം ഭാഗവതതര്‍ജമ നടത്തിയപ്പോള്‍ അതിന്റെ എഡിറ്റിങ്ങിലും ടിപ്പണി തയാറാക്കുന്നതിലും പ്രതിഫലേച്ഛയില്ലാത്ത സേവനമനുഷ്ഠിച്ചിരുന്നു പി.ചന്ദ്രശേഖരനെന്ന് പലര്‍ക്കുമറിയില്ല. കേസരി, പ്രഗതി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടി ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍നിന്നുള്ള ലേഖനങ്ങളും മറ്റും വിവര്‍ത്തനം ചെയ്യാറുണ്ടായിരുന്നു അദ്ദേഹം.
പത്തു വര്‍ഷത്തിലേറെക്കാലം തപസ്യ കലാ-സാഹിത്യവേദിയുടെ കോഴിക്കോട് ജില്ലാ അധ്യക്ഷനും പിന്നീട് അതിന്റെ കീഴിലുള്ള ‘അക്ഷരനിധി’യുടെ സംസ്ഥാനതല അധ്യക്ഷനുമായിരുന്നു പി.ചന്ദ്രശേഖരന്‍. വി.എം.കൊറാത്ത്, എം.എ.കൃഷ്ണന്‍ (എം.എ സാര്‍) എന്നിവരുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ തപസ്യ പ്രവര്‍ത്തകനാക്കിയത്. മുടങ്ങാതെ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ തപസ്യ ഓഫീസിലെത്തും. ഏതു കാര്യത്തിനും എല്ലാ പ്രവര്‍ത്തകരുടെയും ഒപ്പമുണ്ടാവും. എന്ത് ആവശ്യപ്പെട്ടാലും മുഷിപ്പോ മടിയോ കൂടാതെ തന്നെക്കൊണ്ട് സാധിക്കുന്നതു പോലെ ചെയ്യും. വാര്‍ഷികോത്സവങ്ങള്‍, സംസ്ഥാന പഠനശിബിരങ്ങള്‍ തുടങ്ങി എല്ലാ പരിപാടികളിലും താന്‍ പങ്കെടുക്കേണ്ടുന്ന എല്ലാ യോഗങ്ങളിലും കൃത്യമായി പങ്കെടുക്കും. തപസ്യയുടെ വാര്‍ത്തികം മാസികയ്‌ക്കുവേണ്ടി വേണ്ടി മാറ്ററുകള്‍ ശേഖരിക്കുകയും തയാറാക്കുകയും ചെയ്യുന്നത് സ്വന്തം ഉത്തരവാദിത്വം പോലെ ഏറ്റെടുത്തു. അക്ഷരശ്ലോകരംഗത്തടക്കം വിവിധ മേഖലകളില്‍ തന്റെ സൗഹൃദവലയത്തിലുണ്ടായിരുന്നവരെ തപസ്യയുടെ ഭാഗമാക്കുന്നതില്‍ പ്രത്യേകമായ ശ്രദ്ധ കൊടുത്തിരുന്നു അദ്ദേഹം. തപസ്യ പ്രവര്‍ത്തനത്തില്‍ മുഴുകുമ്പോഴൊക്കെ ‘ഇങ്ങനെ പോര, സംഘടന കുറേക്കൂടി ശക്തമാവണം’ എന്ന പരിഭവവും പ്രത്യാശയും മനസ്സുതുറന്നു പറയും.
കോഴിക്കോട് പന്നിയങ്കര ദേവീക്ഷേത്രത്തിനടുത്തുള്ള ‘പ്രശാന്തി’ എന്ന അദ്ദേഹത്തിന്റെ വീട്ടില്‍ എത്രയോ തവണ തപസ്യ കേന്ദ്രഭരണ സമിതിയുടെ അടക്കമുള്ള യോഗങ്ങള്‍ നടന്നിട്ടുണ്ട്. അവിടെ ചെല്ലുന്ന തപസ്യക്കാര്‍ക്ക് അദ്ദേഹത്തിന്റെയും ധര്‍മ്മപത്‌നിയുടെയും സ്‌നേഹനിര്‍ഭരമായ ആതിഥ്യം അനുഭവിക്കാന്‍ സാധിച്ചിരുന്നു.
സഫലവും സംതൃപ്തവുമായ ജീവിതമായിരുന്നു പി.ചന്ദ്രശേഖരന്റേത്. വ്യക്തിജീവിതത്തിലും സാംസ്‌കാരികപ്രവര്‍ത്തനത്തിലും. ഒമ്പത് പതിറ്റാണ്ടുകാലം തികഞ്ഞ ആരോഗ്യത്തോടെ ജീവിച്ച അദ്ദേഹത്തിന്റെ മനസ്സും ആരോഗ്യവും തളര്‍ത്തിയത് സഹധര്‍മ്മിണിയുടെ വേര്‍പാടുണ്ടാക്കിയ ഒറ്റപ്പെടലായിരിക്കാം.
എന്തുകൊണ്ടോ അദ്ദേഹത്തിന്റെ പാണ്ഡിത്യമോ മഹത്വമോ നമ്മുടെ സാംസ്‌കാരികലോകം വേണ്ടത്ര തിരിച്ചറിഞ്ഞില്ല. പ്രയോജനപ്പെടുത്തിയില്ല. അര്‍ഹിക്കുന്ന അംഗീകാരങ്ങളോ ആദരവുകളോ വേണ്ടത്ര നല്‍കിയില്ല. ഒന്നും അദ്ദേഹം തീരെ ആഗ്രഹിച്ചിരുന്നുമില്ല. എന്നാല്‍ താന്‍ ചെയ്ത കാര്യങ്ങള്‍ വേണ്ടപ്പെട്ടവര്‍ കണ്ടില്ലയെന്ന് നടിച്ചപ്പോള്‍ ചെറിയ ദുഃഖം പ്രകടിപ്പിച്ചിരുന്നു അദ്ദേഹം. നമ്മുടെ സാമൂഹ്യജീവിതത്തതില്‍നിന്നു മാഞ്ഞുപോയ്‌ക്കൊണ്ടിരിക്കുന്ന മാതൃകാവ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സാധാരണക്കാരനായ ഒരു അസാധാരണക്കാരന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: