കെട്ടുകാഴ്ചയെപ്പോലെ ചെട്ടികുളങ്ങരയുടെ കീര്‍ത്തി അന്യദേശങ്ങളിലെത്തിച്ച വിശിഷ്ടമായ ഒരനുഷ്ഠാനമാണ് കുത്തിയോട്ടം. അങ്കച്ചുവടുകളെ അനുസ്മരിപ്പിക്കുന്ന ചടുലചലനങ്ങളും താളക്കൊഴുപ്പുള്ള വായ്ത്താരിയും ഇതിന്റെ പ്രത്യേകതകളാണ്. എന്നല്ല, വായ്ത്താരികള്‍ക്കൊത്ത പാട്ടും ചുവടുകളും ചേര്‍ന്ന രംഗാവതരണമെന്ന നിലയിലാണ് കുത്തിയോട്ടം അനുഷ്ഠാനത്തിന്റെ സ്വരൂപഘടന. നാടന്‍ ശീലുകളില്‍ വായ്ത്താരികളുടെ ആവര്‍ത്തനങ്ങളോടെ (താനവട്ടങ്ങളോടെ) പാടുന്നപാട്ടുകള്‍ ഇതിനുണ്ട്. കുത്തിയോട്ടപ്പാട്ടുകള്‍ എന്നാണിത് അറിയപ്പെടുന്നത്.
മലയാളത്തിലെ പാട്ടുസാഹിത്യത്തില്‍ ഉള്‍പ്പെടുന്ന പാരമ്പര്യമാണ് ഇതിനുള്ളത്. ”ചെട്ടികുളങ്ങര മാതേവിയമ്മയ്ക്കെന്/എട്ടുവയസ്സിലെ കുത്തിയോട്ടം” എന്ന പാട്ട് ഓണാട്ടുകരയിലെങ്ങും പ്രസിദ്ധമാണ്. ഈവരികളെ മുന്‍നിര്‍ത്തി, ഇതില്‍പ്പറയുന്ന മാധവിയമ്മ കായംകുളം രാജാവിന്റെ മകളായിരിക്കാമെന്ന് കറുപ്പുംവീട്ടില്‍ ഗോപാലപിള്ള അഭ്യൂഹിക്കുന്നു. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കുത്തിയോട്ടം എന്ന വഴിപാടാരംഭിച്ചത് ഈ രാജപുത്രിയുടെ എട്ടാം ജന്മനക്ഷത്രത്തിലായിരിക്കുമെന്നും അദ്ദേഹം സങ്കല്‍പ്പിക്കുന്നു (കേരളമഹാചരിത്രം, പേജ് 360).
നിരുത്തരവാദിത്തപരമാണ് കറുപ്പുംവീട്ടില്‍ ഗോപാലപിള്ളയുടെ ഈ നിഗമനം. കാരണം, അനുഷ്ഠാനത്തിനുരുവാക്കപ്പെട്ട, ചൂരല്‍മുറിഞ്ഞ, എട്ടുവയസ്സുകാരനായ ഒരു ബാലന്റെ ആത്മാലാപമെന്ന നിലയിലാണ് ഈ പാട്ടുവികസിക്കുന്നത്. അദ്ദേഹം ഉദ്ധരിക്കുന്നതിനു ശേഷമുള്ളവരികള്‍ ഇതുവ്യക്തമാക്കുന്നു. വരികള്‍ ഇങ്ങനെ:
”പള്ളക്കിരുവശം ചൂരല്‍മുറിഞ്ഞിട്ടു(കൊരുത്തിട്ടു)/എന്നപ്പെടുത്തുന്ന വേലകണ്ടോ.”
ഈ വരികളില്‍ താനനുഭവിച്ചതിനെ തമാശരൂപത്തില്‍ പാടിയവതരിപ്പിക്കുന്ന ബാലകന്റെ മനസ്സു വ്യക്തമാണ്. ഭക്തിയിലും പരിഹാസച്ഛവികലര്ത്തി വിഷയാവതരണം നടത്തുന്ന പഴയ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ഈ വരികള്‍. കുത്തിയോട്ടപ്പാട്ടിന്റെ പൂര്‍വ്വഗാമിയായ കരടിപ്പാട്ടിന്റെ സഹജ ഭാവമായ കറുത്തഫലിതമാണ്(ബ്ലാക്ക്ഹ്യൂമര്‍) ഇതില്‍ പ്രകടമാകുന്നത്. അതിനാലാണ് നമുക്ക് കറുപ്പുംവീട്ടില്‍ ഗോപാലപിള്ളയുടെ മേല്‍പ്പറഞ്ഞ നിരീക്ഷണത്തോടു വിയോജിക്കേണ്ടിവരുന്നത്.
കേരളത്തില്‍ പലേടത്തും കുത്തിയോട്ടം വഴിപാട് നിലവിലുണ്ടെങ്കിലും ചെട്ടികുളങ്ങരയിലേതുപോലെ പ്രശസ്തമായത് വേറൊന്നില്ല. സമീപകാലത്ത് കുത്തിയോട്ടത്തെ സംബന്ധിച്ച് ചില വിവാദങ്ങള്‍ ഉടലെടുക്കുകയുണ്ടായെങ്കിലും ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് കൊല്ലങ്കോട് മുതല്‍ ചങ്ങനാശേരി വരെയുള്ള പ്രദേശങ്ങളില്‍ ഈ അനുഷ്ഠാന കലാരൂപം അവതരിപ്പിച്ചുവരുന്നു.
അനുഷ്ഠാനവും: ചടങ്ങുകളും
കുത്തിയോട്ടം ചെട്ടികുളങ്ങരയിലെ പ്രധാനപ്പെട്ട ഒരു വഴിപാടാണ്. കെട്ടുകാഴ്ചയൊരുക്കത്തെപ്പോലെ കുഭത്തിലെ തിരുവോണം-ശിവരാത്രി ദിവസം-നാളിലാണ് ഇതിന്റെയും തുടക്കം.
പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് കുത്തിയോട്ട വഴുപാടിനായി തെരഞ്ഞെടുക്കുന്നത്. ശിവരാത്രി ദിവസം രാവിലെ ദേശദേവതയായ ഭഗവതിയുടെ തിരുനടയില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം കുത്തിയോട്ട വഴിപാടിനുള്ള ബാലന്മാരെ വഴിപാടുകാര്‍ ഏറ്റുവാങ്ങുന്നു. ക്ഷേത്രത്തില്‍ പൂജിച്ച പൂമാല കുട്ടികളുടെ കഴുത്തില്‍ അണിയിക്കും. തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ക്കും കുത്തിയോട്ട ആശാന്മാര്ക്കും ക്ഷേത്രനടയില്‍വെച്ച് ദക്ഷിണ നല്‍കും. ഇതോടെ കുട്ടികളെ ഏറ്റെടുക്കുന്ന ചടങ്ങ് പൂര്‍ത്തിയാകും. അനുഷ്ഠാനത്തിന്റെ തുടക്കം ഇതാണ്.
വഴിപാടുകാരുടെ വീട്ടില്‍ അന്നു വൈകുന്നേരം മുതല്‍ പരിശീലനം ആരംഭിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഭദ്രകാളി സങ്കല്പ്പത്തിനുമുന്നിലാണ് പരിശീലനം. വാളും പീഠവുമാണ് ഭഗവതീസങ്കല്പ്പത്തിലുണ്ടാവുക. ദാരികനിഗ്രഹം കഴിഞ്ഞുവരുന്ന കാളിയുടെ ചിത്രമാണ് പതിവ്. ഇപ്പോള്‍ ദേവീരൂപം പ്രതിഷ്ഠിക്കുന്നു.
പാട്ടിനും ചുവടിനും ആശാന്മാരുണ്ട്. ഇവര്‍ യഥാക്രമം പാട്ടാശാനും ചുവടാശാനുമെന്ന് അറിയപ്പെടുന്നു. അഞ്ചുദിവസം പരിശീലനമുണ്ടാവും. പരിശീലനക്കാലത്ത് ആശാന്മാര് കുട്ടികളുടെ വാരിയെല്ലിനിരുവശവുമുള്ള തൊലിതടവി പാകപ്പെടുത്തും. രേവതിനാളിലാണ് പരിശീലനം അവസാനിക്കുന്നത്. അന്ന് കരസദ്യയും പൊലിവുപാട്ടും നടക്കുന്നു. ആറാം ദിവസം അശ്വതിയാണ്. അന്ന് വിശ്രമം.
കോതുവെട്ട്
ഈ ദിവസം ക്ഷുരകന് കുട്ടികളെ ‘കോതുവെട്ടുന്നു.’ ഭരണിനാളില്‍ മുടിമുറിച്ച് ഒരുക്കുന്നതിനാണ് കൊതുവെട്ട് എന്നു പറയുന്നത്. ഭരണിനാളില്‍ അതിരാവിലെ ചൂരല്‍ മുറിയുന്നു. നേര്‍ച്ചക്കുട്ടികളുടെ പള്ളക്കിരുവശവും നേരത്തേകൂട്ടി തടവി പാകപ്പെടുത്തിയ തൊലികള്‍ക്കിടയിലൂടെ നേര്‍ത്ത ചൂരല്പാളികള് കടത്തുന്ന ചടങ്ങാണിത്. ഈയത്താലുണ്ടാക്കിയ കരുവി എന്ന മാധ്യമം ഇതിനുപയോഗിക്കും. ഇപ്പോള്‍ സിറിഞ്ചാണു പകരം ഉപയോഗിക്കുന്നത്. ചൂരല്പ്പൊളിക്കുപകരം വെള്ളിനൂലും സ്വര്‍ണ്ണനൂലുമാണ് അടുത്തകാലത്തായി ചൂരല്മുറിയാന് ഉപയോഗിക്കുന്നത്.
ഭരണിനാളില്‍ പ്രഭാതത്തോടെ വഴിപാടുസംഘം ഘോഷയാത്രയായി ക്ഷേത്രനടയിലെത്തി വഴിപാട് സമര്‍പ്പിക്കുന്നു. താലപ്പൊലി, പക്കമേളം, അമ്മന്‍കുടം, കുത്തിയോട്ടപ്പാട്ട് എന്നിവകളോടു കൂടിയാണു ഘോഷയാത്ര.
തിരുവനന്തപുരം ജില്ലയിലെ കുത്തിയോട്ട ഘോഷയാത്രത്തില്‍ ഓണാട്ടുകരയിലെ കുത്തിയോട്ടങ്ങളില് നിന്നും വ്യത്യസ്തമായി അരത്തം (രക്തം, കുരുതിവെള്ളം- ശബ്ദതാരാവലി, പേജ് 194) കരുതും. മഞ്ഞളും ചുണ്ണാമ്പുവെള്ളവും ചേര്‍ന്ന ചുവന്ന നിറത്തിലുള്ള മിശ്രിതമാണ് അരത്തം. ഇതു രക്തത്തെ പ്രതീകവല്‍ക്കരിക്കുന്നു.
വഴിപാടു സമര്‍പ്പണം
ക്ഷേത്ര പരിസരത്തോ, വഴിയരികിലെ പവിത്രസ്ഥാനത്തോ വച്ച് ചൂരല്‍ മുറിഞ്ഞ ശേഷം, ക്ഷേത്ര നടയില്‍ എത്തുന്ന കുത്തിയോട്ട വഴിപാടുസംഘം കുട്ടികള്‍ക്കുചുറ്റും വലയമായി നിന്നുകൊണ്ട് പാട്ടുകള്‍ പാടി നാലുപാദം ചുവടുകള്‍ വയ്പ്പിക്കുന്നു. ഭഗവതിക്കു മുന്നില്‍ വഴിപാടുകാരന് പ്രാര്‍ത്ഥനാപൂര്‍വ്വം വഴിപാടു സമര്‍പ്പിക്കുന്നു. തന്റെ സമര്‍പ്പണം സ്വീകരിച്ചനുഗ്രഹിക്കാന്‍ അയാള്‍ അമ്മയോട് അപേക്ഷിക്കുന്നു.
കുട്ടികളുടെ ശരീരത്തില്‍നിന്നു ശ്രദ്ധാപൂര്‍വ്വം ഊരിയെടുത്ത ചൂരല്‍പ്പൊളി/സ്വര്ണ്ണനൂല്/വള്ളിനൂല് നാക്കിലയില്‍വച്ച് നടയില്‍ സമര്‍പ്പിക്കുന്നു. ശരീരത്തുനിന്നും പൊടിയുന്ന ചോരയും വാഴയിലയില്‍ തേയ്ക്കുന്നു.
സ്വര്‍ണ്ണനൂലും വെള്ളിനൂലും ചിലര്‍ കാണിക്കവഞ്ചിയില്‍ നിക്ഷേപിക്കുന്നു. ചൂരല്മുറിയുന്ന കുട്ടികളെ പിന്നീട് കണികാണാന്‍ കൊള്ളില്ലെന്നൊരു വിശ്വാസവും ഇതോടൊപ്പമുണ്ട്. ഒറ്റക്കുത്തിയോട്ടം ഇരട്ടക്കുത്തിയോട്ടം എന്നിങ്ങനെ രണ്ടുവിധത്തിലാണ് കുത്തിയോട്ടം. വഴുപാടായി ഒരുകുട്ടിമാത്രമുള്ളതാണ് ഒറ്റക്കുത്തിയോട്ടം. രണ്ടുകുട്ടികളുള്ളതിനെ ഇരട്ടക്കുത്തിയോട്ടമെന്നും പറയുന്നു.
നിഷ്കളങ്കഭക്തിയുടെ സാക്ഷാത്കാരം
‘തന്നന്നം താനന്നം’ (തന്റെ അന്നം (ആഹാരം) തന്നെയാണ് ഭഗവതി / ഭഗവാന്റെയും അന്നം. പണ്ട് ശബരിയുടെ ആശ്രമത്തിലെത്തിയ ശ്രീരാമനു, സ്വയം രുചിച്ചുനോക്കി തൃപ്തിപ്പെട്ടശേഷം മാത്രം, ഫലമൂലാദികള്‍ ഭഗവാനു നല്കിയ ശബരിയെന്ന ഗോത്ര വിഭാഗത്തില്‍പ്പെട്ട സ്ത്രീയെ ഓര്‍ക്കാം) എന്ന വായ്ത്താരിയുടെ പൊരുളടക്കത്തിന്റെ സമര്‍പ്പണവും സാക്ഷാത്ക്കാരവുമാണ് ചൂരല്‍മുറിയല്‍.
വിളവെടുപ്പുത്സവത്തിന്റെ കാലമാണ് കുത്തിയോട്ട അനുഷ്ഠാനത്തിന്റെയും അവതരണകാലം. തന്റെ വിളവിന്റെയും നേട്ടത്തിന്റെയും മൂലകാരണം ഭഗവതിയാണെന്നു പ്രാക്തന മനുഷ്യന് കരുതി. എന്നല്ല, എല്ലാ ശക്തിയുടെയും അടിസ്ഥാനം ഭഗവതിയാണെന്നവന് സങ്കല്പിച്ചു. അതിനാല്‍ എല്ലാറ്റിനും മൂലകാരണമായ ഭഗവതിക്ക് തന്റെ പ്രാണന്റെ കരുത്തായ, നിലനില്‍പ്പിനാധാരമായ, ചോരതന്നെ നല്‍കാനും അവന് തയ്യാറാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: