പാരീസ്: മനു ഭാകറിന് ശേഷം പാരീസില്‍ നിന്നും ഭാരതത്തിനായി നിരവധി ചരിത്ര നിമിഷങ്ങള്‍ പിറന്നു. അതില്‍ മെഡല്‍ പ്രതീക്ഷയോടെ തലയുയര്‍ത്തി നില്‍ക്കുന്നത് പുരുഷ ബാഡ്മിന്റിണ് സിംഗിള്‍സിലെ ലക്ഷ്യ സെന്‍ നടത്തിയ മുന്നേറ്റം മാത്രം. ഇന്നത്തെ കളി ജയിക്കാനായാല്‍ താരം ഫൈനലിന് യോഗ്യനാകും. ഒപ്പം ഒളിംപിക് വെള്ളി മെഡല്‍ ഉറപ്പാകുകയും ചെയ്യും. ഫൈനലില്‍ ജയിക്കാന്‍ സാധിച്ചാല്‍ സ്വര്‍ണം സ്വന്തമാക്കാം.
ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന സെമിയില്‍ കരുത്തന് താരമാണ് താരത്തെ കാത്തിരിക്കുന്നത്. പുരുഷ സിംഗിള്‍സില്‍ നിലവിലെ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവാണ് ലക്ഷ്യയുടെ ഇന്നത്തെ എതിരാളി വിക്ടോര്‍ ആക്സില്സെന്. ഇരുവരും തമ്മില്‍ ഇതുവരെ നേര്‍ക്കുനേര്‍ വന്നിട്ടുള്ളത് എട്ട് തവണ. അതില്‍ ഏഴ് തവണയും ജയിച്ചത് വിക്ടോര്‍. ഒരു മത്സരത്തില്‍ മാത്രമാണ് ലക്ഷ്യ ജയിച്ചിട്ടുള്ളത്. കരുത്തന് താരത്തെ 2022 ലോക ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ മലയാളി താരം എച്ച്.എസ്. പ്രണോയി തോല്‍പ്പിച്ചിട്ടുണ്ട്. ആക്സില്സെന് ഏതെങ്കിലുമൊരു ഭാരത താരവുമായി പൊരുതിയ അവസാന മത്സരമായിരുന്നു അത്.
ലക്ഷ്യ ഇക്കുറി കരുത്തന് വെല്ലുവിളകളെ അതിജയിച്ചാണ് സെമി വരെ എത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്തോനേഷ്യയുടെ ജോനാതന് ക്രിസ്റ്റിയെ തോല്‍പ്പിച്ച ലക്ഷ്യ നോക്കൗട്ടില്‍ സൂപ്പര്‍ താരങ്ങളായ എച്ച്.എസ്. പ്രണോയിയെയും ചൗ ടിയെന്‍ ചെനിനെയും ആണ് തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: