ന്യൂദല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കന്‍ നേവിയുടെ തടവിലായിരുന്ന 21 ഭാരത മത്സ്യത്തൊഴിലാളികള്‍ തമിഴ്നാട്ടില്‍ തിരിച്ചെത്തി. ശ്രീലങ്കയിലെ ഭാരത ഹൈക്കമ്മിഷനും ജാഫ്നയിലെ കോണ്‍സുലേറ്റ് ജനറലും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ വ്യാഴാഴ്ച ഇവരെ മോചിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മോചിതരായ മത്സ്യത്തൊഴിലാളികള്‍ ഇന്നലെ രാവിലെ ചെന്നൈയിലെത്തിയതായി കൊളംബോയിലെ ഭാരത ഹൈക്കമ്മിഷന് സ്ഥിരീകരിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്നും ഇവരെ എത്രയും പെട്ട് മോചിപ്പിച്ച് രാജ്യത്തെത്തിക്കാനുള്ള ശ്രമം നടത്തുമെന്ന് ശ്രിലങ്കയിലെ ഭാരത ഹൈക്കമ്മിഷന് അറിയിച്ചിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളുടേയും നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച നടത്തി വിട്ടയയ്ക്കാന് തീരുമാനിക്കുകയായിരുന്നു.
ശ്രീലങ്കന്‍ നാവിക സേനയുടെ ബോട്ടുമായി കൂട്ടിയിടിച്ച് മറിഞ്ഞ ബോട്ടിലെ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ട് പേരെയും മോചിപ്പിച്ചിട്ടുണ്ട്. മുത്തു മണിയാണ്ടി, മൂക്കയ്യ എന്നിവരെയാണ് മോചിപ്പിച്ചത്. വ്യാഴാഴ്ച കച്ചത്തീവ് ദ്വീപിന് വടക്ക് 5 നോട്ടിക്കല്‍ മൈല്‍ അകലെ ശ്രീലങ്കന്‍ നാവിക സേനയുടെ കപ്പലും ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. ഒരാളെ കാണാതായി. രണ്ട് പേരെ രക്ഷപ്പെടുത്തി കാങ്കസന്തുറൈ കരയില്‍ എത്തിച്ചെങ്കിലും നേവി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സംഭവത്തില്‍ വിദേശകാര്യമന്ത്രാലയം ദല്‍ഹിയിലെ ശ്രീലങ്കന്‍ ആക്ടിങ് ഹൈക്കമ്മിഷണറെ നേരിട്ട് വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. പിന്നാലെ ഇരുവരേയും കൂടി ശ്രീലങ്കന്‍ നേവി മോചിപ്പിച്ചിട്ടുണ്ട്. മരിച്ചയാളുടെ മൃതദേഹവവും നാവിക സേനയുടെ കപ്പലായ ഐഎന്‍എസ് ബിത്രയ്ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
മത്സ്യത്തൊഴിലാളികളുടെ അറസ്റ്റും ജീവഹാനിയും തുടര്‍ച്ചയാവുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് പ്രതികരിച്ചു. മരിച്ചയാളുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: