മുംബൈ: അമേരിക്കയിലെ സുപ്രസിദ്ധ കോമിക് ബുക് കമ്പനിയാണ് മര്‍വെല്‍ കോമിക്സ്. സ്പൈഡര്‍മാന്‍, ഹള്‍ക്, അയേണ്‍മാന്‍….ഇതെല്ലാം മാര്‍വെല്‍ കോമിക്സിന്റെ സൃഷ്ടിയാണ്. മാര്‍വെല്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ എത്തിക്കുന്ന കമ്പനിയാണ് അമേരിക്കയിലെ മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സ്.
മാര്‍വെല്‍ കമ്പനി പുറത്തിറക്കിയ സൂപ്പര്‍ ഹീറോ സിനിമകളോട് പൊതുവേ അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും പ്രേക്ഷകരില്‍ മടുപ്പ് വളര്‍ന്നുവരികയായിരുന്നു. മൂന്ന് സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ തലകുത്തി വീണ ശേഷം ഇതാ നാലാമത്തെ ഒരെണ്ണം മാര്‍വെലിനെ അതിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ സഹായിക്കുന്നു. ‘ഡെഡ് പൂള്‍ ആന്‍റ് വോള്‍വെറിന്‍’ എന്ന ഈ സൂപ്പര്‍ ഹീറോ ചിത്രം ഇന്ത്യയില്‍ വന്‍ജനപ്രീതി നേടുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം.
മാര്‍വെലിന്റെ പുതിയ സൂപ്പര്‍ ഹീറോ സിനിമയാണ് ‘ഡെഡ് പൂള്‍ ആന്‍റ് വോള്‍വെറിന്‍’ ഇന്ത്യയില്‍ 100 കോടിയിലേക്ക് കുതിക്കുകയാണ്. ഒരാഴ്ചയില്‍ ഇന്ത്യന്‍ തീയറ്ററുകളില്‍ നിന്നും 94.15 കോടി രൂപയോളം കൊയ്തു ഈ മാര്‍വെല്‍ സൂപ്പര്‍ ഹീറോ സിനിമ. ലോകത്താകമാനം ഈ ചിത്രം 4000 കോടിയില്‍ അധികം നേടിക്കഴിഞ്ഞു. ഇന്‍സൈഡ് ഔട്ട് രണ്ടാം ഭാഗത്തിന് ശേഷം 2024ല്‍ 100 കോടി ഡോളര്‍ വരുമാനം നേടുന്ന രണ്ടാമത്തെ സിനിമയായി ഡെഡ് പൂള്‍ ആന്‍റ് വോള്‍വെറിന്‍ മാറുമെന്നാണ് ഹോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഈ സിനിമ നിര്‍മ്മിക്കാന്‍ മാര്‍വെല്‍ ചെലവാക്കിയിരിക്കുന്നത് 1675 കോടിയാണ്. ഏകദേശം 837 കോടിയോളം രൂപ പ്രൊമോഷന് വേണ്ടിയും ചെലവഴിച്ചു. എന്തായാലും മുടക്കുമുതലിന്റെ ഇരട്ടി ഇപ്പോഴേ കൈക്കലാക്കിക്കഴിഞ്ഞു മാര്‍വെല്‍.
മരണമില്ലാത്ത ഡെഡ് പൂള്‍…ആരോടും ഏറ്റുമുട്ടുന്ന വോള്‍വെറിന്‍
മാര്‍വെല്‍ കോമിക്സിന്റെ രണ്ട് കഥാപാത്രങ്ങളാണ് ഡെഡ് പൂളും വോള്‍വെറിന്‍. മരണമില്ലാത്ത ചെകുത്താനായ ഡെഡ് പൂള്‍….അവഞ്ചേഴ്സ് പട ഒന്നിച്ചുവന്നാലും നെഞ്ച് വിരിച്ച് നില്‍ക്കുന്ന വോള്‍വെറിന്‍….ഇവരുടെ കഥയാണ് ഈ സിനിമ സിനിമയിലുടനീളം ചോരയാണ്. വയലന്‍സ് ഉടനീളമുണ്ട്. ടൈം ട്രാവല്‍ ഉപകരണം ഉപയോഗിച്ച് സേക്രഡ് ടൈം ലൈനില്‍ എത്തിയ ഡെഡ് പൂള്‍ സ്വസ്ഥജീവിതം നയിക്കുകയാണ്. അവന്റെ ജീവിതം സമാധാനപൂര്‍ണ്ണമായി പോകുന്നതിനിടയില്‍ ടൈം വേരിയന്‍റ് അതോറിറ്റി (ടിവിഎം) ഡെഡ് പൂളിനെ പുതിയൊരു ദൗത്യം ഏല്‍പിക്കുന്നു. ആ ദൗത്യത്തിന് ഡെഡ് പൂളിനൊപ്പം എത്തുകയാണ് വോള്‍വെറിന്‍. ഷോണ്‍ ലെവിയാണ് സംവിധായകന്‍. ഹോളിവുഡ് താരം റെയ് നോള്‍ഡ് ആണ് ഡെഡ് പൂള്‍ ആയി എത്തുന്നത്. വോള്‍വെറിന്‍ ആയി ചിത്രത്തില്‍ എത്തുന്നത് ഹ്യൂ ജാക്ക് മാനാണ്.
ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച് ഇന്ത്യയില്‍ ഈ മാര്‍വല്‍ ചിത്രത്തിന്റെ ആകെ കളക്ഷൻ എട്ടു ദിവസം കൊണ്ട് 94.15 കോടി രൂപയായി. ഞായറാഴ്ചയോടെ തന്നെ 100 കോടി ക്ലബ്ബിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.
2024-ലെ മറ്റൊരു വലിയ ഹോളിവുഡ് റിലീസായ ഗോഡ്‌സില്ല x കോങ്ങിനെപ്പോലെ ഡെഡ് പൂള്‍ ആന്‍റ് വോള്‍വെറിനും 100 കോടിയില്‍ അധികം കളക്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഗോഡ്‌സില്ല x കോങ്ങ് 106.99 കോടി രൂപ കളക്ഷന്‍ നേടിയ ശേഷമാണ് തിയേറ്ററുകളിൽ ഓട്ടം അവസാനിപ്പിച്ചത്.
ഇന്ത്യയിൽ ഹോളിവുഡ് സിനിമകളുടെ എക്കാലത്തെയും മികച്ച 10 ഓപ്പണിംഗ് വാരാന്ത്യങ്ങളിൽ ഡെഡ്‌പൂളും വോൾവറിനും ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: