സംവിധായകൻ രാജ് കപൂറിന്റെ ബോബിയെന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഡിംപിൾ കപാഡിയ കൗമാരപ്രായക്കാരിയായിരുന്നു. താൻ എങ്ങനെയാണ് ഈ റോളിലേക്ക് എത്തിയതെന്നും തന്റെ ജീവിതത്തിലെ ആ കാലഘട്ടത്തെ “മാന്ത്രികത” എന്ന് വിളിക്കാനാണ് തനിക്കിഷ്ടമെന്നും ഡിംപിൾ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒപ്പം, ബോബിയിലെത്തും മുൻപ് ജീവിതം നേരിട്ട ഒരു പ്രതിസന്ധിയെ കുറിച്ചും ഡിംപിൾ മനസ്സു തുറന്നു. 12-ാം വയസ്സിൽ താൻ കുഷ്ഠരോഗബാധിതയായിരുന്നുവെന്നാണ് ഡിംപിൾ പറഞ്ഞത്. ഒരു കുടുംബ സുഹൃത്ത് തന്നെ സ്കൂളിൽ നിന്ന് “പുറത്താക്കും” എന്ന് ഭീഷണിപ്പെടുത്തിയ അനുഭവവും ഡിംപിൾ പങ്കിട്ടു.
തന്റെ പിതാവായ ചുന്നിഭായ് കപാഡിയയ്ക്ക് സിനിമാമേഖലയിലെ നിരവധി പ്രശസ്തരെ അറിയാമായിരുന്നെന്നും അക്കൂട്ടത്തിൽ കുടുംബ സുഹൃത്തിനെ പോലെ കരുതിയ പ്രശസ്തനായ ഒരു സംവിധായകനാണ് ഇങ്ങനെ സംസാരിച്ചതെന്നും എഫ്ഐസിസിഐ ഫ്ലോ ജയ്പൂർ ചാപ്റ്ററിനോട് സംസാരിക്കവേ ഡിംപിൾ വെളിപ്പെടുത്തി.
“അന്ന് ഞാൻ കുഷ്ഠരോഗബാധിതയായിരുന്നു. എനിക്ക് ഏതാണ്ട് 12 വയസ്സായിരുന്നു പ്രായം. എന്റെ കൈമുട്ടിലായിരുന്നു അസുഖം. അതുകണ്ട് ഞങ്ങളുടെ കുടുംബസുഹൃത്തായ ഒരു മനുഷ്യൻ പറഞ്ഞത്, ‘നിങ്ങളെ സ്കൂളിൽ നിന്ന് പുറത്താക്കും, അതു ഞാൻ കാണും’ എന്നായിരുന്നു. അന്നാണ് ഞാൻ ആ വാക്ക് ആദ്യമായി കേൾക്കുന്നത്. അതിന്റെ അർത്ഥമെന്താണെന്ന് എനിക്കറിയില്ലായിരുന്നു, ”ഡിംപിൾ ഓർത്തെടുത്തു.
എന്നാൽ തന്റെ ആരോഗ്യസ്ഥിതിയാണ് രാജ് കപൂറുമായി കണ്ടുമുട്ടാൻ കാരണമായതെന്നും ഡിംപിൾ പറഞ്ഞു. “രാജ് കപൂറിന് എന്നെ കാണാൻ ആഗ്രഹമുണ്ടായിരുന്നു. സുന്ദരിയായ പെൺകുട്ടി ഉണ്ടെന്നും അവൾ കുഷ്ഠരോഗിയാണെന്നും അദ്ദേഹത്തോട് ആരോ പറഞ്ഞു. അത്തരത്തിലുള്ള ഒരു തിരിച്ചടിയിൽ നിന്ന്, എനിക്ക് ഒരുപാട് നേടാനുണ്ടായിരുന്നു, അങ്ങനെയാണ് എനിക്ക് ബോബിയെ ലഭിച്ചത്. അത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമായിരുന്നു. ഞാൻ പറഞ്ഞതോ ആഗ്രഹിച്ചതോ കൊതിച്ചതോ ആയ എല്ലാം സംഭവിച്ചു. അത് തികച്ചും മാന്ത്രികമായിരുന്നു
രാജ് കപൂർ ബോബിക്ക് വേണ്ടി ഒരു പെൺകുട്ടിയെ അന്വേഷിക്കുന്നു എന്ന് സ്കൂളിൽ വച്ച് പത്രം വായിച്ചപ്പോഴാണ് ഞാനറിഞ്ഞത്. ‘ഞാൻ ബോബി’ എന്ന് ഞാൻ സുഹൃത്തുക്കളോട് പറഞ്ഞു. ഞാൻ ടെസ്റ്റിന് പോയി, ‘നിങ്ങൾക്ക് ചിന്തുവേക്കാൾ (ഋഷി കപൂർ) വളരെ പ്രായം തോന്നുന്നു’ എന്ന് പറഞ്ഞ് ആദ്യം ആ റോളിലേക്ക് ഞാൻ നിരസിക്കപ്പെട്ടു. ആ ദിവസങ്ങളിൽ ഞാൻ ഒരു നോട്ട്ബുക്കിൽ റാം റാം റാം റാം എന്നെഴുതുമായിരുന്നു, അങ്ങനെ എഴുതി നോട്ട്ബുക്ക് നിറയ്ക്കും. ഇത് എങ്ങനെ സംഭവിച്ചു? എങ്ങനെയാണ് ഞാൻ നിരസിക്കപ്പെട്ടത് എന്ന് ഞാൻ ഓർത്തുകൊണ്ടിരുന്നു. എന്നാൽ രാജ് കപൂർ എന്നെ വീണ്ടും വിളിച്ചു. , അവിടെ നിന്ന് എല്ലാം ശരിയായിരുന്നു,” ഡിംപിൾ കൂട്ടിച്ചേർത്തു
1973-ൽ പുറത്തിറങ്ങിയ ബോബിയായിരുന്നു ഡിംപിൾ കപാഡിയയുടെയും ഋഷി കപൂറിന്റെയും നായക റോളിലുള്ള അരങ്ങേറ്റ ചിത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: