പ്രൊഫ. പി.ജി. ഹരിദാസ്
തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്
തപസ്യയ്ക്ക് സഹൃദയത്വത്തിന്റെ ഒരു ശീതളഛായ കൂടി നഷ്ടമായിരിക്കുന്നു തപസ്യയുടെയും സംസ്കര്‍ ഭാരതിയുടെയും പൂര്വപഥങ്ങളില് പ്രവര്‍ത്തകര്‍ക്ക് തുണയായും പ്രചോദനമായും നിറഞ്ഞുനിന്ന സൗമ്യ സാന്നിധ്യമായിരുന്നു സി.ജി. രാജഗോപാല്‍ സാറിന്റേത്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നടക്കുന്ന പരിപാടികളില്‍ അദ്ദേഹത്തിന്റെ പത്നീസമേതമുള്ള സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. ഏറ്റവും കുലീനമായ പെരുമാറ്റവും സംസാരരീതിയും അന്യാദൃശമായ ഭാഷാ പാണ്ഡിത്യവും സാംസ്കാരിക വിഷയങ്ങളിലുള്ള ധാരണകളുമായിരുന്നു രാജഗോപാല്‍ സാറിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്ര. ഖദര്‍ വസ്ത്രത്തിലെ ആ ലാളിത്യവും സംസാരിക്കുമ്പോഴുള്ള നിര്‍മല ഭാവവും തപസ്യ പ്രവര്‍ത്തകര്‍ക്ക് സ്നേഹപ്രസാദത്തിന്റെ അനുഭൂതി പകരുന്നതായിരുന്നു.
കവിതകളും മറ്റ് ഗ്രന്ഥരചനകളുമുണ്ടെങ്കിലും രാജഗോപാല്‍ സാറിനെ ഭാഷാസ്നേഹികളുടെ ആരാധനാപാത്രമാക്കിയത് ‘രാമചരിതമാനസം’ എന്ന തുളസീദാസ് രാമായണത്തിന്റെ മലയാള വിവര്‍ത്തനമാണ്. പുസ്തകങ്ങള്‍ നിറഞ്ഞ തൈക്കാട്ടുള്ള തന്റെ മുറിയിലെ ദീര്‍ഘ തപസ്സിന്റെ ഫലമാണ് ഈ കൃതി. ഈശ്വരാനുഗ്രഹവും ഗുരുക്കന്മാരുടെ ആശീര്‍വാദമാണ് ഈ ശ്രേഷ്ഠകര്‍മം പൂര്‍ത്തിയാക്കാന്‍ തനിക്ക് ശക്തി നല്‍കിയതെന്ന് തുറവൂര്‍ വിശ്വംഭരന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം മനസ് തുറന്നപ്പോള്‍ ആ കണ്ണില്‍ സന്തോഷത്തിന്റെ നനവുണ്ടായിരുന്നു. ‘രാമന്റെ വിധു മുഖം പാര്‍ത്തല്ലോ ജീവിച്ചതും’ എന്ന് ദശരഥന്റെ ചരമഗതിയില്‍ എഴുതിച്ചേര്‍ത്തപ്പോള്‍ അത് സ്വന്തം ജീവിതംകൂടി മനസില്‍ കണ്ടുകൊണ്ടായിരുന്നു എന്നു കരുതാം.
കലകളോടും കലാകാരന്മാരോടും രാജഗോപാല്‍ സാറിന് ആഴത്തിലുള്ള വൈകാരിക ബന്ധം പ്രകടമായിരുന്നു. തിരുവനന്തപുരത്ത് കലോപാസന ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘ദൃശ്യവേദി’ എന്ന സംഘടനയെ നാലു പതിറ്റാണ്ടിലേറെക്കാലം മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതിലൂടെ നേടിയെടുത്ത സൗഹൃദങ്ങളും കലയുമായി ബന്ധപ്പെട്ട അനുഭവങ്ങളും പരോക്ഷമായി തപസ്യയ്ക്ക് വലിയ അനുഗ്രഹമാവുകയും ചെയ്തു. രാജഗോപാലന്‍ സാറിന്റെ വ്യക്തിബന്ധങ്ങളിലൂടെ വളര്‍ന്ന അനേകം സൗഹൃദങ്ങളാണ് കലാരംഗത്തും സാഹിത്യരംഗത്തുമുള്ള പല ശ്രേഷ്ഠ വ്യക്തികളെയും തപസ്യ വേദികളില്‍ എത്തിച്ചത്. സംഘടനയോട് അകലം പാലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പോലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
കഥകളിയോടുള്ള താല്പര്യം അന്യാദൃശ്യമായിരുന്നു. കാവ്യസമാഹാരമായ നാദത്രയത്തിലെ ‘വേഷങ്ങള്‍’ എന്ന കവിത മാത്രം മതി എത്രമാത്രം ഗാഢമായിട്ടാണ് കഥകളി അദ്ദേഹത്തിന്റെ മനസിനെ സ്വാധീനിച്ചിരുന്നതെന്ന് തിരിച്ചറിയാന്‍.
മേഘനാദം പോലുള്ള മദ്ദളധ്വനികളും ചേങ്ങലയും കൈമണിയും ചെണ്ടയും ചേര്‍ന്നൊരുക്കുന്ന മാസ്മരികാന്തരീക്ഷത്തില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ സൃഷ്ടിക്കുന്ന ഭാവപ്പകര്‍ച്ചകള്‍ വളരെ തന്മയത്വത്തോടെ ഈ കവിതയില്‍ വിവരിക്കുന്നുണ്ട്. ”വേഷങ്ങള്‍ കെട്ടിയിറങ്ങട്ടെ മദ്ഗുണദോഷങ്ങള്/കാണട്ടെ എന്നിലെ എന്നെ ഞാന്‍” എന്നുപറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ നമ്മള് കാണുന്നത് കേരളകലയായ കഥകളിയുടെ ഉപാസകനെയോ, അതോ ആത്മാര്‍ത്ഥമായി ആത്മാന്വേഷണം നടത്തുന്ന കവിയെയോ എന്നു സംശയം തോന്നാം.
സാഹിത്യത്തിന്റെയും കലയുടെയും ഉപാസകനായും രാമായണ തത്വങ്ങളുടെ പ്രചാരകനായും നമ്മോടൊപ്പം ഉണ്ടായിരുന്നയാളാണ് വിട്ടുപിരിഞ്ഞിരിക്കുന്നത്. സ്വജീവിതത്തില്‍ അദ്ദേഹം നേരിട്ടത് കഠിനമായ വെല്ലുവിളികളാണ്. ബന്ധങ്ങള്‍ അറ്റുപോകുമ്പോഴും ആ വേദനകളില്‍ തളരാതെ മുന്നോട്ടു പോകാന്‍ ശക്തി നല്‍കിയത് രാമായണം പോലുള്ള ഗ്രന്ഥങ്ങളിലൂടെ നടത്തിയ മാനസികമായ തീര്‍ത്ഥാടനമായിരിക്കും. ‘സഫലമാക്കി നിജ ജീവിതം’ എന്ന സ്വന്തം വരികള്‍ തന്നെ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് നമുക്ക് ആവര്‍ത്തിക്കാം. ആ സാഹിത്യ താപസനു മുന്പില്, സ്നേഹതീര്ത്ഥത്തിനു മുന്പില് ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: