ആലപ്പുഴ: മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ബസില്‍ സഞ്ചരിക്കവേ ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് മൊയ്തീനെ പിടികൂടിയത്. പശ്ചിമഘട്ടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കബനീദളം വിഭാഗത്തിന്റെ നേതാവാണ് മൊയ്തീന്.
യുഎപിഎ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 2019 ല്‍ ലക്കിടിയില്‍ റിസോര്‍ട്ടിലെ വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി. ജലീലിന്റെ സഹോദരനാണ് മൊയ്തീന്. ജൂലൈ 17 നാണ് മൊയ്തീന്, മനോജ്, സോമന് അടക്കം നാല് മാവോയിസ്റ്റുകള്‍ കാടിറങ്ങിയതായി പോലീസിന് വിവരം ലഭിച്ചത്. ഇതിന് പിന്നാലെ ഭീകരവിരുദ്ധ സ്ക്വാഡ് തിരച്ചില്‍ ശക്തമാക്കി. ജൂലൈ 18ന് എറണാകുളത്തു നിന്ന് മനോജും ഷൊര്‍ണൂരില്‍ നിന്നും സോമനും പിടിയിലായി. ഒരാള്‍ തമിഴ്നാട്ടിലേക്ക് കടന്നു. സി.പി. മൊയ്തീന് എറണാകുളം ഭാഗത്തെവിടെയോ ഉണ്ടെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം.
കണ്ണൂര്‍ ജില്ലയും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന വനപ്രദേശമായ വയനാട്ടിലെ കമ്പമല കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇയാള്‍ കഴിഞ്ഞദിവസം അങ്കമാലിയിലെത്തിയതായും തുടര്‍ന്ന്, മറ്റൊരിടത്തേക്ക് മാറിയതായും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആലപ്പുഴയിലും എറണാകുളത്തുമടക്കം തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എടിഎസ് പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: