പാരിസ്: ഒളിംപിക്സ് ഹോക്കിയില്‍ മുന്‍ ലോക, ഒളിംപിക്സ് ജേതാക്കളും അതിശക്തരുമായ ഓസ്ട്രേലിയയെ തകര്‍ത്ത് ടീം ഭാരത്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഏറെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഭാരതം വിജയം നേടിയത്.
1972ലെ മ്യൂണിക്ക് ഒളിംപിക്സിനുശേഷം ഓസ്ട്രേലിയക്കെതിരെ ഭാരതം നേടുന്ന ആദ്യ വിജയമാണ് ഇത്. ഭാരതത്തിനായി നായകന് ഹര്‍മന്‍പ്രീത് സിങ് രണ്ട് ഗോളുകള്‍ നേടി. 13-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെയും 32-ാം മിനിറ്റില്‍ പെനാല്‍റ്റി സ്ട്രോക്കിലൂടെയുമാണ് ഹര്‍മന്‍പ്രീതിന്റെ ഗോളുകള്‍. 12-ാം മിനിറ്റില്‍ അഭിഷേകാണ് ഭാരതത്തിന്റെ ആദ്യ ഗോള്‍ നേടിയത്. ഓസ്ട്രേലിയയ്ക്കായി തോമസ് ക്രെയ്ഗും ബ്ലേക് ഗോവേഴ്സും ലക്ഷ്യം കണ്ടു.
ഭാരത ഗോള്‍ മുഖം വിറപ്പിച്ച ഓസീസ് മുന്നേറ്റത്തിനൊടുവില്‍ നടത്തിയ പ്രത്യാക്രമണത്തിലൂടെയാണ് ഭാരതം ആദ്യ ഗോളടിച്ചത്. ഓസീസിന്റെ ഈ മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ പി.ആര്. ശ്രീജേഷ് രക്ഷപ്പെടുത്തി. തുടര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് ഭാരതത്തിന്റെ ഗോള്‍. മുന്നേറ്റത്തിനൊടുവില്‍ ലളിത് കുമാര്‍ ഉപധ്യായുടെ ആദ്യ ഷോട്ട് ഓസീസ് ഗോള്‍കീപ്പര്‍ തടുത്തെങ്കിലും പന്തു ലഭിച്ചത് അഭിഷേകിന്. വെട്ടിത്തിരിഞ്ഞ് അഭിഷേക് തൊടുത്ത പൊള്ളുന്ന ഷോട്ട് ഓസീസ് വലയില്‍ കയറി. തൊട്ടടുത്ത മിനിറ്റില്‍ ഭാരതം ലീഡ് വര്‍ദ്ധിപ്പിച്ചു. ഇത്തവണ ഊഴം ടൂര്‍ണമെന്റില്‍ നിലവിലെ ടോപ് സകോററായ ഇന്ത്യന്‍ നായകന് ഹര്‍മന്‍പ്രീത് സിങ്ങിന്. പെനല്‍റ്റി കോര്‍ണറില്‍നിന്ന് ലഭിച്ച പന്തിനെ മറ്റൊരു ബുള്ളറ്റ് ഷോട്ടിലൂടെ ഹര്‍മന്‍പ്രീത് വലയിലെത്തിച്ചു. ഇതോടെ ആദ്യ ക്വാര്‍ട്ടറില്‍ ഭാരതം 2-0ന് മുന്നിലെത്തി.
രണ്ടാം ക്വാര്‍ട്ടറില്‍ കളിയുടെ 25-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ തോമസ് ക്രെയ്ഗ് ഓസീസ് ഒരു ഗോള്‍ മടക്കി. ഇതോടെ ആദ്യപകുതിയില്‍ ഭാരതം 2-1ന് മുന്നില്‍. ഇടവേളയ്ക്കുശേഷം രണ്ട് മിനിറ്റായപ്പോള്‍ ഭാരതം മൂന്നാം തവണയും ഓസ്ട്രേലിയന്‍ വല കുലുക്കി. ഇത്തവണയും ലക്ഷ്യം കണ്ടത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്. ഭാരതത്തിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഗോള്‍ലൈനിനു സമീപം ഓസീസ് താരം കാല്കൊണ്ട് തടഞ്ഞതോടെ ഭാരതത്തിന് അനുകൂലമായി പെനല്‍റ്റി സ്ട്രോക്ക്. ഷോട്ടെടുത്ത ഹര്‍മന്‍പ്രീത് അനായാസം ലക്ഷ്യം കണ്ടതോടെ ഭാരതം 3-1ന് മുന്നില്‍. അവസാന ക്വാര്‍ട്ടറില്‍ ഓസീസ് രണ്ടാം ഗോളും നേടിയെങ്കിലും പിന്നീട് അവരെ ഗോളടിക്കാന്‍ ഭാരത പ്രതിരോധനിര സമ്മതിച്ചില്ല. ഇതോടെ 3-2ന്റെ ആവേശ വിജയം ഭാരതത്തിന് സ്വന്തമായി.
ഗ്രൂപ്പ് ഘട്ടത്തില്‍ ഭാരതം ബെല്‍ജിയത്തോട് മാത്രമാണ് പരാജയപ്പെട്ടത്. ആദ്യ മത്സരത്തില്‍ 3-2ന് ന്യൂസീലന്‍ഡിനെ വീഴ്ത്തിയ ഭാരതം, രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയോട് 1-1ന് സമനില പിടിച്ചു. അടുത്ത മത്സരത്തില്‍ അയര്‍ലന്‍ഡിനെ 2-0ന് തോല്‍പ്പിച്ചതോടെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: