മുംബൈ : ഭാര്യക്കും കുട്ടിക്കുമൊപ്പം ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന യെമൻ പൗരനോട് പാകിസ്താനിലേക്ക് പോകാൻ നിർദേശിച്ച് ബോംബെ ഹൈക്കോടതി. ഇന്ത്യയിൽ അഭയം നൽകാൻ വിസമ്മതിച്ച കോടതി ഇന്ത്യയുടെ ഔദാര്യത്തെ മുതലെടുക്കരുതെന്നും വ്യക്തമാക്കി.
യെമൻ പൗരനായ ഖാലിദ് ഗോമേയ് മുഹമ്മദ് ഹസൻ 2014ൽ പഠനാവശ്യത്തിനായാണ് ഇന്ത്യയിലെത്തിയത് . 2015ൽ ഭാര്യയും ഇന്ത്യയിലെത്തി. ഇവർക്ക് ഇന്ത്യയിൽ ജനിച്ച ഒരു മകളുമുണ്ട്. ഖാലിദിന്റെ വിസയുടെ കാലാവധി 2017ൽ അവസാനിച്ചു. എന്നാൽ അതിന് ശേഷവും ഖാലിദ് ഇന്ത്യ വിടാൻ തയ്യാറായില്ല . 2024 ൽ രണ്ട് തവണ പൂനെ പോലീസ് രാജ്യം വിടാൻ ഖാലിദിന് നോട്ടീസ് നൽകി.
എന്നാൽ ഇതിനെതിരെ ഖാലിദ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു . ഐക്യരാഷ്‌ട്രസഭ നൽകിയ അഭയാർത്ഥി കാർഡ് തന്റെ പക്കലുണ്ടെന്നും, ഇന്ത്യയിൽ നിന്ന് പുറത്താക്കിയാൽ അത് ഇന്ത്യൻ ഭരണഘടനയുടെയും ഐക്യരാഷ്‌ട്ര സഭ ചട്ടങ്ങളുടെയും ലംഘനമാകുമെന്നുമായിരുന്നു ഖാലിദിന്റെ വാദം.
താൻ ഓസ്‌ട്രേലിയയിൽ അഭയം തേടുകയാണെന്നും അതിനുള്ള പേപ്പറുകൾ തയ്യാറാക്കുകയാണെന്നും ഓസ്‌ട്രേലിയയിൽ അഭയം ലഭിക്കുന്നത് വരെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്നും ഖാലിദ് രേവതി മോഹിത്-ഡെരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചിനെ അറിയിച്ചു.
എന്നാൽ യുഎൻഎച്ച്‌സിആർ നൽകുന്ന കാർഡ് കൈവശമുണ്ടെങ്കിൽ ലോകത്തെ 129 രാജ്യങ്ങളിലേക്ക് പോകാമെന്നും , പരമാവധി 15 ദിവസത്തെ സമയം നൽകാമെന്നും അതിനുള്ളിൽ ഇന്ത്യ വിടണമെന്നും കോടതി നിർദേശിച്ചു. പാകിസ്ഥാനിലേക്കോ, ഏതെങ്കിലും ഗൾഫ് രാജ്യത്തേക്കോ നിങ്ങൾക്ക് പോകാം , ഇന്ത്യയുടെ ഉദാരമായ മനോഭാവം മുതലെടുക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: