ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കളുടെ ഒരു ദിവസമെന്നാണ് പൗരാണിക വിശ്വാസം. ആ പിതൃക്കള്‍ക്ക് അനന്തര തലമുറ ചെയ്യുന്ന കര്‍മമാണ് ബലിതര്‍പ്പണം. ഓരോ വര്‍ഷവും മരിച്ച തിഥി, നക്ഷത്രം എന്നിവ നോക്കിയാണ് ബലിതര്‍പ്പണം നടത്തുന്നത്. ഇതിന് സാധിക്കാത്തവര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ വരുന്ന കര്‍ക്കടകവാവ് നാളില്‍ സകല പിതൃക്കളുടെയും ആത്മശാന്തിക്കായി തര്‍പ്പണം നടത്താം. മരിച്ച ആത്മാവിനു മോക്ഷം നല്‍കേണ്ടത് മഹാവിഷ്ണുവാണ്. അതുകൊണ്ട് വിഷ്ണു ക്ഷേത്രങ്ങളില്‍ ബലിയിടുന്നത് ഉത്തമം.
സപ്തര്‍ഷികള്‍ സൃഷ്ട്ടിച്ച ഒരു കൂട്ടം ദേവതകളാണ് പിതൃക്കള്‍ എന്നാണ് ആചാര്യഭാഷ്യം. മരീചി, അത്രി, അംഗിരസ്, പുലഹന്‍, പുലസ്ത്യന്‍, കൃതു, വസിഷ്ഠന്‍ എന്നീ ഋഷിമാരാണ് സപ്തര്‍ഷികള്‍. പിതൃക്കള്‍ക്കു വേണ്ടി ഉരുട്ടിവയ്‌ക്കുന്ന ചോറുരുളയാണ് വിശ്വാസികള്‍ പിതൃപിണ്ഡമായി കരുതുന്നത്. ബലിച്ചോറുകൊണ്ട് പിതൃക്കള്‍ പ്രസന്നരായി, മരിച്ചവരുടെ ആത്മാക്കളെ അനുഗ്രഹിക്കുമെന്നാണ് ഈ വിശ്വാസം.
മരിച്ചവരുടെ ആത്മാക്കള്‍ക്ക് പിതൃക്കളില്‍ നിന്ന് അനുഗ്രഹം ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധമെന്ന് മഹാഭാരതം അനുശാസനപര്‍വ്വത്തിലും പറയുന്നു. പിതാ, പ്രപിതാ, പിതാമഹ പരമ്പരയിലേക്കുള്ള സമര്‍പ്പണം മാത്രമല്ല ബലികര്‍മം. അറിയുന്നതും അറിയാത്തതുമായ പിതൃക്കള്‍ക്കും സര്‍വചരാചരങ്ങള്‍ക്കും കൂടി വേണ്ടിയാണിത്. വരുംതലമുറയുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കുള്ള പ്രാര്‍ഥനയും സമര്‍പ്പണവും അതില്‍ അന്തര്‍ലീനമാകുന്നു. മണ്‍മറഞ്ഞ പിതൃക്കളെ ഗുരുസ്ഥാനം നല്‍കി ആദരിക്കുന്ന പാരമ്പര്യമുണ്ട്. ദേവന്മാര്‍ക്ക് മുന്നേ പിതൃക്കളെ പ്രസാദിപ്പിക്കണമെന്നാണ് വിശ്വാസം. പുരാണകാലം മുതല്‍ അനുഷ്ഠിക്കുന്ന ആ കര്‍മത്തിന് തലമുറകളുടെ പുണ്യമുണ്ടെന്നും കരുതുന്നു. പിതൃക്കളുമായി രക്തബന്ധമുള്ള ആര്‍ക്കും ബലിയര്‍പ്പിക്കാം. അച്ഛന്റെ മരണാനന്തരം മുന്‍കാലങ്ങളില്‍ പുരുഷന്മാര്‍ മാത്രമേ ബലിതര്‍പ്പണം നടത്തിയിരുന്നുള്ളൂ. ആണ്‍ മക്കളിലൂടെയാണ് അച്ഛന് മോക്ഷം ലഭിക്കുക എന്ന വിശ്വാസമാവാം ഇതിന്റെ പിന്നിലെ പ്രേരകശക്തി. എന്നാല്‍ ആര്‍ത്തവദിവസങ്ങള്‍ ഒഴിവാക്കി സ്ത്രീകള്‍ ഈ നവീന കാലഘട്ടത്തില്‍ ബലിതര്‍പ്പണം നടത്താറുണ്ട്.
ബലിതര്‍പ്പണത്തിന്റെ ആവശ്യകതയും വിശ്വാസവും
പരേതാത്മാക്കളുടെ പ്രീതിക്കായി നടത്തുന്ന അതിമഹത്തായ കര്‍മമാണ് ബലിതര്‍പ്പണം. ദോഷഫലങ്ങളില്‍ ഏറ്റവും വലുതത്രെ പിതൃദോഷം. പിതൃപ്രീതി ലഭ്യമല്ലാതെ വരുമ്പോഴാണ് പിതൃദോഷം ഏറ്റുവാങ്ങേണ്ടി വരുന്നത്. ജന്മം തന്ന മാതാപിതാക്കളെ സ്‌നേഹ ബഹുമാനത്തോടെ സംരക്ഷിക്കുക എന്നതാണ് യഥാര്‍ത്ഥ പുത്രധര്‍മം. എന്നാല്‍ ഇതിനു വിപരീതമായി മാതാപിതാക്കളെ സംരക്ഷിക്കാതെ, അനുസരിക്കാതെ, ആദരിക്കാതെ നിത്യവും ക്രൂരമായ നിലയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യുക, രക്ഷിതാക്കളെ തള്ളിപ്പറയുക തുടങ്ങിയ ഹീനമായ പെരുമാറ്റങ്ങള്‍ തീര്‍ച്ചയായും പിതൃദോഷം വിളിച്ചുവരുത്തുമെന്നാണ് അനാദികാലം മുതലേ ഹിന്ദുമത വിശ്വാസം. നമ്മള്‍ അനുഷ്ഠിക്കുന്ന ദുഷ്‌കര്‍മങ്ങള്‍ കാരണം പരേതാത്മാക്കള്‍ക്ക് ശാന്തി ലഭിക്കാത്ത അവസ്ഥയും സംജാതമാകുമെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. ആഗ്രഹപൂര്‍ത്തീകരണം സാധിക്കാതെ മരിക്കുന്നതും ജീവിക്കുന്നവരുടെ ക്രൂരത കാരണം മനംനൊന്ത് ജീവനൊടുക്കുന്നതും പിതൃദോഷകാരണമാകും. ആത്മാവിന് ശാന്തി ലഭിക്കാതെ വരുമ്പോള്‍ പിതൃദോഷം വന്നു ഭവിക്കും. മനുഷ്യന്റെ മരണാനന്തര ഗതി ചന്ദ്രലോകത്തേക്കെന്ന് ഉപനിഷത്തുകള്‍ വ്യക്തമാക്കുന്നു. വെളുത്ത വാവിന്റെ പിറ്റേ ദിവസം മുതല്‍ കറുത്തവാവു വരെയുള്ള ദിവസം പിതൃക്കളാണ് നമ്മെ നിയന്ത്രിക്കുന്നത്. ഈ സമയങ്ങളില്‍ ദേവകര്‍മത്തെക്കാള്‍ ശ്രദ്ധാപൂര്‍വം പിതൃകര്‍മം ചെയ്യേണ്ടതാണ്. എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത കര്‍ക്കടക മാസത്തിലെ കറുത്തവാവില്‍ ചന്ദ്രന്‍ സ്വക്ഷേത്രമായ സൂര്യനോടൊത്ത് ഒരേ അക്ഷാംശത്തിലും രേഖാംശത്തിലുമാണെന്നതുതന്നെ. വെളുത്തപക്ഷം പിതൃക്കള്‍ക്ക് രാത്രിയും കറുത്തപക്ഷം പകലുമാണ്.
കാക്കകള്‍ നമ്മുടെ പൂര്‍വികര്‍
മുന്‍തലമുറകളോടുള്ള കടപ്പാടും കൃതജ്ഞതയും പിതൃതര്‍പ്പണത്തിലൂടെ നിര്‍വഹിക്കപ്പെടുന്ന പുണ്യകര്‍മാനുഷ്ഠാനമായ ബലിതര്‍പ്പണത്തില്‍ മറ്റു പക്ഷിമൃഗാദികള്‍ക്കൊന്നും ലഭിക്കാത്ത പ്രാമുഖ്യം കാക്കകള്‍ക്ക് നല്‍കിക്കാണുന്നുണ്ട്. കര്‍ക്കടക വാവുബലിയില്‍ കാക്കകള്‍ക്ക് ഭക്ഷണം നല്‍കുന്ന വിശ്വാസത്തിന്റെ പിന്നിലേക്ക് നമുക്ക് കണ്ണോടിക്കാം. ഹിന്ദുമത വിശ്വാസമനുസരിച്ച് കാക്കകളെ നമ്മുടെ പൂര്‍വ്വീകരായി കരുതിവരുന്നു. പിതൃതര്‍പ്പണവേളയിലും മറ്റു മംഗളകരമായ അവസരങ്ങളിലും കാക്കകള്‍ക്ക് അന്നമൂട്ടുന്നതും അതുകൊണ്ടുതന്നെ. ബലിതര്‍പ്പണം നടത്തുമ്പോള്‍ മണ്‍മറഞ്ഞുപോയ പിതൃക്കള്‍ കാക്കകളുടെ രൂപത്തില്‍ ഭൂമിയിലേക്ക് വരുന്നതായാണ് സങ്കല്‍പവും വിശ്വാസവും. കാക്കകള്‍ക്ക് ദീര്‍ഘായുസാണെന്നും ഒരിക്കലും മരിക്കില്ലെന്നും ദേവന്മാര്‍ക്കൊപ്പം കാക്കകളും അമൃത് സേവിച്ചതായും പുരാണ ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പക്ഷികളില്‍ ഏറ്റവും ബുദ്ധിശക്തിയുള്ളതും ദീര്‍ഘായുസുള്ളതും കാക്കകള്‍ തന്നെ. ഹിന്ദുമതവിശ്വാസമനുസരിച്ച് ഒരാള്‍ മരിക്കുമ്പോള്‍ അയാള്‍ കാക്കയുടെ ഉദരത്തില്‍ പുനര്‍ജ്ജനിക്കുമെന്നതും മറ്റൊരു വിശ്വാസം. കാക്കകള്‍ ഭക്ഷണം സ്വീകരിച്ചില്ലെങ്കില്‍ അത് പൂര്‍വ്വീകന്മാരുടെ അപ്രീതിയുടെ ലക്ഷണമാണെന്ന് കരുതുന്നവരും ഏറെ.
ബലിച്ചോറ് കാക്കയെടുക്കാത്ത പക്ഷം ഒഴുക്കുവെള്ളത്തില്‍ കലര്‍ത്തിവിടാം. ബലിച്ചോറ് കാക്ക കഴിച്ചാല്‍ പിതൃക്കള്‍ തൃപ്തരായി എന്ന വിശ്വാസത്തിന്റെ പിന്നിലെ പുരാണ കഥയിങ്ങനെ…
ബ്രഹ്‌മാവില്‍ നിന്നു വരം കിട്ടിയ മഹിരാവണന്‍ എന്ന അസുരന്‍ യമധര്‍മനെ ആക്രമിച്ചു. അസുരനെ തോല്‍പിക്കാനാവാതെ യമധര്‍മന്‍ ഒരു കാക്കയുടെ രൂപത്തില്‍ രക്ഷപ്പെട്ടു. അങ്ങനെ, തന്നെ രക്ഷിച്ച കാക്കയ്‌ക്ക് ബലികര്‍മത്തില്‍ പ്രാധാന്യം കൊടുത്ത് യമധര്‍മന്‍ പ്രത്യുപകാരം ചെയ്തു. അന്നു മുതലാണ് ബലിച്ചോറ് കാക്ക കഴിച്ചാല്‍ പിതൃക്കള്‍ തൃപ്തരായതായി കരുതുന്നത്. പിതൃക്കളെന്ന സങ്കല്‍പത്തിലാണ് കാക്കയ്‌ക്ക് ശ്രാദ്ധത്തില്‍ പ്രസക്തി. കറുത്ത എള്ളാണ് സാധാരണ പിതൃകര്‍മങ്ങള്‍ക്ക് ഉപയോഗിക്കുക.
എള്ളിനും കാക്കയ്‌ക്കും നിറം കറുപ്പാണ്. അന്ധകാരത്തില്‍ നിന്ന് തെളിച്ചവും വെളിച്ചവുമുള്ള പുനര്‍ജ്ജന്മത്തിലേക്കുള്ള പ്രയാണമാണ് ഈ കറുപ്പ് നിറം കൊണ്ടുദ്ദേശിക്കുന്നതെന്നും കരുതപ്പെടുന്നു.
ബലിക്ക് വേണ്ടവ
നിലവിളക്ക്, നിവേദ്യം, ഹവിസ് (ഉണക്കലരി വറ്റിച്ചത്), തൂശനില-രണ്ട്, ചാണ്‍ നീളം ദര്‍ഭപ്പുല്ല്, രണ്ട് പുല്ലിന്റെ തലഭാഗം മുറിച്ചതും ശേഷിക്കുന്ന ഭാഗം ചാണ്‍നീളത്തില്‍ നാല് കഷണം, ദര്‍ഭകൊണ്ട് പവിത്രം, ചെറൂള, തുളസിപ്പൂവ് എന്നിവ ഒരുക്കിയത്, എള്ള്, അരച്ച ചന്ദനം, വെള്ളം നിറച്ച കിണ്ടി.
വീട്ടിലിരുന്ന് ബലിയര്‍പ്പിക്കുന്നവര്‍ അനുഷ്ഠിക്കേണ്ട രീതികള്‍ പ്രമുഖ പുരോഹിതന്മാര്‍ നിര്‍ദ്ദേശിക്കുന്നതിങ്ങനെ. ബലിക്ക് തലേന്ന് ഒരിക്കല്‍ വ്രതം അനുഷ്ഠിക്കണം. വൈകീട്ട് അരിയാഹാരം പാടില്ല. പിറ്റേന്ന് പുലര്‍ച്ചെ ഉണര്‍ന്ന് മുഹൂര്‍ത്തം തെറ്റാതെ ബലികര്‍മങ്ങള്‍ പൂര്‍ത്തീകരിക്കണം.
മുറിക്കുള്ളിലോ പുറത്തോ ബലിയിടാനായി സ്ഥലം ശുദ്ധമാക്കിയെടുക്കുക. തറ തളിച്ച് മെഴുകണം. ബലിയര്‍പ്പിക്കുന്നയാള്‍ കുളിച്ച് അലക്കിയ വസ്ത്രം ധരിച്ച് തെക്കോട്ടിരുന്ന് മുകളില്‍ പറഞ്ഞ സാധനങ്ങള്‍ വലതുവശത്തായി ഒരു തൂശനിലയില്‍ വെയ്‌ക്കുക. ഇടതുവശത്ത് ഹവിസ്. മെഴുകിയ തറയില്‍ തൂശനില വെയ്‌ക്കുക. ഇലയില്‍ ദര്‍ഭ നനച്ച് വിരിച്ചുവെയ്‌ക്കുക. കിണ്ടി തളിച്ച് എള്ളും പൂവും ചന്ദനവും ജലവും കൂട്ടിയെടുത്ത് സമസ്ത പിതൃക്കളെയും സങ്കല്പിച്ച് ആവാഹിച്ച് പുല്ലില്‍ വെയ്‌ക്കുക. ജലം ചേര്‍ത്ത് ചന്ദനം എള്ള്, പൂവ് ഇവ ആരാധിച്ച് സമര്‍പ്പിക്കുക. എള്ളിട്ട് ഹവിസ് ഉരുളയാക്കി പൂവും ചന്ദനവും ജലവും ചേര്‍ത്ത് എടുത്ത് വലതുകൈയില്‍ പിടിക്കുക. ഇടതുകൈ നെഞ്ചോടു ചേര്‍ത്ത് വലതുകൈയിലെ ഉരുള എല്ലാ പിതൃക്കള്‍ക്കുമായി പിണ്ഡം വെയ്‌ക്കുന്നതായി സങ്കല്പിച്ച് പുല്ലില്‍ വെയ്‌ക്കുക. എള്ള്, ചന്ദനം, പൂവ്, ജലം ചേര്‍ത്ത് മൂന്ന് പ്രാവശ്യം വീതം സമര്‍പ്പിച്ച് പ്രാര്‍ഥിക്കുക. വീണ്ടും എള്ള്, ചന്ദനം, പൂവ് ഇവ കൂട്ടിയെടുത്ത് പിതൃക്കളെ പിതൃലോകത്തേക്ക് തിരിച്ചയക്കുന്നുവെന്ന സങ്കല്പത്തില്‍ സമര്‍പ്പിക്കുക. പുഴയുടെ തീരത്താണെങ്കില്‍ ഇലയിലുള്ളത് കൈയിലെടുത്ത് തലയ്‌ക്കു മുകളില്‍ പിടിച്ച് വെള്ളത്തിലിറങ്ങി പുറകിലേക്ക് സമര്‍പ്പിച്ച് മുങ്ങി നിവരാം. പുഴയടുത്തില്ലാത്തവര്‍ ഇലയിലെ വസ്തുക്കള്‍ സമീപത്തെ ജലസ്രോതസിലിട്ട് വീട്ടിലെത്തി കുളിക്കുക.
വിവാഹിതരായ സ്ത്രീകളെങ്കില്‍ പവിത്രത്തിന് പകരം വാഴയില കീറി വിരലില്‍ ചൂടണം. ഇലയില്‍ ദര്‍ഭ വിരിക്കാതെ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ബലിയര്‍പ്പിക്കണം. ചെറൂളക്ക് പകരം തുളസിപ്പൂവ് മാത്രം ഉപയോഗിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: