കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തിക്കുറിച്ച് ഗവര്‍ണറുടെ രണ്ട് സെനറ്റ് നോമിനികള്‍ സിന്‍ഡിക്കേറ്റിലേക്ക് വിജയിച്ചു. ഒന്‍പത് സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് രണ്ടുപേര്‍ ദേശീയ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് സിന്‍ഡിക്കേറ്റിലേക്ക് വിജയിച്ചത്. ഒറ്റ നോട്ടത്തില്‍ ഗവര്‍ണറുടെ നോമിനികല് വിജയിച്ചു എന്ന് പറയാം. എങ്കിലും കേരളത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തില്‍ വലിയ മാറ്റത്തിന് അത് വഴിതെളിക്കും. അതാണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല അതി ഗുരുതര പ്രതിസന്ധിയെ നേരിടുകയാണ്. വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും വിശ്വാസം ആര്‍ജിക്കുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് 2023-24 അക്കാദമിക വര്‍ഷത്തില്‍ 37% ഡിഗ്രി സീറ്റുകള്‍ മതിയായ വിദ്യാര്‍ത്ഥികളെ ലഭിക്കാതെ ഒഴിഞ്ഞുകിടക്കുന്നത്. വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും, വിദേശ രാജ്യങ്ങളിലേക്കും ഒഴുകുന്നത് അതുകൊണ്ടാണ്. 1940 കളിലും അന്‍പതുകളിലും അറുപതുകളിലും രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിച്ചിരുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തിന്റെ മറവില്‍ ഇടതു-വലതു മുന്നണികള്‍ സഹകരണ സംഘങ്ങളെ പിടിച്ചെടുത്തതുപോലെ സര്‍വ്വകലാശാലകളെയും വീതംവച്ചു. ഒരു ഭാഗത്ത് ഇടതുപക്ഷവും മറുഭാഗത്ത് വര്‍ഗ്ഗീയ ശക്തികളുമായാണ് അണിനിരന്നത്. ശാസ്ത്ര സാഹിത്യപരിഷത്തിനെ മുന്നില്‍നിര്‍ത്തി ആദ്യകാലത്ത് വിദ്യാഭ്യാസ മണ്ഡലം ഇടതുപക്ഷം കയ്യടക്കി. പില്ക്കാലത്ത് ഇടത്-മാഫിയ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലകളായി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മണ്ഡലം വിശേഷിച്ച് പൊതുവിദ്യാലയങ്ങളും സര്‍വ്വകലാശാലകളും മാറി. ”വിദ്യ” ഒഴിച്ചുള്ള എല്ലാ ”അഭ്യാസങ്ങളും” ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തഴച്ചുവളര്‍ന്നു. ഇടതുവിദ്യാര്‍ത്ഥി രാഷ്ട്രീയം കയ്യൂക്ക് കൊണ്ട് ഏകകക്ഷി വിദ്യാലയങ്ങളാക്കി മാറ്റി. ഇതോടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും അധ്യാപക രാഷ്ട്രീയത്തിന്റെയും ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടു.
ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ട കാമ്പസുകളില്‍ ഒരു ഭാഗത്ത് ഇടത് അക്രമരാഷ്ട്രീയവും മറുഭാഗത്ത് മദ്യ-മയക്കുമരുന്ന് മാഫിയയും പിടിമുറുക്കി. സ്വാതന്ത്ര്യസമരകാലത്തുപോലും കാര്യമായ രക്തസാക്ഷികളെ സംഭാവന ചെയ്യാത്ത കേരളത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷികളായി. ഇത്രയധികം വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷികളായത് കഴിഞ്ഞ നാലുദശകങ്ങളിലാണ്. മറ്റൊരു സംസ്ഥാനത്തും ഈ തരത്തിലുള്ള വിദ്യാര്‍ത്ഥി സംഘര്‍ഷം ഉണ്ടായിട്ടുമില്ല. മാത്രമല്ല കാലത്തിനനുസരിച്ചുള്ള പരിഷ്കരണങ്ങള്‍ ഒന്നും യഥാസമയം നടപ്പാക്കിയുമില്ല. മറ്റു സംസ്ഥാനങ്ങള്‍ സാങ്കേതിക വിദ്യാഭ്യാസ മണ്ഡലത്തില്‍ വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ കേരളം മാറിനിന്നു. 2002 നു ശേഷമാണ് കേരളം സ്വകാര്യ കച്ചവട സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നത്. ഇവിടെയും നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമായില്ല. ശ്രദ്ധേയമായ വസ്തുത ഇന്ന് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കേരളത്തിലെ പൊതുമേഖലയെയും സ്വാശ്രയ മേഖലയെയും അവഗണിച്ച് മറ്റു സംസ്ഥാനങ്ങളിലെ സ്വാശ്രയ മേഖലയിലേക്ക് ഒഴുകുന്നത്. മതിയായ വിദ്യാര്‍ത്ഥികളെ ലഭിക്കാതെകേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
നാഥനില്ലാത്ത സര്‍വകലാശാലകളും സര്‍ക്കാര്‍ കോളജുകളും
കേരളത്തിലെ സര്‍വ്വകലാശാലകളും സര്‍ക്കാര്‍ കോളജുകളും ഇന്ന് വൈസ് ചാന്‍സലര്‍മാരും പ്രിന്‍സിപ്പല്‍മാരും ഇല്ലാതെ, ഇടതു രാഷ്ട്രീയത്തിന്റെ വിശേഷിച്ച് സിപിഎമ്മിന്റെ താല്‍പ്പര്യം അനുസരിച്ച് ”താല്‍ക്കാലിക ചാര്‍ജ്’ സംവിധാനത്തിലൂടെയാണ് കഴിഞ്ഞ നാലുവര്‍ഷത്തിലധികമായി മുന്നോട്ടുപോകുന്നത്. യുജിസി മാനദണ്ഡം പാലിക്കാന്‍ ഗവര്‍ണര്‍ ശക്തമായ നിലപാട് എടുത്തതുകൊണ്ടാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ നിയമം കൊണ്ടുവരാന്‍ നിര്‍ബന്ധിതമായത്. യുജിസി ചട്ടം 7:3 പറയുന്നതുപോലെ മൂന്നു മുതല്‍ അഞ്ചുവരെ അംഗങ്ങളടങ്ങിയ വി.സി. സെര്‍ച്ച് കമ്മിറ്റി എന്ന നിര്‍ദ്ദേശം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറല്ല. ഇടതുസര്‍ക്കാര്‍ നിയമിച്ച വിസിമാരെ സുപ്രീംകോടതി പുറത്താക്കിയിട്ടും സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാകുന്നില്ല. കേരളത്തില്‍നിന്ന് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് ഒഴുകുന്നത് കലാലയങ്ങളുടെ നിലവാരം തകര്‍ന്നതുകൊണ്ടാണ്.
ഗവര്‍ണറുടെ ഇടപെടല്‍ യുജിസി മാനദണ്ഡം പാലിക്കുന്നതിന്
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടല്‍ ഒരിക്കലും രാഷ്ട്രീയ താല്‍പ്പര്യം മാനിച്ചായിരുന്നില്ല. ഇടതു സര്‍ക്കാര്‍ നിയമിച്ച നിരവധി വൈസ് ചാന്‍സലര്‍മാര്‍ സ്വയം ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതമായത് എന്തുകൊണ്ട് എന്ന് അവലോകനം ചെയ്താല്‍ ഗവര്‍ണറുടെ നിലപാട് ശരിയാണെന്ന് മനസ്സിലാക്കാം. മാത്രമല്ല പിണറായി സര്‍ക്കാര്‍ നി
യമിച്ച സാങ്കേതിക സര്‍വ്വകലാശാല വിസി, എം.എസ്. രാജശ്രീ, ഫിഷറീസ് സര്‍വ്വകലാശാല വിസി റിജി ജോണ്‍, കണ്ണൂര്‍ സര്‍വകലാശാല വി.സി, ഗോപിനാഥ് രവീന്ദ്രന് എന്നിവരെ പുറത്താക്കിയത് സുപ്രീംകോടതിയാണ്. ഇതു സൂചിപ്പിക്കുന്നത് ഗവര്‍ണര്‍ക്കെതിരായ സര്‍ക്കാര്‍ നിലപാട് തികച്ചും രാഷ്ട്രീയപ്രേരിതവും സ്വന്തം വീഴ്ച മറച്ചുവയ്ക്കാനുള്ള വ്യഗ്രതയും കൂടെ കൊണ്ടാണ്. മാത്രമല്ല, കേരളത്തിലെ സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പല്‍ നിയമനം തടഞ്ഞ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിയമലംഘനവും രാഷ്ട്രീയ നിയമനങ്ങളും തുറന്നു കാണിക്കുന്നവയാണ്.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ‘ബംഗാള്‍ മോഡല്‍’
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ബംഗാളില്‍ ഉണ്ടായ അപചയത്തിന്റെ തനിയാവര്‍ത്തനമാണ് കേരളത്തിലും ഇന്ന് കാണുന്നത്. ഇടതുരാഷ്ട്രീയവല്ക്കരണം, അക്രമം, നിലവാരത്തകര്‍ച്ച, നേതൃത്വരാഹിത്യം ഒപ്പം മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും സ്വാധീനം എന്നിവ രണ്ടു സംസ്ഥാനങ്ങളിലെയും പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചക്ക് കാരണമായിട്ടുണ്ട്. 1980 കള്‍ വരെ രാജ്യത്തെ വിദ്യാഭ്യാസം, സാംസ്കാരികം, സാഹിത്യം, മാധ്യമം, സിനിമ തുടങ്ങി എല്ലാ മണ്ഡലങ്ങളിലും പശ്ചിമബംഗാള്‍ ഏറ്റവും മുന്നില്‍ നിന്ന സംസ്ഥാനമാണ്. 34 വര്‍ഷത്തെ ഇടതുമുന്നണി ഭരണം ബംഗ്ലാദേശിന്റെ സമസ്ത മേഖലകളിലും വമ്പിച്ച തകര്‍ച്ചയ്ക്ക് കാരണമായി. ഉന്നത വിദ്യാഭ്യാസ മേഖലയാണ് ഏറ്റവും വലിയ തകര്‍ച്ചയ്ക്ക് വേദിയായത്. കേരളത്തിലും 1987 ലെ നായനാര്‍ ഭരണം മുതലാണ് സിപിഎം സര്‍വ്വകലാശാലകളെ നിയന്ത്രിക്കാന്‍ തുടങ്ങുന്നത്. വിദ്യാഭ്യാസരംഗത്തെയും സാംസ്കാരിക സ്ഥാപനങ്ങളെയുമാണ് അത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. മനുഷ്യച്ചങ്ങല, മനുഷ്യമതില്‍, ജനകീയാസൂത്രണം, മാനവീയം തുടങ്ങി നിരവധി വേദികള്‍ ഒരുക്കി വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കി. സര്‍വ്വകലാശാലാ നിയമനങ്ങള്‍ പാര്‍ട്ടി അനുഭാവികളില്‍ തുടങ്ങി, പാര്‍ട്ടിയുടെ നേതാക്കളുടെ കുടുംബങ്ങള്‍ വരെ കയ്യടക്കുന്ന അവസ്ഥയായി. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ കേരളത്തിലെ സര്‍വകലാശാലകളില്‍ നടന്ന നിയമനങ്ങള്‍ പരിശോധിച്ചാല്‍ തൊണ്ണൂറു ശതമാനവും കോടതി വ്യവഹാരങ്ങള്‍ക്ക് പാത്രമായതായി കാണാം. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന വിശ്വാസം ഏതാണ്ട് പൂര്‍ണമായും അസ്തമിച്ചത് ഈ പശ്ചാത്തലത്തിലാണ്.
മുകളില്‍ സൂചിപ്പിച്ചതുപോലെ, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടുമ്പോള്‍ കേരളത്തില്‍ ഡിഗ്രി സീറ്റുകളില്‍ വലിയൊരു ശതമാനം ഒഴിഞ്ഞുകിടക്കുകയാണ്. 2023-24 അക്കാദമിക വര്‍ഷത്തില്‍ ആകെയുള്ള 2,22,201 ഡിഗ്രി സീറ്റുകളില്‍ 82,230 സീറ്റുകളും (37%) ഒഴിഞ്ഞുകിടക്കുകയാണ്. കോഴിക്കോട് സര്‍വകലാശാലയില്‍ 39,873 സീറ്റും, മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ 22,310 സീറ്റും, കണ്ണൂര്‍ സര്‍വകലാശാലയില്‍ 10,546 സീറ്റും കേരള സര്‍വകലാശാലയില്‍ 9,501 സീറ്റുകളും പോയവര്‍ഷം ഒഴിഞ്ഞുകിടന്നു. ഈ വര്‍ഷത്തെ കണക്കുകള്‍ ഇതിലും ഏറെ വലുതായിരിക്കും. കാമ്പസുകളിലെ അക്രമവും മയക്കുമരുന്നു ലോബികളുടെ ഇടപെടലും ഒപ്പം നിലവാരം തകര്‍ന്നതും മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ വിമുഖത കാണിച്ചതും എല്ലാം വിദ്യാര്‍ത്ഥികളെ കേരളം വിടാന്‍ പ്രേരിപ്പിക്കുന്നു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ആര് സംരക്ഷിക്കും?
ഉന്നത വിദ്യഭ്യാസ മേഖലയെ സംരക്ഷിക്കാന്‍ കേരള ഗവര്‍ണര്‍ നടത്തിയ ഇടപെടലുകള്‍ ഒരു പരിധി വരെ ഈ രംഗത്ത് നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും മാര്‍ക്സിസ്റ്റുവല്‍ക്കരണവും ഒക്കെ ചര്‍ച്ചയ്ക്ക് കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്. പക്ഷേ അതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാന്‍ അടിയന്തര ഇടപെടലുകള്‍ വേണ്ടിയിരിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലം ദേശീയതലത്തില്‍ നടക്കുന്ന വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ കൂടെ ഭാഗമാകേണ്ടതുണ്ട്. ദേശീയതലത്തിന്റെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്ന ഒരു കാലഘട്ടത്തിലാണ് കേരളം ഇതിനോട് പുറംതിരിഞ്ഞുനില്‍ക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇനിയും ദേശീയ വിദ്യാഭ്യാസ നയത്തെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇടത്തരക്കാരായ രക്ഷാകര്ത്താക്കള് തങ്ങളുടെ കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്കും, വിദേശ രാജ്യങ്ങളിലുമായി അയയ്ക്കുന്നതിനാല്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗുരുതരമായ വിഷയങ്ങള്‍പോലും സമൂഹത്തിന്റെ മതിയായ ശ്രദ്ധയ്ക്ക് പാത്രമാകുന്നില്ല. ഇടതു-ജിഹാദി-മയക്കുമരുന്നു മാഫിയ കാമ്പസുകളെ കയ്യടക്കാന്‍ തയ്യാറായി കഴിഞ്ഞു. മൂവാറ്റുപുഴ നിര്‍മല കോളജില്‍ പ്രാര്‍ത്ഥനാ മുറിയ്ക്കുവേണ്ടി ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത് കേരളത്തിലെ വിദ്യാഭ്യാസമേഖല നേരിടുന്ന വലിയൊരു പ്രശ്നത്തിന്റെ ലക്ഷണമാണ്. വയനാട്ടിലെ വെറ്ററിനറി കോളജില്‍ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി അതിക്രൂരമായി കൊല്ലപ്പെട്ടത് കാമ്പസുകളിലെ മാഫിയ-രാഷ്ട്രീയ ബന്ധത്തിന്റെ ഭാഗമായിട്ടാണ്.
ഈ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ രണ്ട് അംഗങ്ങള്‍ ദേശീയ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടത് പ്രതീക്ഷയ്ക്ക് വക നല്കുന്നു. വലിയൊരു പൊളിച്ചെഴുത്ത് ഉന്നതവിദ്യാഭ്യാസ രംഗത്ത് നടത്തിയില്ലെങ്കില്‍ വലിയ തകര്‍ച്ചയാവും ഉണ്ടാവുന്നത്. സമൂഹത്തെ ഉണര്‍ത്താന്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയും. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെയും ദേശീയധാരയോടൊപ്പം ആനയിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ മലയാളി യുവത്വത്തിന്റെ ഭാവി ഇരുളടഞ്ഞതാകും. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളും പിന്നാക്ക വിഭാഗങ്ങളുമാണ് ഇന്ന് ബലിയാടാവുന്നത്, ഇതാണ് മാറ്റേണ്ടത്.
(കാസര്‍കോഡ് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ സ്കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസില്‍ ഡീനും മുന്‍ പ്രോ വൈസ് ചാന്‍സലറുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: