വള്ളംകളിയുടെ ആരവങ്ങളില്‍ നിന്ന് കവി ഇറങ്ങി നടന്നു. ആവേശക്കാഴ്ചകളും പ്രസംഗങ്ങളും തുഴയെറിയുന്ന താളവുമൊക്കെ തുടികൊട്ടിക്കയറുന്ന മനസ്സുമായി നിരത്തിലേക്ക്… റോഡിന്റെ ഓരത്ത് മുഷിഞ്ഞ വസ്ത്രം ധരിച്ച് മെല്ലിച്ച ഒരു സ്ത്രീ കുഞ്ഞുങ്ങളുമായി കനിവിന് കൈ നീട്ടുന്നു… തച്ചന്റെ പെണ്ണെന്ന് ആളുകള്‍ അടക്കം പറഞ്ഞു…. കായലോളങ്ങളില്‍ ആവേശത്തുഴയെറിഞ്ഞ് ലക്ഷ്യത്തിലേക്കു കുതിക്കുന്ന ആ ചുണ്ടന്‍വള്ളങ്ങളിലൊന്നിന്റെ ശില്പി… ആളും ആരവവും ആര്‍പ്പുവിളികളും തൊണ്ടയില്‍ കുരുങ്ങി ഒരു നിമിഷം…. ആ തച്ചന്റെ പെണ്ണ് ഒരുനേരത്തെ കൊറ്റിനായി കൈ നീട്ടുന്നു. പകുതിവഴിയില്‍ ജീവിതം അവസാനിപ്പിച്ച് മരണത്തിന്റെ വഴിയേ പോയതാണവന്‍…
വള്ളപ്പുരയില്‍ പണിയെടുത്ത് മിനുക്കിയെടുത്ത് നീറ്റിലിറക്കുംവരെ തച്ചന്‍ തപസ്വിയാണ്… തച്ചന്റെ ത്യാഗത്തഴപ്പിലാണ് കുട്ടനാടന്‍ കളിയോടങ്ങളുടെ പിറവി… ഇവിടെയിതാ ആരുമോര്‍ക്കാനില്ലാതെ, കാണാനില്ലാതെ അവന്റെ മറുപാതി ജീവിതപ്പെരുങ്കായലില്‍ തുഴയില്ലാതെ അലയുന്നു…. അകം പൊള്ളിക്കുന്ന ആ കാഴ്ചയില്‍ കവി ഋഷിയായി…. കവിത പിറന്നു,
‘പൊട്ടിപ്പായുമുല്‍ക്കട മദജലപ്രളയപ്രവാഹത്തില്‍
ഒട്ടുമില്ലെന്നോ ഭയം, വീര്‍പ്പുമുട്ടുകിലെന്ത്?
കുട്ടനാടിതാ കളിക്കുട്ടിപോല്‍ കൂത്താടുന്നു…..”
ശില്പി എഴുതുമ്പോള്‍ രാജഗോപാലിന് മുപ്പതിനടുത്താവും പ്രായം. ശൂരനാട് കുഞ്ഞന്‍പിള്ള ആ കവിത വായിച്ചിട്ട് പറഞ്ഞത് രാജഗോപാലിന്റെ തച്ചന്‍ ശങ്കരക്കുറുപ്പിന്റെ പെരുംതച്ചനെയും വെല്ലും എന്നാണ്. ലളിതാംബികാ അന്തര്‍ജനമുള്‍പ്പെടെയുള്ള പ്രമുഖര്‍ ശില്പിയെ വാഴ്‌ത്തിയും വിലയിരുത്തിയും ധാരാളം എഴുതിയ കാലമാണത്. ശില്പി അടക്കം പതിനാറ് കവിതകളൊതുങ്ങുന്ന നാദത്രയം പുറത്തിറങ്ങുന്നത് 1962ലാണ്. എന്‍, കൃഷ്ണപിള്ളയുടെ അവതാരികയോടെ. മലയാളം വിദ്വാനും ബിഎയ്‌ക്കും നാദത്രയം പാഠപുസ്തകമായി….
എഴുതുക ശീലമായിരുന്നു രാജഗോപാലിന്…. പ്രസിദ്ധീകരിക്കണമെന്ന് ഒട്ടും വാശിയില്ലാത്ത എഴുത്ത്. നാലാള് അറിഞ്ഞ് പുറത്തിറങ്ങിയ നാദത്രയം ഒഴിച്ചാല്‍ പിന്നെ പ്രൊഫ:സി.ജി. രാജഗോപാലിന്റെ ജീവിതം ഇങ്ങനെ അടയാളപ്പെടുത്താന്‍ നമുക്ക് വിന്ധ്യന്റെ താഴ്‌വരകളിലേക്ക് നടക്കണം. കുട്ടനാട്ടിലെ തലവടിയില്‍ നീരേറ്റുപുറത്തുനിന്നൊരാള്‍ ഭാരതീയസംസ്‌കൃതിയുടെ കളിത്തൊട്ടിലിലേക്ക് നടന്നുകയറിയ വിധമാണ് ആ ജീവിതത്തിന്റെ നാള്‍വഴികള്‍….
പരിണാമത്തിന്റെ വഴി
കതിരുതിരുന്ന കുട്ടനാടന്‍ കാഴ്ചകളിലാണ് അത് രൂപം കൊണ്ടത്. പമ്പയാറിന്റെ കൈവഴിക്കപ്പുറവും ഇപ്പുറവുമായി, മഴയും വേനലും ഒളിച്ചുകളിക്കുന്ന കാര്‍ഷികകേരളത്തിന്റെ പച്ചപ്പിലൂടെ ഒരു കുട്ടിക്കാലം. തലവടിയില്‍ നിന്ന് അമ്മയുടെ വീടായ മാവേലിക്കരയിലേക്ക് മാറിയായിരുന്നു പഠനം. അമ്മാവന്റെ വീട്ടില്‍ നിന്ന്. പേരുകേട്ട കവികളായ കോന്നിയൂര്‍ ഗോവിന്ദപ്പിള്ളയും കരിക്കോലില്‍ കേശവനുണ്ണിത്താനുമൊക്കെയായിരുന്നു മലയാളം മുന്‍ഷിമാര്‍…
രാജഗോപാലിന് ആറ് വയസ്സുള്ളപ്പോഴാണ് കവി ചങ്ങമ്പുഴ കൃഷ്ണപിള്ള നീരേറ്റുപുറത്തെത്തിയത്. വീടിനുമുന്നിലൂടൊഴുകുന്ന പമ്പയാറിന്റെ കൈവഴിക്ക് അക്കരെ ഒരു വിവാഹത്തിനായിരുന്നു ആ വരവ്. സഹൃദയനും ആസ്വാദകനുമൊക്കെയായിരുന്ന സി.എസ്. ഗോപാലക്കയ്മളുടെ വീട്ടിലും ചങ്ങമ്പുഴ എത്തി. കയ്മളുടെ വിരലില്‍ത്തൂങ്ങി നടന്ന മകന്‍ രാജഗോപാലിന് ആ കാഴ്ചയും അന്നത്തെ വര്‍ത്തമാനങ്ങളും ഈ എണ്‍പത്തേഴാം വയസ്സിലും തെളിച്ചമുള്ള ഓര്‍മ്മകളാണ്. അന്ന് ചങ്ങമ്പുഴ കല്യാണം കൂടാനെത്തിയ ആറിനക്കരെയുള്ള ആ വീട്ടില്‍ നിന്നാണ് രാജഗോപാല്‍ പിന്നീട് ജീവിതപങ്കാളിയെ കണ്ടെത്തുന്നത്. (‘അക്കരെയിക്കരെ നിന്നാലെങ്ങനെ…. ‘ എന്ന പരിപാടികളൊന്നും ആ കഥയിലില്ലെന്ന് സി.ജി. രാജഗോപാല്‍ സാര്‍ കുലുങ്ങിച്ചിരിച്ചു.) അക്കരെയുള്ള ആ വീട്ടിലെ വിജയലക്ഷ്മിയാണ് അദ്ദേഹത്തിന്റെ ഭാര്യ. അവരുടെ അമ്മയുടെ വിവാഹത്തിനാണ് അന്ന് ചങ്ങമ്പുഴ എത്തിയത്. അതുപോലെ പ്രൗഢിയുള്ള ഒരു വിവാഹം അക്കാലത്ത് അടുത്തെങ്ങും നടന്നിരുന്നില്ല.
ചേരിയില്‍ ഗോപാലക്കൈയ്മളുടെ മകന്‍ സി.ജി. രാജഗോപാല്‍ ജീവിതത്തില്‍ ആദ്യം കണ്ട അതിപ്രശസ്തനായിരുന്നു ചങ്ങമ്പുഴ. പത്ത് വയസ്സുള്ളപ്പോഴാണ് വള്ളത്തോളിനെ കാണുന്നത്. അമ്പലപ്പുഴ അമ്പലത്തിലെ ഒന്‍പതാം ഉത്സവത്തിന് മഹാകവിയുടെ പ്രസംഗം. അക്കാലം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന സാഹിത്യമഞ്ജരി ഒന്നൊഴിയാതെ അച്ഛന്‍ പകര്‍ത്തിയെഴുതുമായിരുന്നു. അത് കൊച്ചുരാജഗോപാല്‍ വായിച്ചു. കാണാതെ പഠിച്ചു. ഉറക്കെച്ചൊല്ലി നടന്നു. അതെഴുതിയ മഹാകവിയെ അന്ന് മുന്നില്‍ കണ്ടതിന്റെ ആവേശം ഇന്നും അടങ്ങിയിട്ടില്ല.
മാവേലിക്കരയിലെ താമസവും കണ്ടിയൂര്‍ മഹാക്ഷേത്രവുമാണ് സിജിയുടെ സാംസ്‌കാരികമണ്ഡലത്തില്‍ വെളിച്ചം പകര്‍ന്നത്. കൊല്ലം എസ്എന്‍ കോളേജില്‍ ഇന്റര്‍മീഡിയേറ്റിന് പഠിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റായി. എസ്എഫിനെ നിരോധിച്ചപ്പോള്‍ അതിനെതിരെ പോരാടാന്‍ ഉണ്ടാക്കിയ സമരസമിതിയില്‍ ഒ. മാധവന്‍ ആയിരുന്നു സെക്രട്ടറി. സിജി ജോയിന്റ് സെക്രട്ടറിയും. യൂണിവേഴ്‌സിറ്റി കോളേജായിരുന്നു അടുത്ത കളരി. ചേര്‍ന്നത് ബിഎ മലയാളത്തിനാണെങ്കിലും പിന്നീട് ഹിന്ദിയിലേക്ക് മാറി. രാഷ്‌ട്രീയവും സംഘര്‍ഷവും ജയിലും കേസുമൊക്കെയായി ഒരു കാലം.. അതിനിടയില്‍ ഫസ്റ്റ് ക്ലാസ് ഫസ്റ്റ് റാങ്കോടെ കോളേജ് വിട്ടു. തുടര്‍ന്നുള്ള പഠനത്തിന് ലഖ്‌നൗ യൂണിവേഴ്‌സിറ്റിയില്‍ പോകണമായിരുന്നു. സാമ്പത്തികഞെരുക്കം വിലങ്ങനെ നിന്നു.
ഒരു വര്‍ഷം തലവടിയില്‍ കുട്ടികളെ പഠിപ്പിച്ചു. രാജന്‍സ് ഹിന്ദി കോളേജ് എന്ന പേരില്‍ ട്യൂട്ടോറിയല്‍… പഠിക്കാനെത്തിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും പിന്നീട് ഹൈസ്‌കൂള്‍ ക്ലാസുകളില്‍ അധ്യാപകരായി എന്നത് രാജന്‍സ് ഹിന്ദി കോളേജിന്റെ മേന്മ. ആ കാലത്താണ് ഹിന്ദിഇതരസംസ്ഥാനത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി പഠിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ 150 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അത് തരപ്പെടുത്തി ലഖ്‌നൗവിന് വണ്ടി കയറി.
ലഖ്‌നൗവിലെ നരേന്ദ്രദേവ് ഹാളിലായിരുന്നു താമസം. അതൊരു ഹാള്‍ മാത്രമായിരുന്നില്ല. സാംസ്‌കാരിക കേന്ദ്രം കൂടിയായിരുന്നു. ലൈബ്രറിയും സെമിനാറുകളും സംവാദവുമൊക്കെയായി ഒരിടം. അവിടെ നിന്ന് ഒരു ജേണല്‍ ഇറങ്ങുന്നുണ്ടായിരുന്നു. അതിന്റെ ചീഫ് എഡിറ്ററാകാനുള്ള യോഗവും സിജിക്കുണ്ടായി. അക്കാലത്ത് ഹാള്‍ ലിറ്റററി ക്ലബിന്റെ സെക്രട്ടറി എന്ന നിയോഗവും ഏറ്റെടുത്തു.
അതിനിടയിലാണ് ഹാളിലെ പ്രതിമാസ സംവാദസഭയിലൊരിക്കല്‍ അന്ന് ബനാറസ് ഹിന്ദു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന സാക്ഷാല്‍ സി.പി. രാമസ്വാമി അയ്യര്‍ എത്തുന്നത്. തിരുവിതാംകൂറുകാരനായ സിജിക്ക് അത് കേട്ടപാടെ മുട്ടിടിച്ചു. ‘സിപിയെ വെട്ടിയ നാടാണേ’ എന്നായിരുന്നല്ലോ കേരളത്തിന്റെ ഊറ്റം. ആ സിപിയാണ് വരുന്നത്. ലിറ്റററിക്ലബ് സെക്രട്ടറി ആയതിനാല്‍ പരിപാടിയില്‍ അധ്യക്ഷനാകേണ്ട ചുമതല സിജിക്കായിരുന്നു. സിപിയുടെ പ്രസംഗം അടുത്തിരുന്നു കേട്ടു. അദ്ദേഹത്തെ പരിചയപ്പെട്ടു. അത് ഒരു അനുഭവമായിരുന്നു. ലഖ്‌നൗ സര്‍വകലാശാലയില്‍ നിന്ന് ‘പണ്ഡിറ്റ് ടിക്കാറാം മിശ്ര സ്വര്‍ണമെഡലോ’ടെയാണ് സിജി എംഎ പൂര്‍ത്തിയാക്കിയത്.
കവിതകള്‍ക്കൊപ്പം
കവിതാകമ്പം കുട്ടിക്കാലത്തേ കൂടെയുണ്ട്. പതിനഞ്ച് വയസ്സുള്ളപ്പോള്‍ ഒരു കവിതാസമാഹാരം പൂര്‍ത്തിയാക്കിയതാണ്. പ്രൊഫ:സി.ഐ. രാമന്‍നായര്‍ അവതാരികയും എഴുതിത്തന്നു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിക്കാമെന്ന് സമ്മതിച്ചു. പക്ഷേ അധ്യാപകനായ കോമത്ത് നീലകണ്ഠപ്പിള്ള അനുവദിച്ചില്ല… ”ഭാവിയില്‍ നല്ല കവിയാകുമ്പോള്‍ ഈ പുസ്തകം നിനക്കൊരു നാണക്കേടാകും” എന്നായിരുന്നു ഉപദേശം…
1958ല്‍ പാലാ സെന്റ് തോമസ് കോളേജില്‍ അധ്യാപകനായിരിക്കുമ്പോഴാണ് മലയാളത്തിലെ ആദ്യ ഗസല്‍ പിറക്കുന്നത്. മലയാളമനോരമ ആഴ്ചപ്പതിപ്പാണ് അത് പ്രസിദ്ധീകരിച്ചത്, താനെഴുതിയ ആ വരികള്‍ ഇപ്പോഴും സിജിക്ക് ഓര്‍മ്മയുണ്ട്,
‘ഓര്‍മ്മിപ്പതില്ല ഞാന്‍ നിന്നെയല്ലാതൊന്നും
ഓമലേ നിന്നെ മറക്കാന്‍ ശ്രമിക്കവേ
മായുന്നതില്ല നിന്നോര്‍മ്മ, എന്‍ കണ്ണുനീര്‍
മാറുന്നു ചായമായ് മായ്‌ക്കാന്‍ ശ്രമിക്കവേ
പല്ലവച്ചുണ്ടില്‍ ചിരിച്ചെണ്ടുലച്ചു നീ
ചൊല്ലുന്നു പിന്നെയും എല്ലാം മറക്കണം….”
പിന്നെ പൂമ്പാറ്റയായി വര്‍ണച്ചിറകുകള്‍ നീര്‍ത്തി പറക്കാനുള്ള തപസ്സായിരുന്നു. നീണ്ട പതിനഞ്ച് വര്‍ഷം.. കാച്ചിക്കുറുക്കിയ കവിതകളുമായി ‘നാദത്രയം’ പുറത്തുവന്നു. ഓംകാരമൊഴുകുന്ന ശംഖവും പള്ളിമണികളും വാങ്കുവിളിയും ഒരേ നാദത്തിന്റെ വകഭേദങ്ങളെന്ന് പ്രഖ്യാപിക്കുന്ന മൂന്ന് ഖണ്ഡങ്ങളായിരുന്നു നാദത്രയം എന്ന കവിത. കൃഷ്ണനും ക്രിസ്തുവും നബിയും അതില്‍ ഒന്നായി. തൃശൂരിലുള്ള ഒരു മാധ്യമം കവിതയില്‍ നബിയെ പ്രകീര്‍ത്തിക്കുന്ന ഭാഗം മാത്രം പ്രസിദ്ധീകരിച്ച് അവരുടെ മതേതരത്വബോധം തെളിയിക്കുന്നതിനും നാദത്രയം നിമിത്തമായി. അതേപ്പറ്റി ചോദിച്ചപ്പോള്‍ ‘നബിയെക്കുറിച്ച് ഇത്രയും നല്ല വരികള്‍ മലയാളത്തില്‍ വേറെയില്ലെ’ന്നായിരുന്നു മറുപടി.
ശില്പിയും നാദത്രയവുമൊക്കെയാണ് ചര്‍ച്ച ചെയ്യപ്പെട്ട കവിതകളെങ്കിലും സിജിക്ക് ഏറെ ഇഷ്ടം തോന്നിയിട്ടുള്ളത് വേഷങ്ങള്‍ എന്ന കവിതയോടാണ്. കഥകളിയോടും കളിയരങ്ങിലെ താരങ്ങളോടുമുള്ള ഭ്രമവും അതിനൊരു കാരണമാകാം. ആട്ടവിളക്കിനുമുന്നിലെ വേഷപ്പകര്‍ച്ചയ്‌ക്കിടയ്‌ക്കിടെ അവനവനിലേക്ക് ആഴ്ന്നിറങ്ങുന്ന ആത്മബോധമാണ് സ്വയം നവീകരിക്കാനും മുന്നോട്ടുനടക്കാനുമുള്ള പ്രേരണയായത് പലപ്പോഴും..
‘താനൊളിഞ്ഞമ്പെയ്ത ശ്രീരാമദേവനും
താനറിയാതൊരമ്പേറ്റ ശ്രീകൃഷ്ണനും
എല്ലാം മദീയമാം ഭാവപ്പകര്‍ച്ചകള്‍
എല്ലാം തദീയമാം വേഷപ്പകിട്ടുകള്‍!
ഞാന്‍ തന്നെ വേഷമിട്ടാടുന്നതും
പിന്നെ ഞാന്‍തന്നെ ഭോഷനായ് കണ്ടിരിക്കുന്നതും’ വേഷങ്ങള്‍ കവിയുടെ ആത്മസല്ലാപമായിരുന്നു.
”സത്യം കൊളുത്തിയോരാട്ടവിളക്കത്ത്
മിഥ്യകളാടിത്തെളിയട്ടെ ജീവിതം
വേഷങ്ങള്‍ കെട്ടിയിറങ്ങട്ടെ മദ്ഗുണ-
ദോഷങ്ങള്‍, കാണട്ടെയെന്നിലെ എന്നെ ഞാന്‍”
അധ്യാപക ജീവിതം അവസാനിക്കുന്നത് 1987ലാണ്. അതിനിടയില്‍, എത്ര കലാലയങ്ങള്‍, സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍… പാലാ സെന്റ് തോമസ് കോളേജിലായിരുന്നു അധ്യാപകനായി തുടക്കം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജ്, പാലക്കാട് വിക്‌ടോറിയ കോളേജ് എന്നിവിടങ്ങളില്‍ ഹിന്ദി ലക്ചററായി. തലശ്ശേരി ബ്രണ്ണന്‍ കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലും വകുപ്പ് മേധാവിയായി.. തൃശ്ശൂര്‍ ഗവ. ആര്‍ട്‌സ് കോളേജില്‍ പ്രിന്‍സിപ്പലായി. വിരമിച്ചതിനുശേഷം കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 1993 മുതല്‍ 1996 വരെ സംസ്‌കൃതേതര ഭാരതീയ ഭാഷകളുടെ ഡീനായി….
ശ്രീരാമചരിതമാനസം
മലയാളത്തിന്റെ തുളസീദാസനാകാനുള്ള നിയോഗം സി.ജി. രാജഗോപാലിനെ തേടിയെത്തുന്നത് ഇരുപത്തെട്ടാം വയസ്സിലാണ്. അന്‍പതാണ്ട് കഴിഞ്ഞ് പ്രായം എഴുപത്തെട്ട് പിന്നിടുമ്പോഴാഴാണ് അത് പ്രാവര്‍ത്തികമാകുന്നതെങ്കിലും നിമിത്തമാകുന്നത് 1960ല്‍ തിരുവനന്തപുരത്തെ ഇന്റര്‍മീഡിയേറ്റ് കോളേജില്‍ ഹിന്ദി അധ്യാപകനായിരിക്കെ കൈവന്ന ഒരു അവസരമാണ്. സന്ത് തുളസീദാസിന്റെ ശ്രീരാമചരിതമാനസത്തെ അധികരിച്ച് ഹിന്ദി കവി ഗിരിജാകുമാര്‍ മാഥുര്‍ എഴുതിയ ഒരു ലേഖനം ആകാശവാണിക്ക് വേണ്ടി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യണമായിരുന്നു. ഗദ്യവും പദ്യവും അടങ്ങിയതായിരുന്നു ആ ലേഖനം. പദ്യഭാഗം കേക, കാകളി വൃത്തങ്ങളിലാണ് രാജഗോപാല്‍ പരിഭാഷപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ഒരു ക്ഷണം വന്നു. ആകാശവാണി നിലയത്തിലൊന്ന് എത്തിയാല്‍ കൊള്ളാം. ക്ഷണിച്ചത് കൈനിക്കര കുമാരപിള്ള. ഗവ. ട്രെയിനിങ് കോളേജില്‍ പ്രിന്‍സിപ്പാളായി വിരമിച്ചതിനുശേഷം അദ്ദേഹം ആകാശവാണിയില്‍ ഉപദേഷ്ടാവോ പ്രോഗ്രാം എക്‌സിക്യൂട്ടീവോ ആയി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹത്തിന്റെ മുന്നില്‍ എത്തി.
” നിങ്ങളുടെ വിവര്‍ത്തനം ഇഷ്ടമായി. തുളസീദാസ രാമായണം മുഴുവനും നിങ്ങള്‍ വിവര്‍ത്തനം ചെയ്യണം.
”സര്‍… അത് ഒരു മഹാകവി തന്നെ വിവര്‍ത്തനം തുടങ്ങിക്കഴിഞ്ഞല്ലോ, അപ്പോള്‍പ്പിന്നെ….” രാജഗോപാല്‍ വിനയാന്വിതനായി.
”നിങ്ങളാണിത് ചെയ്യേണ്ടത്” കൈനിക്കരയുടെ ശബ്ദം കര്‍ക്കശമായിരുന്നു.
ആ ഒഴുക്കില്‍ ഇരുനൂറ് വരിയോളം തര്‍ജമ ചെയ്തു… വായിച്ച സുഹൃത്തുക്കള്‍ വിവര്‍ത്തനമാണെന്ന് തോന്നുകയേ ഇല്ല എന്ന് പുകഴ്‌ത്തി. എന്നാല്‍ തുളസീദാസരാമായണത്തിന്റെ വലിപ്പവും തനിക്ക് സ്വതസിദ്ധമായുണ്ടായിരുന്ന അലസതയും രാജഗോപാലിന് തടസ്സമായി. എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തേക്കാള്‍ ഒന്നരമടങ്ങ് വലിപ്പമുള്ള ഈ ബൃഹത്ഗ്രന്ഥം വിവര്‍ത്തനം ചെയ്‌തെടുക്കാന്‍ എത്ര നാള്‍ വേണ്ടി വരുമെന്ന ചിന്ത ഉള്ളില്‍ പടര്‍ന്നതോടെ പേന മടക്കി. മറ്റൊരു വിവര്‍ത്തനം തയ്യാറായിക്കൊണ്ടിരിക്കെ ഇതിനായി ചെലവഴിക്കുന്ന സമയം വ്യര്‍ത്ഥമാകുമെന്ന ശങ്ക വേറെയും.
പിന്നെ എത്രം കാലം കഴിഞ്ഞു. അമ്പത് വര്‍ഷം പെയ്‌തൊഴിഞ്ഞു. കൈനിക്കര കുമാരപിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 22 വര്‍ഷം പിന്നിട്ടു. എന്നിട്ടുമൊരുനാള്‍ പ്രൊഫ: സി.ജി. രാജഗോപാലിന് വീണ്ടും കൈനിക്കരയെ മുഖാമുഖം കാണേണ്ടിവന്നു. 2010ലാണത്. ഒരു രാത്രിയുടെ ത്രിയാമത്തില്‍ വീടിന്റെ വാതിലില്‍ മുട്ടുകേട്ടു. മുമ്പില്‍ കൈനിക്കര സാര്‍… സഗൗരവം ഒരു ചോദ്യം മാത്രം…
” അത് ചെയ്‌തോ?”
ഭയന്നുപോയി…
”ഇല്ല”
പിന്നെ ആജ്ഞയായിരുന്നു.
”എന്നാല്‍ അത് ചെയ്യണം”
ഞെട്ടിയുണര്‍ന്ന് ലൈറ്റിട്ടു. സമയം 2.30. ആ രാത്രി ശരീരമാകെ ഉണര്‍ന്നു. പഴയ ഇരുപത്തെട്ടുകാരനിലേക്കുള്ള മടക്കയാത്ര അതിവേഗമായിരുന്നു. സിരകളില്‍ നവോന്മേഷപ്രവാഹം. ഇത് സരസ്വതീയാമം. ശ്രീരാമനും സരസ്വതീദേവിയും ഹനുമാന്‍സ്വാമിയും തനിക്ക് അനുഗ്രഹം ചൊരിയുന്നതായി ഒരു തോന്നല്‍… എഴുതാന്‍ തുടങ്ങി…
പുലരുമ്പോള്‍ ജാതകമൊന്നു മറിച്ചുനോക്കി. ആയുസിന് പ്രായം എഴുപത്തൊമ്പതുവരെ മാത്രം… ശേഷം ചിന്ത്യം… മുന്നില്‍ മഹാസാഗരവും അതിനപ്പുറം ലങ്കയും…. എത്രനാള്‍….
സ്വന്തം സീതയെയും കൂട്ടി അടുത്ത പുലര്‍ച്ചെ മൂകാംബികയിലേക്ക്… അമ്മയ്‌ക്ക് മുന്നില്‍ സര്‍വം സമര്‍പ്പിച്ചു. ചെയ്യേണ്ടുന്ന ദൗത്യം അവിടേക്ക് കൈമാറി. ഈശ്വരിയുടെ കൈയിലെ എഴുത്തുകോലാണ് താനെന്ന് സ്വയം ആശ്വസിച്ചു….
അതൊരു വ്രതമായിരുന്നു…. പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേല്‍ക്കും. കുളിച്ച് വിളക്ക് കൊളുത്തി തൊഴുത് എഴുത്തിനിരിക്കും. തുടര്‍ച്ചയായി നാല് മണിക്കൂര്‍. പിന്നെ ദിവസത്തിന്റെ ഇടവേളകളില്‍… ഒരുദിവസം പോലും മുടങ്ങാതെ….. കേകയിലും കാകളിയിലും തുളസീദാസന്‍ പെയ്തുകൊണ്ടേയിരുന്നു. 26152 വരികള്‍, 46 സംസ്‌കൃത ശ്ലോകങ്ങള്‍…. രണ്ടുവര്‍ഷവും ഏഴ് മാസവും എടുത്താണ് സാക്ഷാല്‍ തുളസീദാസന്‍ ശ്രീരാമചരിതമാനസം പൂര്‍ത്തിയാക്കിയത്. അഞ്ചരവര്‍ഷത്തെ തപസ്സിനൊടുവില്‍ സി.ജി. രാജഗോപാല്‍ വിവര്‍ത്തനവും പൂര്‍ത്തിയാക്കി. എഴുത്തിന്റെ ഒഴുക്കില്‍ ചിട്ടകള്‍ തെറ്റിയില്ല. വൃത്തബദ്ധമായി, ദ്വിതീയാക്ഷരപ്രാസഭംഗിയില്‍ അത് സ്വാഭാവികമായി ഒഴുകിക്കൊണ്ടേയിരുന്നു.
തപസ്യയിലേക്ക്
വിദ്യാര്‍ത്ഥി ജീവിതത്തിലെ കമ്മ്യൂണിസം സിജി അധികനാള്‍ തുടര്‍ന്നില്ല. കൊലക്കളങ്ങളാണ് അതിന്റെ ഉല്പന്നങ്ങളെന്ന തിരിച്ചറിവായിരുന്നു കാരണം. ഈശ്വരനിഷേധം ശീലമാക്കുന്നവന്റെ മനസ്സ് വളരില്ലെന്ന കുട്ടിക്കാലത്തെ പാഠം അതില്‍ നിന്ന് അകന്നുനടക്കാന്‍ പ്രേരിപ്പിച്ചു. കലയും സാഹിത്യവും ഭാരതീയമൂല്യങ്ങളുമൊക്കെയാണ് സിജിക്ക് പ്രേരണയായത്.
‘വേദങ്ങള്‍ ശിരസ്സും ഉപനിഷത്തുക്കള്‍ ഹൃദയവും പുരാണങ്ങള്‍ കരങ്ങളും ഇതിഹാസങ്ങള്‍ ചരണങ്ങളുമായതാണ് ഭാരതീയ സംസ്‌കാര ശരീരം’ എന്നാണ് സിജിയുടെ മതം. തപസ്യയിലേക്കും സംസ്‌കാര്‍ഭാരതിയിലേക്കും അമൃതഭാരതിയിലേക്കുമൊക്കെയുള്ള വരവിന് കാരണമായതും ഈ ആദര്‍ശമാണ്. തപസ്യ പ്രവര്‍ത്തകനായ കെ.പി. മണിലാലിലൂടെയാണ് പ്രൊഫ:സി.ജി. രാജഗോപാല്‍ തപസ്യയിലെത്തുന്നത്.
സംഘടനയും ഒരു സര്‍ഗപ്രക്രിയയാണെന്ന് മനസ്സിലായ നാളുകളാണ് തപസ്യയിലൂടെ ലഭിച്ചത്. കുറച്ചുകൂടി നേരത്തെ തപസ്യയിലെത്തിയിരുന്നെങ്കില്‍ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. മഹാകവി അക്കിത്തം നയിച്ച ഐതിഹാസികമായ സാംസ്‌കാരിക തീര്‍ത്ഥയാത്രയ്‌ക്ക് ശേഷമാണ് സിജി തപസ്യയിലെത്തുന്നതും അതിന്റെ സംസ്ഥാന ചുമതലക്കാരനാകുന്നതുമൊക്കെ…. എം.എ. സാറിന്റെ (തപസ്യ സ്ഥാപകാചാര്യനായ എം.എ. കൃഷ്ണന്‍) കരുതലും വാത്സല്യവുമൊക്കെ കലാസാഹിത്യസംഘടനാ രംഗത്ത് നേട്ടമായി. അമൃതഭാരതിയുടെ കുലപതിയായും സംസ്‌കാര്‍ ഭാരതിയുടെ ദേശീയ ഉപാധ്യക്ഷനായും തപസ്യയുടെ രക്ഷാധികാരിയായും വിചാരവേദി അധ്യക്ഷനായും സമസ്ത കേരള സാഹിത്യപരിഷത്ത് സമിതിയംഗമായും തിരുവനന്തപുരത്തെ കഥകളി സംഘടനയായ ദൃശ്യവേദിയുടെ സ്ഥാപകാധ്യക്ഷനായുമൊക്കെ നിറഞ്ഞ സാംസ്‌കാരിക സാന്നിധ്യമായി സി.ജി. രാജഗോപാല്‍ മാറിയ കാലമായിരുന്നു അത്.
പ്രൊഫ:സി.ജി. രാജഗോപാല്‍
കുട്ടനാട് തലവടി നീരേറ്റുപുറം ചേരിയില്‍ സി.എസ്. ഗോപാലക്കയ്മളിന്റെയും കെ. പാറുക്കുട്ടിയമ്മയുടെയും മകനായി 1932 മെയ് 21ന് ജനനം.
കൃതികള്‍: നാദത്രയം (കവിതാസമാഹാരം), ശ്രീരാമചരിതമാനസം, ഭാരതബൃഹത്ചരിത്രം, ഭാരതീയ സംസ്‌കാരത്തിന് ജൈനമതത്തിന്റെ സംഭാവന (വിവര്‍ത്തനങ്ങള്‍), ഹിന്ദി-ഇംഗ്ലീഷ്-മലയാളം ത്രിഭാഷാ നിഘണ്ടു.
ഭാര്യ: ടി. വിജയലക്ഷ്മി. മക്കള്‍: വി.ആര്‍. ശാലീന, വി.ആര്‍. ശാരിക. മരുമക്കള്‍: എസ്. ജയരാജ്, ആര്‍. രാജീവ്. ചെറുമക്കള്‍: ശ്രീരാജ്, ഗൗരി, ഗൗതം
പ്രതികരിക്കാൻ ഇവിടെ എഴുതുക: