ന്യൂദല്‍ഹി : ഉത്തരേന്ത്യയില്‍ മഴ ശക്തിപ്രാപിക്കുന്നു. ശക്തമായ മഴയിലുണ്ടായ അപകടങ്ങളില്‍ ദല്‍ഹിയില്‍ അഞ്ച് പേര് മരിച്ചു. ഗുരുഗ്രാമില്‍ മൂന്നും ഗ്രേറ്റര്‍ നോയിഡില്‍ രണ്ട് പേരും മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. കനത്ത മഴ മൂലം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളും താളംതെറ്റി. ദല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന പത്തോളം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ്. രുദ്രപ്രയാഗിലെ റോഡുകള്‍ തകര്‍ന്നു. വിവിധ അപകടങ്ങളില്‍ 10 പേര് മരിച്ചു. നിരവധിപ്പേരെ കാണാനില്ല. കേദാര്‍നാഥ് തീര്‍ത്ഥാടന പാതയില്‍ മേഘവിസ്ഫോടനവുമുണ്ടായി. തെഹ്രിയിലെ ഒരു ഹോട്ടല്‍ മേഘവിസ്ഫോടനത്തില്‍ ഒലിച്ചുപോയി. രണ്ട് പേര് മരിച്ചു. ഒരാളെ കാണാനില്ല. ഇയാള്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.
തീര്‍ത്ഥാടകര്‍ കാല്‍നടയായി സഞ്ചരിക്കുന്ന ഭീം ബാലി പാത സഞ്ചാര യോഗ്യമല്ലാതായി. 200 ഓളം തീര്‍ത്ഥാകര്‍ അവിടെ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. മന്ദാകിനി നദി കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ കേദാര്‍നാഥ്- സോന്‍പ്രയാഗ്- ഗൗരി കുണ്ഡ് റൂട്ടില്‍ വെള്ളം കയറി. മുന്‍ കരുതലിന്റെ ഭാഗമായി മന്ദാകിനി നദിയുടെ തീരത്തുള്ളവരെ ഒഴിപ്പിച്ചു. കേദാര്‍നാഥ് തീര്‍ത്ഥയാത്ര താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ- സംസ്ഥാന ദുരന്തനിവാരണ സേനകള്‍ സജ്ജമായിരിക്കാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി നിര്‍ദേശിച്ചു.
ഹിമാചലിലും മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കുല്ലുവില്‍ രണ്ട് മരണം. 50ഓളം പേരെ കാണാനില്ല. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ ഇവിടെ രക്ഷാ പ്രവര്‍ത്തനം നടന്നു വരികയാണ്. കുല്ലു, ചംപാര, കങ്കാര എന്നിവിടങ്ങളില്‍ കനത്തമഴ തുടരുകയാണ്. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ഹിമാചല്‍ മുഖ്യമന്ത്രി ഠാകൂര്‍ സുഖ്വീന്ദര് സുകു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: