ഷിംല (ഹിമാചല്‍ പ്രദേശ്): ഷിംലയിലെ രാംപുരില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ രണ്ട് മരണം. 36-ഓളം പേരെ കാണാതായതായാണ് ഔദ്യോഗികവിവരം. കാണാതായവരുടെ എണ്ണം ഇതിലും കൂടുതലാവാമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 17 സ്ത്രീകളേയും 19 പുരുഷന്മാരേയുമാണ് കാണാതായത്.
സമേജ് ഖഡിലെ ജലവൈദ്യുത നിലയത്തിന് സമീപമാണ് മേഘവിസ്‌ഫോടനമുണ്ടായത്. ദുരന്തനിവാരണ സംഘം സ്ഥലത്തേക്ക് തിരിച്ചു. ശക്തമായ മഴയാണ് ഹിമാചൽ പ്രദേശിൽ അനുഭവപ്പെടുന്നത്. ബിയാസ് നദിയിലെ ജലനിരപ്പ് ഉയർന്നു. കുളുവിൽ പാർവതി നദിയിക്ക് സമീപത്തെ കെട്ടിടം പൂർണമായി ഒലിച്ചുപ്പോയി. ഗൗരികുണ്ഡിൽ നിന്നും കേദാർനാഥ് റൂട്ടിൽ പലയിടത്തും റോഡുകൾ തകർന്നു.
പ്രദേശത്തേക്കുള്ള റോഡ് സംവിധാനം താറുമാറായതിനാൽ രക്ഷാദൗത്യത്തിനുള്ള സംഘം കാല്‍നടയായി എത്തിച്ചേരാനാണ് ശ്രമിക്കുന്നത്. ഷിംലയില്‍നിന്ന് 125 കിലോമീറ്റര്‍ അകലെയുള്ള മണ്ഡിയിലും മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തു. ഒരു മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. 9 പേരെ കാണാതായെന്ന് റിപ്പോർട്ട്. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പധാര്‍ ഡിവിഷണില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കേദാർനാദിൽ 200 ഓളം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നതായി വിവരം. ഉത്തരാഖണ്ഡിൽ ഉടനീളം റെഡ് അലർട്ട് പുറപ്പെടുവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: