പല്ലേക്കീലെ: സൂര്യകുമാര്‍ യാദവ് നായകനും ഗൗതം ഗംഭീര്‍ പ്രധാന പരിശീലകനുമായ ഭാരത ക്രിക്കറ്റ് ടീമിന്റെ തുടക്കം ഗംഭീരം. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര സമ്പൂര്‍ണമായി കീഴടക്കിക്കൊണ്ടാണ് പുതിയ നേതൃത്വത്തിന് കീഴില്‍ ഭാരതം തുടങ്ങിയിരിക്കുന്നത്. ലങ്കന്‍ പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍ നാളെ ആരംഭിക്കും.
അവസാന ട്വന്റി20യില്‍ സൂപ്പര്‍ ഓവറിലൂടെ നിര്‍ണയിക്കപ്പെട്ട മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി സൂര്യകുമാര്‍ യാദവ് ആണ് മത്സരം വിജയിപ്പിച്ചത്. സൂര്യകുമാര്‍ ആണ് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. സൂപ്പര്‍ ഓവറില്‍ ലങ്കയെ രണ്ട് റണ്‍സില്‍ ഒതുക്കിയ വാഷിങ്ടണ്‍ സുന്ദര്‍ മൂന്നാം ട്വന്റി20യിലെ താരമായി.
രോഹിത് ശര്‍മയ്‌ക്ക് കീഴിലാണ് നാളെ മുതല്‍ ഗൗതം ഗംഭീര്‍ ഏകദിന പരീക്ഷണത്തിന് ടീമിനെ സജ്ജമാക്കുക. മറ്റൊരു സീനിയര്‍ താരം വിരാട് കോഹ്‌ലിയും ശ്രീലങ്കയിലുണ്ട്. മൂന്ന് മത്സര ഏകദിന പരമ്പരയാണുള്ളത്. രണ്ടാം ഏകദിനം ഞായറാഴ്‌ച്ചയും മൂന്നാം ഏകദിനം ബുധനാഴ്‌ച്ചയുമാണ് നടക്കുക.
സ്വന്തം നാട്ടില്‍ ട്വന്റി20 പരമ്പരയിലേറ്റ ക്ഷീണം മാറ്റാന്‍ ശ്രീലങ്കയും ഒരുങ്ങിക്കഴിഞ്ഞു. കുസാല്‍ മെന്‍ഡിസിന് പകരം ചാരിത് അസലങ്കയായിരിക്കും അവരെ നയിക്കുക. ട്വന്റി20 പരമ്പരയില്‍ ടീമിനെ നയിച്ചത് അസലങ്കയായിരുന്നു. ഇതിന് പിന്നാലെയാണ് ഏകദിനത്തിലും ടീം നായകനായി അസലങ്കയെ തെരഞ്ഞെടുത്തത്. ട്വന്റി20 ലോകകപ്പ് 2024ന് പിന്നാലെ വാനിന്ദു ഹസരങ്ക നായക സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് അസലങ്ക ട്വന്റി20 ക്യാപ്റ്റനായത്.
ഭാരതത്തിനെതിരായ ഏകദിന പരമ്പരയിലെ 16 അംഗ ടീമില്‍ കുസാല്‍ മെന്‍ഡിസും ഉള്‍പ്പെട്ടിട്ടുണ്ട്. ഏകദിനത്തിലെ മൂന്ന് മത്സരങ്ങളും കൊളംബോയിലാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: