വയനാടിന്റെ ദുഃഖം തോരാമഴയായി പെയ്തിറങ്ങുകയാണ്. ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ സംഖ്യ പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് കടക്കുകയാണ്. ഇതുവരെ ഇരുന്നൂറ്റി ഇരുപതിലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരിക്കുന്നു എന്നതില്‍നിന്നു തന്നെ ദുരന്തത്തിന്റെ ഭീകരത ദൃശ്യമാണല്ലോ. ബന്ധുക്കള്‍ നല്കുന്ന കണക്കുകള്‍ പ്രകാരം ഇനിയും ഇരുന്നൂറ്റി നാല്‍പ്പതുപേരെ കണ്ടെത്താനുണ്ട്. ഇതില്‍ ആരെങ്കിലും ജീവനോടെയുണ്ടെന്ന് പറയാനാവില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഓരോ നിമിഷവും മരണസംഖ്യ വര്‍ധിക്കുകയാണ്. ചാലിയാര്‍ പുഴയില്‍നിന്നുതന്നെ നാല്‍പ്പതോളം മൃതദേഹങ്ങള്‍ കണ്ടെടുത്തിരിക്കുന്നു. ദുരന്തം കവര്‍ന്നെടുത്ത ചിലരുടെ അവയവങ്ങള്‍ മാത്രമാണ് പുഴയിലൂടെ ഒഴുകിയെത്തിയിരിക്കുന്നത്. മരണസംഖ്യ വര്‍ധിക്കാനുള്ള സാഹചര്യത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഇപ്പോഴും ദുരന്തഭൂമിയിലേക്ക് കടന്നുചെന്ന് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള തടസ്സങ്ങള്‍ ഏറെയാണ്. വ്യോമസേനയും എന്‍ഡിആര്‍എഫും സേവാഭാരതിയെപ്പോലുള്ള സന്നദ്ധ സംഘടനകളും രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. ഇവരില്‍ തന്നെ വ്യോമസേനയുടെ അതിസാഹസികമായ പ്രവര്‍ത്തനങ്ങള്‍ അത്യന്തം പ്രശംസനീയമാണ്. വലിയൊരു പ്രദേശമാണല്ലോ കുത്തിയൊലിച്ചു പോന്നത്. സാധാരണ ഗതിയില്‍ അപ്രാപ്യമായ പ്രദേശത്ത് ഹെലികോപ്ടര്‍ ഇറക്കി പരിക്കേറ്റവരെ രക്ഷിക്കുന്ന വ്യോമസേനാംഗങ്ങള്‍ ഒരു നാടിന്റെ തന്നെ അഭിമാനമാണ്. രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെ പടപൊരുതാന്‍ മാത്രമല്ല, മനുഷ്യരുടെ കണ്ണീരൊപ്പാനും തങ്ങള്‍ക്ക് കഴിയുമെന്ന് ഭാരത വ്യോമസേന തെളിയിച്ചിരിക്കുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പുറമെ രാഷ്ട്രീയ സ്വയംസേവക സംഘം ദുരന്തത്തിനിരയായവരെ സഹായിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ആവശ്യമുള്ളതെല്ലാം വിവിധ കേന്ദ്രങ്ങളിലായി സമാഹരിച്ച് എത്തിക്കാനാണ് സംഘം സ്വയംസേവകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. തീരദേശത്ത് സുനാമിത്തിരകള്‍ ആഞ്ഞടിച്ചപ്പോഴും, കേരളത്തെ പ്രളയം വിഴുങ്ങിയപ്പോഴും ജീവനും ജീവിതവും തൃണവല്‍ഗണിച്ച് രംഗത്തിറങ്ങിയവരാണ് സ്വയംസേവകര്‍. വയനാടിന്റെ കണ്ണീരൊപ്പാനും അവര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കനത്ത മഴയില്‍ കണ്ണാടിപ്പുഴ നിറഞ്ഞൊഴുകുകയാണ്. ഉരുള്‍പൊട്ടിയാലെന്നപോലെയാണ് മലവെള്ളം നദിയിലൂടെ കുതിച്ചൊഴുകുന്നത്. അപായ സാധ്യത മുന്നില്‍ കണ്ട് ഇവിടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. താല്ക്കാലികമായ പാലം നിര്‍മിക്കാനുള്ള സൈന്യത്തിന്റെ ശ്രമവും തടസ്സപ്പെട്ടിരിക്കുന്നു. കാലാവസ്ഥയ്ക്ക് മാറ്റം സംഭവിച്ചാലല്ലാതെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കഴിയില്ല. ഇതൊക്കെയാണെങ്കിലും ഒരു ജീവനെയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞാല്‍, കാണാതായിരിക്കുന്ന ഒരാളെയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞാല്‍ വലിയ കാര്യമായിരിക്കും. ദുരന്തം സംഭവിച്ചത് വയനാട്ടിലാണെങ്കിലും അത് കേരളത്തിന്റെ മുഴുവന്‍ ദുഃഖമാണ്. ഇങ്ങനെയൊരു ചിന്ത എല്ലാവര്ക്കും ഉണ്ടായിരിക്കണം.
ദുരന്തം നടന്ന പ്രദേശം പൂര്‍വസ്ഥിതി പ്രാപിക്കാന്‍ വളരെയധികം സമയമെടുക്കും. അതുവരെ ദുരന്തത്തിനിരയായവരെ എല്ലാവിധത്തിലും സഹായിക്കേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ ഉയര്‍ന്നിട്ടുള്ളതുപോലെ പരാതികളുണ്ടാകാതെ നോക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. പ്രളയത്തിന്റെ പേരില്‍പ്പോലും അഴിമതി നടന്ന നാടാണ് നമ്മുടേത്. പണം പിരിക്കാനുള്ള അവസരമായി ദുരന്തത്തെ സര്‍ക്കാര്‍ കാണരുത്. സാധ്യമായ എല്ലാ ഇടപെടലുകളും വയനാട്ടില്‍ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ സങ്കടാവസ്ഥയിലും അമിത് ഷാ പറഞ്ഞ ഒരു കാര്യം നടുക്കമുണ്ടാക്കുന്നതാണ്. ദുരന്തനിവാരണ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായി ജൂലായ് മാസം മൂന്നാമത്തെ ആഴ്ചയില്‍ കേരളത്തിന് ദുരന്തം സംബന്ധിച്ച് മുന്നറിയിപ്പു നല്‍കിയിരുന്നു എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. അതിശക്തമായ മഴയെത്തുടര്‍ന്ന് ദുരന്ത സാധ്യത മുന്നില്‍ കണ്ട് എന്‍ഡിആര്‍എഫിന്റെ ഒന്‍പത് സംഘങ്ങളെ കേരളത്തിലേക്ക് അയച്ചിരുന്നു. ഏഴ് ദിവസം മുന്‍പ് മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്തു ചെയ്തു എന്ന ചോദ്യത്തിന് മറുപടി ലഭിക്കണം. കേരളത്തിനു നല്കിയതുപോലുള്ള മുന്നറിയിപ്പ് കണക്കിലെടുത്ത് ഉണര്‍ന്നുപ്രവര്‍ത്തിച്ചതിനാല്‍ ഗുജറാത്തിന് ചുഴലിക്കാറ്റ് ദുരന്തത്തെ നേരിടാന്‍ കഴിഞ്ഞു. കേന്ദ്രം മുന്നറിയിപ്പ് നല്‍കിയില്ലെന്നൊക്കെ മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നുണ്ടെങ്കിലും അതില്‍ പൊരുത്തക്കേടുകളുണ്ട്. ഭരണമെന്നാല്‍ അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്തലുമാണെന്നും മറ്റും ധരിക്കുന്നവര്‍ക്ക് ഇത്തരം കാര്യത്തിലുള്ള താല്‍പ്പര്യം എത്രയെന്ന് ജനങ്ങള്‍ക്ക് അറിയാവുന്നതാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: