ചൂരല്‍മല: പ്രകൃതി താണ്ഡവമാടിയ മുണ്ടക്കൈയില്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് സന്ദര്‍ശനം നടത്തി. തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ പഞ്ചായത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നടക്കുന്ന പ്രദേശങ്ങള്‍, ദുരിതാശ്വാസകേന്ദ്രങ്ങള്‍, പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രികള്‍, മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലം ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവ ഗവര്‍ണര്‍ സന്ദര്‍ശിച്ചു.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, മന്ത്രി മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രി മുഹമ്മദ് റിയാസ്, എംഎല്‍എമാരായ സിദ്ദിഖ്, സജീവ് ജോസഫ് തുടങ്ങിയവരുമായി ഗവര്‍ണര്‍ ആശയവിനിമയം നടത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സ്പെഷല്‍ ഓഫീസര്‍ ശ്രീധന്യഐഎഎസിനെ സ്ക്രോള്‍ ഓഫ് ഓണര്‍ സമ്മാനിച്ച് ഗവര്‍ണര്‍ അഭിനന്ദിച്ചു.
കേരളത്തെ മാത്രമല്ല, ഭാരതത്തെയൊട്ടാകെ അതീവ ദുഃഖത്തിലാഴ്ത്തിയ മഹാദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്ന് ഡോ സി.വി. ആനന്ദബോസ് പറഞ്ഞു.
സമൂഹമനഃസാക്ഷിയെ പിടിച്ചുലച്ച ഈ പ്രകൃതി ദുരന്തത്തില്‍ രക്തസാക്ഷികളായവര്‍ക്ക് അദ്ദേഹം ആത്മശാന്തിനേര്‍ന്നു. പരിക്കുകളോടെ രക്ഷപ്പെട്ടവരെയും കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെട്ടവരെയും പുനരധിവസിപ്പിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി ഒപ്പമുണ്ടാവുമെന്ന് ബംഗാള്‍ ജനതയുടെ ദുഃഖം പങ്കുവെച്ചുള്ള കുറിപ്പില്‍ അദ്ദേഹം പ്രത്യാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: