മേപ്പാടി: മണ്ണിനടിയില്‍പ്പെട്ട ജീവനുള്ളവരെയം മരിച്ചവരേയും മണത്തറിയാന്‍ ശേഷിയുള്ള പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കള്‍ ദല്‍ഹിയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. കറുത്തനിറത്തിലുള്ള ഈ സ്നിഫര്‍ ഡോഗുകള്‍ കാണാതായവരെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കുമെന്ന് കരുതുന്നു.
ചൊവ്വാഴ്ച എത്തിയ ഇടുക്കി പൊലീസ് ഡോഗ് സ്ക്വാഡില്‍ നിന്നെത്തിയ മാഗി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ലാബ്രഡോര്‍ വിഭാഗത്തില്‍പ്പെട്ട മാഗിയെ ചൂരല്‍മല, വെള്ളാര്‍മല ഭാഗത്താണ് തിരച്ചില്‍ നടത്തിയത്.
ജീവനുള്ളവരെ തിരഞ്ഞു കണ്ടുപിടിക്കുന്നതാണ് മാഗിയുടെ മിടുക്ക്. പ്രദേശത്ത് മുഴുവന്‍ ചെളിയും വെള്ളക്കെട്ടുമുള്ളത് മാഗിയുടെ തിരച്ചില്‍ ദുഷ്കരമാക്കി. എങ്കിലും പത്തടി താഴ്ചയില്‍ വരെ കുടുങ്ങിയവരെ കണ്ടെത്താന്‍ മാഗിക്കായി. പക്ഷെ തുടര്‍ച്ചയായി ദുര്‍ഘടം പിടിച്ച പ്രദേശത്തുള്ള തിരച്ചില്‍ മാഗിയെ തളര്‍ത്തിയിട്ടുണ്ട്. ഇടുക്കി ഡോഗ് സ്ക്വാഡ് ഇന്‍ ചാര്‍ജ് കെ.സുധീഷിന്റെ നേതൃത്വത്തില്‍ എന്‍.കെ. വിനീഷ്, പി.അനൂപ് എന്നിവരാണ് മാഗിയെ പരിചരിക്കുന്നത്.
ഇതിന് പുറമെ മാലിന്വ വിഭാഗത്തില്‍ പെട്ട മായ, മര്‍ഫി എന്നീ സ്നിഫര്‍ ഡോഗുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കൊച്ചി സിറ്റി പൊലീസിന്റെ കീഴിലാണ് ഈ നായ്ക്കള്‍ പ്രവര്‍ത്തിക്കുന്നത്. മണ്ണിനടിയില്‍ 40 അടിയോളം താഴ്ചയില്‍ മൃതദേഹം (കഡാവര്‍) മണപ്പിച്ച് തിരിച്ചറിയാനുള്ള കഴിവ് ഈ നായ്ക്കള്‍ക്കുണ്ട്. എത്ര പഴകിയതും അഴുകിയതുമായി മൃതദേഹങ്ങള്‍ കണ്ടെത്താനും ഇവയ്ക്ക് സാധിക്കും. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് ഇവയ്ക്ക് പരിശീലനം ലഭിച്ചത്.
ഇനി ദല്‍ഹിയില്‍ നിന്നുള്ള സ്നിഫര്‍ ഡോഗുകളുടെ സംഘം കൂടിയെത്തിയതോടെ വ്യാഴാഴ്ച നായ്ക്കള്‍ കൂടുതല്‍ പേരെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: