മേപ്പാടി: പുഴയടങ്ങുന്നില്ല, കണ്ണീര്‍പ്പുഴയും. വയനാട്ടില്‍ മഴ തോരുന്നില്ല, ഉറ്റവരിലാരൊക്കെ എവിടെയൊക്കെയെന്നറിയാത്തവരുടെ സങ്കടവും. ഉരുള്‍പൊട്ടലില്‍, എന്നല്ല, ഒരുചെറുപ്രദേശത്തെ പ്രകൃതിക്ഷോഭത്തില്‍ ഇത്രയും പേര്‍ക്ക് ജീവഹാനി സംഭവിക്കുന്നത് രാജ്യത്ത് ഇതാദ്യമായി വയനാട്ടിലെ ഈ സംഭവത്തിലായലിരിക്കും.
വിവിധ സ്ഥലങ്ങളില്‍നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളുടെ കണക്കുകള്‍ ശേഖരിച്ചപ്പോള്‍ മരിച്ചത് 252 പേരാണ്. കാണാതായവരില്‍ 235 പേരെക്കുറിച്ച് വിവരം ഇനിയുമില്ല.
മരിച്ച 86 പേരെ തിരിച്ചറിഞ്ഞു. 73 പേര് പുരുഷന്മാരും 66 പേര് സ്ത്രീകളുമാണ്. കുട്ടികള്‍ 18. 147 മൃതദേഹങ്ങളാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. 52 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 42 എണ്ണം പോസ്റ്റുമോര്‍ട്ടം ചെയ്തു. ബന്ധുക്കള്‍ക്ക് 75 മൃതദേഹങ്ങള്‍ വിട്ടുനല്‍കി. ദുരന്ത പ്രദേശത്തുനിന്ന് വിവിധ ആശുപത്രികളില്‍ 312 പേരെ എത്തിച്ചതില്‍ 97 പേര് ചികിത്സയിലുണ്ട്.
സൈന്യവും എന്‍ഡിആര്‍എഫും സഹായത്തിനുള്ള സന്നദ്ധ സംഘടനകളും നിരന്തരം രക്ഷാ പ്രവര്‍ത്തനത്തിലാണ്. ചൂരല്‍മലയ്ക്ക് അക്കരെ മുണ്ടക്കൈയില്‍ കടക്കാന്‍ സൈന്യം താത്്ക്കാലിക പാലങ്ങള്‍ നിര്‍മിച്ചു.
വ്യോമസേന നൂറുകണക്കിന് പേരെ എയര്‍ലിഫ്റ്റ് ചെയ്ത് സുരക്ഷിതരാക്കി. മരുന്നും ചികിത്സയുമായി മെഡിക്കല്‍ സംഘവും സഹായത്തിനുണ്ട്.
പുഴയില്‍ ഒഴുക്ക് ശക്തിപ്പെടുകയാണ്. ആദ്യം നിര്‍മിച്ച പാലത്തിന് മുകളില്‍ വെള്ളം കയറി. മറ്റൊന്നുണ്ടാക്കി. വയനാട്ടില്‍ മഴ ശക്തിപ്പെടുകയാണ്. ചൂരല്‍മഴ പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുഷ്കരമാക്കുന്നുണ്ട്. ചൂരല്‍മലയില്‍ ബെയ്ലി പാലത്തിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. സൈന്യമാണ് ബെയ്ലി പാലം നിര്‍മിക്കുന്നത്. പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈ കേന്ദ്രമാക്കി രക്ഷാപ്രവര്‍ത്തനം ശക്തമാക്കാനാകും.
ഉരുള്‍പൊട്ടലില്‍ സര്‍വതും തകര്‍ന്ന പ്രദേശത്തു നിന്ന് രണ്ട് ദിവസമായുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ രക്ഷിക്കാനായത് 1592 പേരെ. ആദ്യഘട്ടത്തില്‍ത്തന്നെ ദുരന്തമുണ്ടായതിന്റെ സമീപ സ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി.
ഇതില്‍ 75 പുരുഷന്മാര്, 88 സ്ത്രീകള്‍, 43 കുട്ടികള്‍ എന്നിവരാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവരും വീടുകളില്‍ കുടുങ്ങിപ്പോയവരുമായ 1386 പേരെ രണ്ടു ദിവസത്തെ ശ്രമഫലമായി രക്ഷിക്കാനായി. 528 പുരുഷന്മാര്, 559 സ്ത്രീകള്‍, 299 കുട്ടികള്‍ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 201 പേരെ രക്ഷിച്ച് ആശുപത്രിയിലാക്കാനായി. ഇതില്‍ 90 പേരാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്.
മാധ്യമ പ്രവര്‍ത്തകരില്‍ മനസ്ഥൈര്യം കുറഞ്ഞവര്‍ കണ്ടാല്‍ ഒരുപക്ഷേ ഭയക്കും, വീണുപോകാം. തിരച്ചിലിനിടയില്‍ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടുകിട്ടുമ്പോള്‍ ഒപ്പമുള്ളവര്‍ക്ക് മറ്റുള്ളവര്‍ താക്കീത് നല്‍കുന്നുണ്ട്. സേവാഭാരതി പോലുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ ശാന്തചിത്തരായി സൈന്യത്തിനും എന്‍ഡിആര്‍എഫിനും മറ്റുമൊപ്പം സേവനങ്ങള്‍ തുടരുന്നു.
മുണ്ടക്കൈയില്‍ എല്ലാം തകര്‍ന്ന് മണ്ണിലാണ്ടുപോയ വീടുകള്ക്കടിയില് രക്ഷാസംഘം പരിശോധിക്കുന്ന വീടുകളില്‍ നിന്ന് ജീവനോടെ രക്ഷിക്കാന്‍ കഴിയുന്നവരുടെ എണ്ണം കുറവാണ്. കരള്‍ പിളര്‍ക്കുന്ന കാഴ്ചകളെന്നാണ് രക്ഷാദൗത്യത്തിലുള്ളവരുടെ ചില അനുഭവങ്ങള്‍ വിവരിക്കുന്നത്. ഗന്ധമറിഞ്ഞാണ് ചില വീടുകളില്‍ ജീവന് പോയവരെ കണ്ടെത്തുന്നത്. സുരക്ഷിതരായി രാത്രിയുറങ്ങിയവര്‍ വീട് അകത്തുനിന്ന് പൂട്ടിയിരിക്കേയാണ് പഴുതുപോലും വേണ്ടാത്ത മരണം അവിടങ്ങളില്‍ കയറിയിറങ്ങിയത്. പല വീടുകളും പൊളിച്ച് രക്ഷാസംഘം അകത്തു കയറുമ്പോള്‍ കാണുന്നവ പലപ്പോഴും സ്തംഭിപ്പിക്കുന്നതാണെന്ന് അവര്‍ പറയുന്നു.
മണ്ണിനടിയിലായ ഒരു വീട്ടില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്നവരും രക്ഷപ്പെട്ട് ഓടാന്‍ ശ്രമിച്ചപ്പോള്‍ മരിച്ചു വീണവരെന്നു കരുതുന്നവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.
കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയില്‍ കണ്ടതു വിവരിച്ചപ്പോള്‍ ഒരാള്‍ വിവശനായി. എന്നാല്‍ ജീവന് എവിടെയുണ്ടെങ്കിലും കണ്ടെത്താനുള്ള തിരക്കില്‍ ഈ കാഴ്ചകളോട് ഒരു പരിധിക്കപ്പുറം വികാരം കൊള്ളാനാകില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: