കല്പറ്റ: വയനാട് ഉരുള്‍ പൊട്ടലുണ്ടായ ശേഷം ഒറ്റപ്പെട്ടുപോയ ചൂരല്‍മലയേയും മുണ്ടിക്കൈയേയും ബന്ധിപ്പിച്ച് കൊണ്ട് ബെയ് ലിപാലത്തിന്റെ നിര്‍മ്മാണം സൈന്യം ബുധനാഴ്ച ആരംഭിച്ചു. 190 അടി നീളത്തിലുള്ള ബെയ് ലി പാലമാണ് സൈന്യം നിര്‍മ്മിക്കുന്നത്.
പാലത്തിന്റെ നിര്‍മ്മാണം വ്യാഴാഴ്ച പൂര്‍ത്തിയാവും. താല്‍ക്കാലിക പാലമാണെങ്കിലും ട്രക്കുകള്‍, ചെറിയ ജെസിബി എന്നിവ ബെയ് ലി പാലത്തിന് മുകളിലൂടെ കൊണ്ടുപോകാന്‍ കഴിയും. 24 ടണ്‍ വരെ ഭാരം വഹിക്കാന്‍ ഈ പാലത്തിന് ശേഷിയുണ്ട്.
പാലത്തിന് നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് നടുവില്‍ തൂണ് സ്ഥാപിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. ഈ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ കാര്യക്ഷമമാക്കാന്‍ കഴിയും.
കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റന്‍ പുരന് സിങ് നഥാവതിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ദല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമാണ് പാലം നിര്‍മ്മിക്കാനുള്ള സാമഗ്രികള്‍ എത്തിച്ചത്. ബെംഗളൂരില്‍ നിന്നും റോഡ് മാര്‍ഗ്ഗം ചില സാമഗ്രികള്‍ എത്തിയപ്പോള്‍ ദല്‍ഹിയില്‍ നിന്നും വിമാനത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സാമഗ്രികള്‍ എത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ 17 ട്രക്കുകളിലായാണ് വയനാട്ടിലേക്ക് എത്തിച്ചത്.
ഉരുള്‍പൊട്ടല്‍ നാശം വിതച്ച ചൂരല്‍മലയില്‍ നേരത്തെ സൈന്യം നിര്‍മ്മിച്ച താത്കാലിക പാലത്തിലൂടെ 1000 പേരെ അപകടസ്ഥലത്തു നിന്ന് സൈന്യം രക്ഷിച്ചിരുന്നു. പക്ഷെ ഇത് ചെറിയപാലമായതിനാല് ഇതിന് മുകളിലൂടെ വാഹനങ്ങള്‍ കൊണ്ടുപോകാന്‍ സാധിക്കില്ല.
എന്താണ് ബെയ് ലി പാലം? രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷുകാരെ രക്ഷിച്ച ബെയ് ലി പാലം
ബ്രിട്ടീഷുകാരാണ് ആദ്യമായി ബെയ് ലി പാലം നിര്‍മ്മിച്ചത് . രണ്ടാം ലോകമഹായുദ്ധകാലത്ത്. കൃത്യമായി പറഞ്ഞാല്‍ 1940-41 കാലത്ത്. ട്രസ്സുകള്‍ അനായാസം കൂട്ടിയോജിപ്പിച്ചുണ്ടാക്കുന്നതാണ് ഈ പാലം. പ്രത്യേക ഉപകരണങ്ങള്‍ ഒന്നും ഈ പാലം നിര്‍മ്മിക്കാന്‍ ആവശ്യമില്ല. വളരെ എളുപ്പത്തില്‍ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകാന്‍ കഴിയുന്നതാണ് പാലത്തിന് ആവശ്യമായ അസംസ്കൃത വിഭവങ്ങള്‍. ഇതെല്ലാം ബ്രെയ് ലി പാലത്തെ താല്‍ക്കാലിക ഉപയോഗത്തിന് അതിവേഗം നിര്‍മ്മിക്കാവുന്ന പാലമാക്കി മാറ്റി.
ബ്രിട്ടീഷുകാരനായ സിവില്‍ ഉദ്യോഗസ്ഥന് ഡൊണാള്‍ഡ് ബെയ് ലി ഈ പാലത്തിന്റെ രൂപകല്പന തയ്യാറാക്കിയപ്പോള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഇതിനെ എതിര്‍ത്തു. ഡുണ്‍കിര്‍ക്കില്‍ അടിയന്തരമായി ആളുകളെ ഒഴിപ്പിക്കാന്‍ വേണ്ടി ഈ പാലം വിദഗ്ധമായി ഉപയോഗിക്കാന്‍ കഴിഞ്ഞപ്പോഴാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ബ്രെയ് ലി പാലത്തെ അംഗീകരിച്ചത്.
യുദ്ധടാങ്കുകള്‍ പോലുള്ള ഭാരിച്ച വാഹനങ്ങള്‍ ഉള്‍പ്പെടെ സകലതും നദിക്ക് കുറുകെയുള്ള ബെയ് ലി പാലത്തിലൂടെ കടത്താന്‍ സാധിക്കും. ആ യുദ്ധം ബ്രിട്ടീഷുകാര്‍ ജയിച്ചു. അന്ന് ബ്രിട്ടന്റെ കേണല്‍ പറഞ്ഞു:”ബെയ് ലി പാലമില്ലെങ്കില്‍ ഈ യുദ്ധം നമ്മള് വിജയിക്കില്ലായിരുന്നു.”.
ഇന്ന് ബെയ് ലി പാലം ദുരന്തമുഖങ്ങളിലും അടിസ്ഥാനസൗകര്യവികസനപദ്ധതികളിലും സുപ്രധാന പാലമായി കണക്കാക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: