കോഴിക്കോട്: വയനാട്ടിലെ മുണ്ടക്കൈയിൽ ഉണ്ടായത് വന്‍ ദുരന്തമാണെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വയനാട്ടിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും ഇന്ന് വയനാട്ടിലെത്തും. 2018 ൽ പ്രളയം ഉണ്ടായപ്പോൾ കേരളമൊട്ടാകെ ഒറ്റക്കെട്ടായി ദുരന്തബാധിതരെ സഹായിക്കാൻ തയ്യാറായി. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് സഹായഹസ്തം ആ ഘട്ടത്തിൽ നീണ്ടു. അതുപോലെതന്നെ വയനാട്ടിൽ ഇപ്പോൾ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാൻ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 159 ആയി ഉയര്‍ന്നു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. 191 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരുക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ദിനം തെരച്ചിൽ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: