ബെംഗളൂരു: വയനാട്ടിലെ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം ഏകോപിപ്പിക്കാൻ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കർണാടക സർക്കാർ. അപകടത്തിൽ കർണാടക സ്വദേശികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥർ പരിശോധിക്കും. ചൊവ്വാഴ്ച വൈകീട്ടോടെ തന്നെ ഉദ്യോഗസ്ഥരെ വയനാട്ടിലേക്ക് അയച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സി. ജാഫർ, ദിലീഷ് ശശി എന്നിവർക്കാണ് ചുമതല നൽകിയിരിക്കുന്നത്.
വയനാട്ടിലെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ എല്ലാ സഹകരണവും സർക്കാർ നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമിനെയും കരസേനയുടെ മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പിന്റെ ടീമിനെയും ദുരിതബാധിത പ്രദേശത്തെക്ക് അയച്ചിട്ടുണ്ട്.
കർണാടകയിലെ ചില നിവാസികളും മണ്ണിടിച്ചിലിൽ പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ വന്നതോടെ അവരെ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എംഇജിയിലെ ഒരു ഉദ്യോഗസ്ഥൻ, രണ്ട് ജെസിഒമാർ, വിവിധ റാങ്കിലുള്ള 70 ഉദ്യോഗസ്ഥർ എന്നിവർ ഇതിനകം 15 വാഹനങ്ങളിലായി രക്ഷാ, ദുരിതാശ്വാസ സാമഗ്രികളുമായി വയനാട്ടിലേക്ക് പുറപ്പെട്ടതായി സിദ്ധരാമയ്യ അറിയിച്ചു. കൂടാതെ രക്ഷാദൗത്യത്തിന് ആവശ്യമായ ഉപകരണങ്ങളുമായി 100 സൈനികർ 40 വാഹനങ്ങളിലായി ബുധനാഴ്ച പുലർച്ചെ വയനാട്ടിൽ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരിതാശ്വാസ സാമഗ്രികളുടെ വാഹനങ്ങൾ വയനാട്ടിലേക്ക് എത്രയും വേഗം എത്തിക്കുന്നതിനായി ബന്ദിപ്പൂർ ചെക്ക് പോസ്റ്റിലെ ഗ്രീൻ കോറിഡോർ സജ്ജമാക്കിയിട്ടുണ്ട്.
കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റികളുമായി നിരന്തരം ബന്ധപ്പെടുകയും ആവശ്യമായ സഹായം നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ, അതിർത്തി ജില്ലകളായ മൈസൂരു, ചാമരാജനഗർ എന്നിവിടങ്ങളിലെ ഡെപ്യൂട്ടി കമ്മീഷണർമാരും അടിയന്തിര പിന്തുണ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആശുപത്രി സൗകര്യങ്ങൾ, പരുക്കേറ്റവരെ കൊണ്ടുപോകുന്നതിനുള്ള ബസുകൾ എന്നിവ എച്ച്.ഡി. കോട്ടയിൽ സജ്ജമാണ്. ജില്ലാ അതിർത്തിയിൽ നിന്ന് വയനാട്ടിലേക്ക് പതിവായി യാത്ര ചെയ്യുന്ന പൗരന്മാരെ സഹായിക്കാൻ ചാമരാജനഗർ ജില്ലാ ഭരണകൂടം ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: