മേപ്പാടി: ദുരന്തപ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഭക്ഷണം നല്കാന് സേവാഭാരതി പ്രവര്‍ത്തകര്‍ പ്രത്യേക സംവിധാനം ഒരുക്കി. മാനന്തവാടി പഴശ്ശി ബാലമന്ദിരത്തില്‍ 200ല്‍ അധികം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. അമ്പലവയലില്‍ തയാറാക്കിയ 1000 ഭക്ഷണപ്പൊതികള്‍, വീടുകളില്‍ തയാറാക്കി ശേഖരിച്ച ഇരുനൂറിലധികം ആഹാരപ്പൊതികളും സേവാഭാരതി പ്രവര്‍ത്തകര്‍ വിതരണം ചെയ്തു.
നീലഗിരിയില്‍ നിന്ന് ആര്‍എസ്എസ് ജില്ലാ സഹസംഘചാലക് മനോജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സേവനത്തിനെത്തി. 500 തക്കാളിച്ചോര്‍ വിതരണം ചെയ്തു. സേവാഭാരതി പ്രവര്‍ത്തകര്‍ വിവിധ ആശുപത്രികളില്‍ രക്തദാനത്തിനും മറ്റ് സഹായങ്ങള്ക്കുമായുണ്ട്. മേപ്പാടി വിംസ്, കല്‍പ്പറ്റ ഗവ. ആശുപത്രി, മേപ്പാടി ആശുപത്രി എന്നിവിടങ്ങളില്‍ പ്രവര്‍ത്തകരുണ്ട്. ഇന്നലെ രാവിലെ 7 മണി മുതല്‍ തന്നെ ഇവര്‍ പ്രവര്‍ത്തനത്തിനിറങ്ങി.
ഇന്ന് സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന തെരച്ചില്‍- രക്ഷാപ്രവര്‍ത്തനങ്ങളില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ചേരുമെന്ന് സംയോജകരായ എം.സി. വത്സനും ഉണ്ണികൃഷ്ണനും പറഞ്ഞു.
ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനമായി. തിരിച്ചറിയുന്ന മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്കരിക്കാന്‍ തുടങ്ങി.
സേവാഭാരതിയുടെ ചിദഗ്നി എന്ന അന്ത്യസംസ്കാര കര്‍മ സംവിധാനവും ഐവര്‍മഠത്തിന്റെ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. മേപ്പാടി മാരിയമ്മന്‍ ക്ഷേത്രത്തിന്റെ ശ്മശാനത്തിലാണ് ഇന്നലെ മൂന്ന് ദേഹങ്ങള്‍ സംസ്കരിച്ചത്. ഇന്ന് സേവാഭാരതിയുടെ മൂന്ന് ചിദഗ്നി യൂണിറ്റുകള്‍ കൂടി എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: