ആലപ്പുഴ: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന് മുന്നില്‍ ഭീകരസംഘടനയായ കാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകരുടെ അക്രമത്തിനിരയായ വിശാല്‍, തന്നെ കത്തികൊണ്ട് കുത്തിയത് ക്യാമ്പസ് ഫ്രണ്ടുകാരാണെന്ന് കോട്ടയം മെഡി. കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തന്നോട് പറഞ്ഞതായി വിശാലിന്റെ സുഹൃത്തും കേസിലെ സാക്ഷിയുമായ മുളക്കുഴ സ്വദേശി ശ്രീനാഥ് മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി പി. പി. പൂജ മുമ്പാകെ മൊഴി കൊടുത്തു.
കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലിന്റെ ചീഫ് വിസ്താരത്തിലാണ് സാക്ഷി ഈ വിവരം വെളിപ്പെടുത്തിയത്. ആംബുലന്‍സില്‍ വെച്ച് വിശാല്‍ തന്റെ ഫോണില്‍ സഹോദരനോടു സംസാരിച്ചുവെന്നും ഇതേകാര്യങ്ങള്‍ സഹോദരനോടും വിശാല്‍ പറഞ്ഞിരുന്നതായി സാക്ഷി മൊഴി നല്കി. തുടര്‍ന്ന് വിശാലിന്റെ ബോധം നഷ്ടപ്പെട്ടുവെന്നും ഹോസ്പിറ്റലില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും സാക്ഷി കോടതിയില്‍ പറഞ്ഞു.
കേസിലെ മറ്റൊരു സാക്ഷിയും വിശാലിന്റെ മാതൃസഹോദരിയുമായ വിജയമ്മയെയും വിസ്തരിച്ചു. മാതാപിതാക്കള്‍ വിദേശത്തായിരുന്നതിനാല്‍ വിശാലിനെ താനാണ് വളര്‍ത്തിയതെന്നും കുത്തേല്‍ക്കുന്ന ദിവസം രാവിലെ തന്നോട് യാത്ര പറഞ്ഞാണ് വിശാല്‍ പോയതെന്നും സാക്ഷി വികാരാധീനയായി കോടതിയില്‍ മൊഴി കൊടുത്തു. കേസിലെ തുടര്‍ സാക്ഷി വിസ്താരം ബുധനാഴ്ച നടക്കും.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: