മാനന്തവാടി: നിരവില്‍പ്പുഴ കുഞ്ഞോത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒന്നര വയസ്സുകാരന് മരിച്ചു. കുഞ്ഞോം പശുഫാമിലെ ജോലിക്കാരനും നേപ്പാള്‍ സ്വദേശിയുമായ രമേഷിന്റെയും അനീസയുടെയും മകന് കുശാലാണ് മരിച്ചത്.
പുലര്‍ച്ചെ ഒരുമണിയോടെ തൊണ്ടര്‍നാട് കുഞ്ഞോം കല്ലിങ്കലിലാണ് ഉരുള്‍പൊട്ടിയത്. പശുഫാമിനോടു ചേര്‍ന്ന ഷെഡിലാണ് രമേഷും ഭാര്യ അനീസയും മകനും താമസിക്കാറ്. കുന്നിന്മുകളില് നിന്നെത്തിയ മരവും വലിയ കല്ലുകളും മണ്ണും ഒലിച്ചെത്തി, താമസിക്കുന്ന ഷെഡിന്റെ ചുമരു തകര്‍ത്ത് അകത്തേക്ക് വരികയായിരുന്നു. മണ്ണില്‍ കുടുങ്ങിപ്പോയ കുശാലിനെ രക്ഷിതാക്കള്‍ തന്നെയാണ് വലിച്ചെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെത്തുമ്പോഴേക്കും മൂന്നുമണിയായിരുന്നു. അപ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു.
ഇവരുടെ ഷെഡിനോടു ചേര്‍ന്ന മറ്റൊരു മുറിയില്‍ മീര (28), ഇവരുടെ ഏഴുമാസം പ്രായമുള്ള മകന് റിയാന്‍ എന്നിവര്‍ താമസിക്കുന്നുണ്ടായിരുന്നെങ്കിലും അവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഫാമിന്റെ ആസ്ബറ്റോസ് ഷീറ്റുകള്‍ തകര്‍ന്നു. 15 കന്നുകാലികളാണ് ഫാമിലുണ്ടായിരുന്നത്. ഇതില്‍ ഒരു പശു ചത്തു. മറ്റുള്ളവയെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
കുശാലിന്റെ മൃതദേഹം വയനാട് ഗവ. മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പിന്നീട് സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: