വയനാട് : വയനാട്ടിലെ കല്‍പറ്റയില്‍ നിന്നും 11 കിലോമീറ്റര്‍ മാത്രം അകലെ കിടക്കുന്ന മേപ്പാടി ടൂറിസ്റ്റുകളുടെ പറുദീസയാണ്. സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ കിടക്കുന്നു എന്നത് തന്നെയാണ് മേപ്പാടിയുെട പ്രധാന ആകര്‍ഷണം.
വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍, കൊടുമുടി, ഗുഹകള്‍-ഇതെല്ലാം മേപ്പാടിയുടെ ആകര്‍ഷണമാണ്. മേപ്പാടിയുടെ പ്രധാന ടൂറിസ്റ്റുകേന്ദ്രങ്ങള്‍ ഇവയാണ് :കാന്തൻപാറ വെള്ളച്ചാട്ടം, സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം, എടയ്‌ക്കൽ ഗുഹകൾ, പൂക്കോട് തടാകം, ചെമ്പ്ര കൊടുമുടി, കാരാപ്പുഴ അണക്കെട്ട്, വെള്ളരിമല, സൺറൈസ് വാലി എന്നിവ. ഹൃദയത്തിന്റെ ആകൃത്രിയിലുള്ള ഒരു തടാകമുണ്ട്. അതിനെ ഹാര്‍ട്ട് ലേക് എന്നാണ് വിളിക്കുന്നത്. മേപ്പാടിയിലെ ചൂരല്‍മലകൂന്നിനെ സ്വര്‍ഗ്ഗം എന്നാണ് ഒരു വ്ളോഗര്‍ വിശേഷിപ്പിക്കുന്നത്. അതിന്റെ ആകര്‍ഷകമായ വീഡിയോകള്‍ നിറയെ കാണാം.
ഇവിടെ കൂണുകള്‍ പോലെയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ടൂറിസ്റ്റുകളുടെ ഒഴുക്കും അതുപോലെ തന്നെ. ചൂരല്‍മലയെച്ചുറ്റിപ്പറ്റി ടൂറിസ്റ്റ് വെബ് സൈറ്റുകളില്‍ നിറയെ സൈറ്റുകളെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. അപ്സര വെള്ളച്ചാട്ടം, സീതാതടാകം തുടങ്ങി ടൂറിസ്റ്റുകള്‍ ഒട്ടേറെ ചെറിയ ചെറിയ സ്ഥലങ്ങളെ വരെ പാക്കേജുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൂരല്‍മലയെച്ചുറ്റിപ്പറ്റി വയനാട്ടിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക പാക്കേജ് തന്നെ സൃഷ്ടിച്ചിട്ടുണ്ടെന്നോര്‍ക്കണം. പല റിസോര്‍ട്ടുകളും ഭൂമി കയ്യേറിയും മറ്റും അനധികൃത നിര്‍മ്മാണങ്ങളും നടത്തിയിട്ടുണ്ട്. പക്ഷെ മേപ്പാടിയിലെ മലകള്‍ മഴക്കാലത്ത് അതീവഗുരുതരമായ അപായകേന്ദ്രങ്ങളാണ് എന്ന കാര്യം മാത്രം ഈ ടൂറിസം ബ്രോഷറുകളില്‍ ഇല്ല.. ചായയിലോ കാപ്പിയിലോ മുക്കിയ ബണ്‍ പോലെയാണ് മേപ്പാടിയിലെ മലകള്‍ എന്നാണ് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരു അതിതീവ്രമഴ വന്നാല്‍ ആ മഴ പെയ്തിടുന്ന വെള്ളത്തിന് പൊട്ടിച്ചാടാന്‍ മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാക്കി മാത്രമേ കഴിയൂ.
പണ്ടൊക്കെ അതിന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാകുമ്പോഴാണ് അതിശക്തമായ മഴ ഉണ്ടാകുന്നതെങ്കില്‍ ഇപ്പോള്‍ മേഘ വിസ്ഫോടനം എന്ന അതിഭയങ്കരമായ പ്രകൃതി വിപത്താണ് പ്രശ്നമാകുന്നത്. മേഘം പൊട്ടിത്തെറിക്കുമ്പോള്‍ പുറത്തുവരുന്നത് ചിലപ്പോള്‍ ഒരു മാസം മുഴുവന്‍ പെയ്യുന്ന മഴ ഒരു മണിക്കൂറുകള്‍ കൊണ്ട് ലഭിക്കും. ഇത്തരത്തിലുള്ള മേഘവിസ്ഫോടനമാണ് മേപ്പാടിയിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടല്‍ ഉണ്ടാക്കിയത്.
മേപ്പാടിയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുടുങ്ങിയത് 300 ടൂറിസ്റ്റുകളാണ്. ഇവരെ സൈന്യം പിന്നീട് രക്ഷപ്പെടുത്തി. മുണ്ടക്കൈയിനെയും ചൂരല്‍മലയെയും ബന്ധിപ്പിക്കുന്ന പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയത്.
ഇപ്പോള്‍ ടൂറിസ്റ്റുകളുടെ മനസ്സില്‍ വയനാട് ഭീതിയുടെ ഒരു ചിത്രമാണ് വിതയ്‌ക്കുന്നത്. കുറഞ്ഞപക്ഷം അതിവര്‍ഷക്കാലത്തെങ്കിലും സന്ദര്‍ശിക്കുന്നതിന് മുന്‍പ് രണ്ടുവട്ടമെങ്കിലും ചിന്തിക്കേണ്ട ഒരിടം എന്ന ആപല്‍സൂചനയാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: