ന്യൂദൽഹി: വയനാട്ടിലെ മേപ്പാടിയിൽ ഉരുൾപൊട്ടൽ നടന്ന പ്രദേശം സന്ദർശിക്കുന്നതിനും മഹാദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെയും പരിക്കേറ്റ് ചികിത്സയിലിരിക്കുന്നവരെയും ആശ്വസിപ്പിക്കുന്നതിനുമായി ബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസ് ഇന്ന് കോഴിക്കോട്ടെത്തും. ദൽഹിയിലെത്തി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി ആശയവിനിമയം നടത്തിയശേഷമാണ് ഗവർണർ കേരളത്തിലെത്തുന്നത്.
കേരളത്തെ മാത്രമല്ല, ഭാരതത്തെയൊട്ടാകെ അതീവ ദുഃഖത്തിലാഴ്‌ത്തിയ മഹാദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്ന് ഡോ സിവിആനന്ദബോസ് പറഞ്ഞു. സമൂഹമനഃസാക്ഷിയെ പിടിച്ചുലച്ച ഈ പ്രകൃതി ദുരന്തത്തിൽ രക്തസാക്ഷികളായവർക്ക് അദ്ദേഹം ആത്മശാന്തി നേർന്നു. പരിക്കുകളോടെ രക്ഷപ്പെട്ടവരെയും കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെട്ടവരെയും പുനരധിവസിപ്പിക്കാൻ രാജ്യം ഒറ്റക്കെട്ടായി ഒപ്പമുണ്ടാവുമെന്ന് ബംഗാൾ ജനതയുടെ ദുഃഖം പങ്കുവെച്ചുള്ള കുറിപ്പിൽ അദ്ദേഹം പ്രത്യാശിച്ചു.
രക്ഷാപ്രവർത്തനത്തിൽ കേന്ദ്രഏജൻസികളുമായുള്ള ഏകോപനം സംബന്ധിച്ച് മന്ത്രി ജോർജ് കുര്യനുമായി അദ്ദേഹം കോഴിക്കോട്ട് ചർച്ച ചെയ്യും. രാത്രി പത്തുമണിയോടെ ആനന്ദബോസ് കോഴിക്കോടെത്തും. കേരളമുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ട് രക്ഷാദൗത്യത്തിൽ ബംഗാൾ ജനതയുടെ ഐക്യദാർഢ്യമറിയിച്ചു.
കേന്ദ്രസർക്കാരിൽ വരൾച്ചാദുരിതാശ്വാസ കമ്മീഷണറായിരിക്കെ എട്ടു സംസ്ഥാനങ്ങളിൽ ദുരന്തനിവാരണപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു ഡോ ആനന്ദബോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: