ഡൽഹി: വയനാട് ഉരുള്‍പൊട്ടൽ സാഹചര്യത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയുമാണ് പ്രഖ്യാപിച്ചത്. പിഎംഎന്‍ആര്‍എഫില്‍ നിന്നാണ് സഹായം പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെടുകയും സ്ഥിതിഗതികൾ ആരായുകയും ചെയ്തു. കേന്ദ്രത്തിന്റെ എല്ലാ സഹായവുമുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വയനാട്ടിലേക്ക് അയച്ചു. ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബെറ്റാലിയനിൽ നിന്നും ഒരു കമ്പനി ഉടൻ യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെട്ടത്.
പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുമായും ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായും കേന്ദ്ര മന്ത്രി ജോർജ് കുര്യനുമായും സംസാരിച്ചു. അതേസമയം, വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മൃതദേഹങ്ങൾ കണ്ടെത്തി.
മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. പ്രദേശത്തെ നിരവധികൾ വീടുകൾ കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളാർമല സ്‌കൂൾ പൂർണമായും തകർന്നിട്ടുണ്ട്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: