Kerala

വയനാട്ടിലെ ഉരുൾ പൊട്ടൽ: മരണം 19 ആയി , നിരവധി വീടുകൾ കാണാനില്ല, രക്ഷാപ്രവർത്തത്തിന് കൂടുതൽ സംഘം: കണ്‍ട്രോള്‍ റൂം തുറന്നു

Published by

കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മരണം 19 ആയി. ചൂരൽമലയിലെ നിരവധി വീടുകൾ കാണാനില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ചൂരൽമലയിലെ ചെറിയ പുഴ രണ്ടിരട്ടിയായാണ് ഒഴുകുന്നത് എന്നും എത്രപേർ അകപ്പെട്ടന്നോ രക്ഷപ്പെട്ടന്നോ അറിയാൻ കഴിയാത്ത സാഹചര്യമാണെന്നും ഇവർ പറയുന്നു. ഒരുപാട് വീടുകൾ ഒലിച്ചുപോയി.

പുലര്‍ച്ചെ ഒന്നരയ്‌ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. പ്രദേശത്തുനിന്ന് പത്തിലധികം മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരാള്‍ വിദേശിയെന്നാണ് റിപ്പോര്‍ട്ട്. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മലപ്പുറം പോത്തുകല്ലില്‍ ചാലിയാറിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തി.  മൃതദേഹങ്ങള്‍ ഇവിടെനിന്നും കണ്ടെത്തി.

പുഴയുടെ സൈഡിലുണ്ടായിരുന്നവ‍ർ മാറി ഉയ‍ർന്ന സ്ഥലത്തേക്ക് പോയവ‍ർ സേഫ് ആണ്. അവരെ ഇക്കരെ കടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചുരൽമലയിലുണ്ടായിരുന്ന പാലം പോയി. പാലത്തിനപ്പുറമുള്ളവ‍ർ കുടുങ്ങിക്കിടക്കുകയാണ്. ചൂരൽമല ടൗണിലടക്കം മുഴുവൻ ചെളി കയറിയ അവസ്ഥയിലാണ്. എത്രപേർ അകപ്പെട്ടന്നോ രക്ഷപ്പെട്ടന്നോ അറിയാൻ കഴിയാത്ത സാഹചര്യമാണ്. നിരവധി വീടുകൾ ഭാഗീകമായും മുഴുവനായും പോയി.

പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. 2019-ലെ പ്രളയകാലത്ത് നിരവധി പേര്‍ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇവിടം. ഇവിടത്തെ വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ മണ്ണിനടിയിലായി. സഹായം തേടി ആളുകളുടെ നിലവിളി കേട്ടാണ് പ്രദേശം ഉണര്‍ന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുന്‍പേ പലരും മണ്ണിനടിയിലായി.

ഉരുൾപൊട്ടൽ നടന്ന പ്രദേശത്തേത്ത് കൂടുതൽ ദുരന്തനിവാരണ സംഘത്തെ എത്തിക്കുമെന്ന് റവന്യൂമന്ത്രി മന്ത്രി കെ. രാജൻ. സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ നൽകരുതെന്നും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. പൊതുജനം ദുരന്ത സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണം. എത്ര പേർ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ല. മലയോര മേഖലകളിൽ യാത്ര ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by