നാവിന്‍ തുമ്പ് വരെ എത്തി അകന്നുപോകുന്ന വിഷമ സ്ഥിതിയാണ് ഒളിംപിക് മത്സരങ്ങളില്‍ നാലാം സ്ഥാനത്ത് പൂര്‍ത്തിയാക്കേണ്ടിവരികയെന്നത്. ഒളിംപിക്‌സ് വേദിയില്‍ ഏറ്റവും ഒടുവില്‍ ഈ വിഷമ ഘട്ടത്തിലൂടെ കടന്നുപോയ ഭാരത താരമാണ് ഷൂട്ടിങ്ങിലെ അര്‍ജുന്‍ ബബുറ്റ. വെങ്കല നേട്ടമാണ് ചെറിയ വ്യത്യാസത്തില്‍ കൈവിട്ടുപോകുന്നത്. പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലിന്റെ ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനം വരെ എത്തിയതായിരുന്നു അര്‍ജുന്‍. അവസാന റൗണ്ട് ശ്രമങ്ങളില്‍ ലക്ഷ്യം അകന്നുപോകുകയായിരുന്നു. ഒളിംപിക്‌സില്‍ 17-ാം തവണയാണ് ഭാരത താരം ഇത്തരത്തില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്. ഇപ്പോഴത്തെ ഭാരത ഒളിംപിക്‌സ് അസോസിയേഷന്‍(ഐ ഒ എ) പ്രസിഡന്റ് പി.ടി. ഉഷയും ഇതിഹാസ സ്പ്രിന്റര്‍ മില്‍ഖാ സിങ്ങും ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.
1920ലെ ആന്റ്വേര്‍പ്പ് ഒളിംപിക്‌സ് ഗുസ്തിയില്‍ നാലാം സ്ഥാനത്തേക്ക് വീണുപോയ രന്‍ധീര്‍ ഷിന്‍ഡെയില്‍ തുടങ്ങുന്നു ഈ കഥന നിരാശയുടെ ചരിത്രം. 1956 മെല്‍ബണ്‍ ഒളിംപിക്‌സില്‍ ഈ ദുര്യോഗം ഭാരതത്തിന്റെ പുരുഷ ഫുട്‌ബോള്‍ ടീമിനായിരുന്നു. അതിന് മുമ്പ് 1952ല്‍ ഗുസ്തിയില്‍ മത്സരിച്ച കേശവ് മാംഗാവെയും നാലാം സ്ഥാനക്കാരാനായാണ് ഫിനിഷ് ചെയ്തത്. ഭാരതമൊന്നാകെ ആറ്റുനോറ്റ് കാത്തിരുന്ന മെഡലായിരുന്നു 1960 റോം ഒളിംപിക്‌സില്‍ പറക്കും സിങ് എന്നറിയപ്പെടുന്ന മില്‍ഖാ സിങ്ങിന്റെ കുതിപ്പ്. പക്ഷെ നേരീയ വ്യത്യാസത്തില്‍ വെങ്കലം നഷ്ടപ്പെടുകയായിരുന്നു.
അര്‍ജുന്‍ ബബുറ്റയ്‌ക്ക് തൊട്ടുമുമ്പ് വെങ്കലം നഷ്ടപ്പെടുന്ന ഈ വേദന അറിഞ്ഞത് ടോക്കിയോ ഒളിംപിക്‌സില്‍ ഭാരതത്തിന്റെ വനിതാ ഹോക്കി ടീം ആണ്. 2016ലെ ടെന്നിസ് മിക്‌സഡ് ഇനത്തില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം, ടെന്നിസ് ഡബിള്‍സില്‍ ഏറെക്കാലം സ്ഥിരതയോടെ നിന്ന ലിയാണ്ടര്‍ പേയ്‌സ്-മഹേഷ് ഭൂപതി സഖ്യം 2004ലും നാലാം സ്ഥാനത്തേക്ക് വീണിരുന്നു.
1984 ലോസ് ഏഞ്ചല്‍സിലാണ് പി.ടി. ഉഷയ്‌ക്ക് ട്രാക്കില്‍ നിന്ന് വെങ്കല മെഡല്‍ നഷ്ടമായത്. ദിപ കര്‍മാകര്‍(2016-ജിംനാസ്റ്റിക്), അദിതി അശോക്(2020-ഗോള്‍ഫ്) തുടങ്ങിയവരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: