പാരീസ്: ഒളിംപിക്സ് ഹോക്കിയിലെ രണ്ടാം ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഭാരതത്തിന് ജയത്തോളം പോന്ന സമനില. മത്സരം തീരാന്‍ ഒരു മിനിറ്റ് ശേഷിക്കെ ഭാരത നായകന് ഹര്‍മന്‍പ്രീത് സിങ് നേടിയ ഗോളില്‍ കരുത്തരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ചു. ആദ്യ ഗോള്‍ വഴങ്ങിയ ഭാരതത്തിനായി മലയാളി താരം ശ്രീജേഷിന്റെ സേവുകള്‍ നിര്‍ണായകമായി.
മത്സരത്തിന്റെ 59-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കോര്‍ണറില്‍ നിന്നാണ് ഹര്‍മന്‍പ്രീത് സമനില ഗോള്‍ നേടിയത്. പൂള് ബിയില്‍ രണ്ടാം മത്സരത്തിനിറങ്ങിയ ഭാരതം 22-ാം മിനിറ്റില്‍ ഗോള്‍ വഴങ്ങി. അര്‍ജന്റീനയുടെ ലൂകാസ് മാര്‍ട്ടിനെസ് ആണ് ഗോളടിച്ചത്.
സമനിലയോടെ പൂള്‍ബിയില്‍ ഭാരതം മൂന്നാം സ്ഥാനത്തായി. നാല് പോയിന്റാണുള്ളത്. ബെല്‍ജിയവും ഓസ്ട്രേലിയയും ആണ് പൂള്‍ബിയില്‍ ഭാരതത്തിന് മുന്നിലുള്ളത്. പാരീസില്‍ ശനിയാഴ്ച ആദ്യ മത്സരത്തിനിറങ്ങിയ ഭാരതം ന്യൂസിലന്‍ഡിനെ 3-2ന് തോല്‍പ്പിച്ചിരുന്നു.
ഇന്നലെ അര്‍ജന്റീനയ്ക്കെതിരെ മികച്ച നിയന്ത്രണം ഏറ്റെടുത്തുകൊണ്ട് തുടങ്ങാന്‍ ഭാരത്തിന് സാധിച്ചു. പത്താം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഓണ്‍ ടാര്‍ജറ്റ് ഷോട്ട് ഉതിര്‍ത്തത് ഭാരതമാണ്. പത്താം മിനിറ്റില്‍ സഞ്ജയ് തൊടുത്ത ഈ ഷോട്ട് അര്‍ജന്റീന ഗോള്‍ കീപ്പര്‍ തോമസ് സാന്റിയാഗോ തടുത്തിടുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ നടത്തിയ മുന്നേറ്റം പെനല്‍റ്റി കോര്‍ണറില്‍ കലാശിച്ചു. അഭിശഷേക് ഗോളിനെ ലക്ഷ്യാക്കി തൊടുത്തെങ്കിലും പോസ്റ്റില്‍ തട്ടി തെറിച്ചു.
അധികം വൈകാതെ ഭാരത ഗോള്‍പോസ്റ്റും പരീക്ഷിക്കപ്പട്ടു. പരിചയ സമ്പന്നനായ ഗോള്‍ കീപ്പര്‍ പി.ആര്. ശ്രീജേഷ് നടത്തിയ സേവ് ഭാരതത്തിന് രക്ഷയായി. പിന്നീട് അര്‍ജന്റീന നിരന്തരം മുന്നേറിക്കൊണ്ടിരുന്നു. ഒടുവില്‍ 22-ാം മിനിറ്റിലെ ഗോളില്‍ കലാശിച്ചു.
മത്സരം മൂന്നാം ക്വാര്‍ട്ടറിലേക്ക് കടന്നതോടെ ഭാരതം സമ്പൂര്‍ണ പ്രതിരോധത്തിലായി. അര്‍ജന്റൈന്‍ മുന്നേറ്റങ്ങളെ അതിജീവിച്ച് ഭാരത ടീം നാലാം ക്വാര്‍ട്ടറിലാണ് തിരിച്ചടിക്കായി ഉണര്‍ന്നു പ്രയത്നിച്ചത്. ഒടുവില്‍ സമനില ഗോള്‍ കണ്ടെത്തി ആശ്വാസപ്പെട്ടു.
ഇന്ന് നടക്കുന്ന പൂള്ബിയിലെ മത്സരത്തില്‍ ഭാരതത്തിന് അയര്‍ലന്‍ഡ് ആണ് എതിരാളികള്‍. ഓസ്ട്രേലിയയും ബെല്‍ജിയവും ആണ് പൂള്‍ബിയില്‍ ഭാരതത്തിന്റെ മറ്റ് എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: