പാരീസ്: ഒളിംപിക്സ് ബാഡ്മിന്റണിലെ രണ്ടാം ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ജയം സ്വന്തമാക്കി ഭാരതത്തിന്റെ പുരുഷ സിംഗിള്‍സ് താരം ലക്ഷ്യ സെന്‍. ഇന്നലെ നടന്ന മത്സരത്തില്‍ ബെല്‍ജിയത്തിന്റെ ജൂലിയന്‍ കറാഗിയെ ആണ് ലക്ഷ്യ തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു താരത്തിന്റെ വിജയം. ആദ്യ മത്സരത്തിലും ഗ്വാട്ടിമാല താരം കെവിന് കോര്ഡോനെ നേരിട്ടുള്ള ഗെയിമിനാണ് ലക്ഷ്യ തകര്‍ത്തത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്തോനേഷ്യയുടെ ജോനാതന് ക്രിസ്റ്റി ആണ് ലക്ഷ്യയുടെ മൂന്നാം മത്സര എതിരാളി.
ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഭാരതത്തിന്റെ സാത്വിക്സായിരാജ് റെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറില്‍ കടന്നു. ഇന്നലത്തെ രണ്ടാം മത്സരത്തില്‍ നിന്നും ഇവരുടെ ജര്‍മന്‍ എതിരാളികള്‍ പിന്മാറിയതോടെ ലഭിച്ച പോയിന്റിനെ തുടര്‍ന്നാണ് സഖ്യം മുന്നേറിയത്. ജര്‍മനിയുടെ മാര്വിന് സീഡെലും മാര്‍ക് ലാംസ്ഫുബും ആണ് പിന്മാറിയത്. ഇതിനൊപ്പം ഇന്തോനേഷ്യന്‍ സഖ്യം ഫ്രഞ്ച് സഖ്യത്തെ തോല്‍പ്പിച്ചതും ഭാരതത്തിന് ക്വാര്‍ട്ടറിലേക്ക് വേഗത്തില്‍ മുന്നേറാന്‍ തുണയായി.
അമ്പെയ്ത്തില്‍ ഭാരതത്തിന്റെ പുരുഷ ടീം പരാജയപ്പെട്ട് പുറത്തായി. ധീരജ് ബൊമ്മദേവര, തരുണ്‍ ദീപ് റായ്, പ്രവീണ്‍ ജാധവ് എന്നിവരാണ് തുര്‍ക്കി ടീമിനോട് മത്സരിച്ച് പരാജയപ്പെട്ടത്. സ്കോര്‍ 2-6നായിരുന്നു തോല്‍വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: