നിലമ്പൂര്‍/മഞ്ചേരി: യെല്ലോ അലര്‍ട്ട് പ്രവചിച്ചിരുന്ന മലപ്പുറത്ത് പെയ്ത കനത്ത മഴയില്‍ നിലമ്പൂരും മഞ്ചേരിയിലും അന്തര്‍ സംസ്ഥാന പതയില്‍ ഉള്‍പ്പടെ ഗതാഗതം തടസപ്പെട്ടു. വ്യാപകമായി മരങ്ങള്‍ കടപുഴകുകയും വൈദ്യുതി പോസ്റ്റുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി.
കനത്തമഴയില്‍ നിലമ്പൂര്‍ സിഎന്‍ജി റോഡില്‍ വെളിയംതോട് ഭാഗത്ത് വെള്ളം കയറി വാഹനഗതാഗതം തടസപ്പെട്ടു. നിലമ്പൂര്‍ നഗരസഭയുടെ സമയോചിതമായ ഇടപെടല്‍ മൂലം തടസ്സങ്ങള്‍ ഒഴിവാക്കി ഗതാഗതം പുനസ്ഥാപിച്ചു. ഇവിടെ മഴക്കാലമായാല്‍ വെള്ളക്കെട്ടുമൂലം ഗതാഗതം തടസപ്പെടുന്നത് പതിവാണ്. നഗരസഭയുടെ നേതൃത്വത്തില്‍ തോടിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് തോടിന്റെ വീതികൂട്ടിയിട്ടും വെള്ളക്കെട്ടിന് പരിഹാരമുണ്ടായില്ല.
ശക്തമായ മഴയില്‍ മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. മഞ്ചേരി മേലാക്കം പാണിക്കാട്ട് റോഡ് ബൈപ്പാസിലാണ് വെള്ളം കയറിയത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നവഴി ആയതിനാല്‍ വാഹനഗതാഗതം തടസപ്പെട്ടു. തൊട്ടടുത്തെ സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. മഴക്കാലപൂര്‍വ്വ ശുചീകരണം നടക്കാതായതോടെ തോടുകളിലും ഓടകളിലും എല്ലാം തന്നെ മാലിന്യംകൊണ്ട് നിറഞ്ഞ സ്ഥിതിയാണ്.
ശക്തമായ മഴയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു അപകടവും ഉണ്ടായി. തൃക്കലങ്ങോട് 32ല്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
ഇന്നലെ രാവിലെ 10നാണ് അപകടം. മഞ്ചേരിയില്‍ നിന്ന് നിലമ്പൂര്‍ ഭാഗത്ത് പോവുകയായിരുന്നു ബസും എതിര്‍ദിശയില്‍ വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. കാര്‍ യാത്രക്കാരന് നിസ്സാരമായി പരിക്കേറ്റു. സ്ഥിരം അപകട മേഖലയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: