ന്യൂദല്‍ഹി: ഉക്രൈനെതിരെ റഷ്യക്കുവേണ്ടി യുദ്ധത്തില്‍ പങ്കെടുത്ത ഭാരതീയന് കൊല്ലപ്പെട്ടു. ഹരിയാന കൈത്താല്‍ സ്വദേശി രവി മൗണ് (22) ആണ് കൊല്ലപ്പെട്ടത്. ജോലി തേടി റഷ്യയില്‍ എത്തിയ ഇയാളെ സൈന്യത്തിന്റെ ഭാഗമാക്കുകയായിരുന്നു. നിര്‍ബന്ധിതമായി ഇത്തരത്തില്‍ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ക്കപ്പെട്ട ഭാരതീയരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തിവരികയായിരുന്നു. ഇവരെ തിരിച്ചയക്കാന്‍ റഷ്യയും അനുമതി നല്‍കിയതിന് പിന്നാലെയാണ് രവി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
മോസ്കോയിലെ ഭാരതത്തിന്റെ എംബസി മരണം സ്ഥിരീകരിച്ചതായി സഹോദരന് അജയ് മൗണ് അറിയിച്ചു. ഏജന്റ് മുഖേന ജനുവരി 13ന് ജോലി തേടി റഷ്യയിലേക്ക് പോയതാണ് രവി. അവിടെ എത്തിയശേഷം റഷ്യന്‍ സൈന്യം ഭീഷണിപ്പെടുത്തി യുദ്ധമുഖത്തേക്ക് അയച്ചെന്നാണ് രവി കുടുംബത്തെ അറിയിച്ചത്. സഹോദരനെക്കുറിച്ച് വിവരമൊന്നും ഇല്ലാതായതോടെ ജൂലായ് 21ന് അജയ് ഭാരത എംബസിക്ക് കത്തയച്ചു. അപ്പോഴാണ് മരണവിവരം അറിയുന്നത്. മാര്‍ച്ച് 12 വരെ രവിയുമായി ബന്ധപ്പെട്ടിരുന്നെന്നും അജയ് പറഞ്ഞു. ഉക്രൈനുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഭാരതീയനാണ് രവി.
റഷ്യയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മൃതദേഹം തിരിച്ചറിയാന്‍ നാട്ടിലെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രവിയുടെ മരണം സ്ഥിരീകരിക്കാനും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അജയ് പ്രധാനമന്ത്രിയോടും ഭാരത എംബസിയോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേരളത്തിലും സമാനരീതിയില്‍ യുവാക്കള്‍ തട്ടിപ്പിന് ഇരയായിരുന്നു. സുരക്ഷാ ജോലിക്കെന്ന് പറഞ്ഞ് റഷ്യയില്‍ എത്തിയ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ മൂന്നു യുവാക്കളും ഇത്തരത്തില്‍ സൈന്യത്തില്‍ ചേര്‍ന്നിരുന്നു. യുദ്ധമേഖലയില്‍ കുടുങ്ങിയ ഭാരതീയരെ വിട്ടയക്കണമെന്ന് റഷ്യന്‍ അധികൃതരോട് ഭാരതം ആവശ്യപ്പെട്ടിരുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിച്ചപ്പോള്‍ വഌദിമീര്‍ പുടിനുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ഇവരെ മോചിപ്പിച്ച് തിരികെ നാട്ടിലേക്ക് അയക്കുമെന്ന് റഷ്യ ഉറപ്പും നല്‍കിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: